Enter your Email Address to subscribe to our newsletters

New delhi, 11 മെയ് (H.S.)
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്. കേരളത്തിലെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാവായ തനിക്ക് അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ മികച്ച വിജയം കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടി അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ തന്റെ ഭാഗം അദ്ദേഹം ശക്തമായി വാദിച്ചു. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിലവിലെ അധ്യക്ഷന്‍ മന്ത്രിസഭയിലേക്ക് മാറുകയാണെങ്കില്‍ പദവി ഒഴിവു വരുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കളുടെ നീക്കം.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനും മന്ത്രിസഭാ രൂപീകരണത്തിനും ശേഷമായിരിക്കും കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന നിലപാടിലാണ് എഐസിസി നേതൃത്വം. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ഭരണകൂടം നിലവില്‍ വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനായി ഗ്രൂപ്പുകള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വടംവലി ആരംഭിച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S