Enter your Email Address to subscribe to our newsletters

New delhi, 11 മെയ് (H.S.)
കൊവിഡിന് ശേഷമുള്ള ആഗോള സാഹചര്യങ്ങളും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും കാരണം ലോകവ്യാപകമായി വിതരണ ശൃംഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര തലത്തില്‍ പെട്രോള്‍, ഡീസല്‍, രാസവളം എന്നിവയുടെ വില കുതിച്ചുയരുകയാണെന്ന് സെക്കന്ദരാബാദ് പരേഡ് ഗ്രൗണ്ടില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ അയല്‍രാജ്യങ്ങളിലടക്കം ഇന്ധനവില വര്‍ധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇതിന്റെ ഭാരം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി. വിഭവങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കടുത്ത സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം ജനങ്ങള്‍ പരമാവധി കുറയ്‌ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. വ്യക്തിഗത വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. റെയില്‍വേയില്‍ ഡീസലിന്റെ ഉപയോഗം വലിയ തോതില്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം രാജ്യത്ത് ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ഇന്ധന ഉപഭോഗം കുറയുന്നതിലൂടെ വന്‍തോതില്‍ വിദേശനാണ്യം ലാഭിക്കാന്‍ രാജ്യത്തിന് സാധിക്കും.
പാചക ആവശ്യങ്ങള്‍ക്കുള്ള എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്താനും ഇറക്കുമതി കുറച്ച് ഇതില്‍ സ്വയം പര്യാപ്തത കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറച്ച് മണ്ണിന്റെ സ്വാഭാവിക പോഷകങ്ങള്‍ നിലനിര്‍ത്താന്‍ കര്‍ഷകര്‍ തയാറാകണം. ലോകത്തെ പല രാജ്യങ്ങളിലും ഒരു ചാക്ക് യൂറിയയ്ക്ക് 3000 രൂപയ്ക്ക് മുകളില്‍ വില നല്‍കുമ്പോള്‍ ഇന്ത്യയില്‍ അത് 300 രൂപയില്‍ താഴെ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ കാരണം സ്വര്‍ണവില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ജനങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങുന്നത് പരമാവധി പരിമിതപ്പെടുത്തണം. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയുകയും ഇത് രാജ്യത്തിന് വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനൊപ്പം വിദേശത്തേക്കുള്ള വിനോദയാത്രകളും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളും ജനങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S