Enter your Email Address to subscribe to our newsletters

New delhi, 11 മെയ് (H.S.)
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. പൗരന്മാരോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ട ഭരണാധികാരിയാണ്. സര്‍ക്കാരിന്റെ നയപരമായ പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഭരണപരാജയത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനങ്ങളോട് ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ ആഡംബര യാത്രകള്‍ തുടരുമ്പോള്‍ സാധാരണക്കാരോട് മാത്രം നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെ.സി. വേണുഗോപാലും ആരോപിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ പൗരന്മാരുടെ കൂട്ടുത്തരവാദിത്വം വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. വിദേശയാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, പെട്രോള്‍-ഡീസല്‍ ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക എന്നിവയാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. കൂടാതെ, സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കാനും, കഴിയുന്നത്ര മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം രീതി വീണ്ടും നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇത് വ്യാപകമായ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞത്. അതേസമയം പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ധനലഭ്യതയെയും വിലക്കയറ്റത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S