Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 മെയ് (H.S.)
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിന് 207 വയസാകുന്നു. പ്രതിപക്ഷ നേതാവാകുമെന്ന് ഏറെക്കുറെ ഉറപ്പായ പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറിയതോടെ, കൊളോണിയൽ മാതൃകയിലുള്ള പൈതൃക കെട്ടിടമായ കൻ്റോൺമെൻ്റ് ഹൗസ് വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.
1819ൽ ബ്രിട്ടീഷ് സൈനിക മേധാവിക്ക് താമസിക്കാനായി നിർമിച്ച കെട്ടിടം കേരളപ്പിറവിക്ക് ശേഷം സർക്കാർ ഏറ്റെടുക്കുകയായിരുന്നു. മൂന്നു കിടപ്പുമുറികൾ മാത്രമുള്ള കെട്ടിടം, മുഴുവൻ സമയതാമസത്തിനായി തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കളും വളരെ കുറവാണ്. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്തൻകോടുള്ള ക്ലിഫ് ഹൗസ് നിർമ്മിച്ചിട്ട് 84 വർഷമാകുന്നു.
കൻ്റോൺമെൻ്റ് ഹൗസ് നിർമ്മിച്ചത് ബ്രിട്ടീഷ് സൈനിക മേധാവിക്കായി
1805ലാണ് തിരുവിതാംകുർ പട്ടാളത്തെ പിരിച്ചുവിട്ട് ബ്രീട്ടീഷ് സൈന്യം ഭരണമേറ്റെടുത്തത്. കൊല്ലത്തും തിരുവനന്തപുരത്തുമായാണ് സൈന്യം തമ്പടിച്ചത്. തിരുവനന്തപുരം നഗരത്തെ ഭൂമിശാസ്ത്രപരമായ വിഭജിച്ച ബ്രിട്ടീഷ് സൈന്യം പാളയം മുതൽ വടക്കോട്ടുള്ള പ്രദേശത്താണ് താമസമുറപ്പിച്ചത്. തിരുവനന്തപുരത്തെ സൈനിക മേധാവിക്കായി പാളയത്തിന് സമീപം നിർമ്മാണം ആരംഭിച്ച കൻ്റോൺമെൻ്റ് ഹൗസ് 1819ലാണ് പൂർത്തിയായെതന്ന് ചരിത്രകാരനായ എംജി ശശി ഭൂഷൺ പറഞ്ഞു. കൊളോണിയൽ ബംഗ്ലാവ് ശൈലിയിൽ വിശാലമായ ലേഔട്ടുകളും ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് വസതികളുടെ ഉയർന്ന മേൽത്തട്ടുകളും തറയോടുകളുമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കേരള ചരിത്രമുറങ്ങുന്ന കെട്ടിടമാണ് കൻ്റോൺമെൻ്റ് ഹൗസെന്നും എംജി ശശിഭൂഷൺ പറഞ്ഞു.
മൂന്നു മുറികൾ മാത്രം
മൂന്നു കിടപ്പുമുറികളും മൂന്നു ഹാളുകളുമുള്ള ഒറ്റനില കെട്ടിടത്തിനു ചുറ്റും വിശാലമായ വരാന്തയുമുണ്ട്. മുന്നിലുള്ള മെയിൻ ബ്ലോക്കിൽ രണ്ടു ഹാളുകൾ മാത്രമാണുള്ളത്. പുറകിലുള്ള കെട്ടിടത്തിലാണ് കിടപ്പുമുറികളും ഒരു ഹാളുമുള്ളത്. വർഷങ്ങളായി നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി വരാന്ത വേർതിരിച്ച് ഇപ്പോൾ നാലു മുറികളാക്കി മാറ്റി. കെട്ടിടത്തിനു മുന്നിലായി വിരമിച്ച സൈനികർക്കു വേണ്ടി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുന്ന വർക്ക്ഷോപ്പ് മുൻപ് ഉണ്ടായിരുന്നു. വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് (2001- 2006) കൻ്റോൺമെൻ്റ് ഹൗസിൻ്റെ പൈതൃകഘടന നിലനിർത്തിക്കൊണ്ട് നവീകരണം നടത്തി. അറ്റകുറ്റപ്പണികൾക്കും ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ 79.82 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
കേരള രാഷ്ട്രീയം നിർണയിക്കപ്പെട്ട കൻ്റോൺമെൻ്റ് വരാന്ത
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാരത്തിലെത്തുന്ന സർക്കാരിൻ്റെ പ്രതിപക്ഷ നേതാവിനുള്ള ഔദ്യോഗിക വസതിയായി കൻ്റോൺമെൻ്റ് ഹൗസ് തെരഞ്ഞെടുക്കപ്പെട്ടു. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖനേതാക്കളാണ് കൻ്റോൺമെൻ്റ് ഹൗസിൽ താമസക്കാരായത്. സി കേശവൻ, പികെ കുഞ്ഞ്, സി അച്യുത മേനോൻ, കെ കരുണാകരൻ തുടങ്ങി നിരവധിപേർ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത് കൻ്റോൺമെൻ്റ് ഹൗസിലെ വരാന്തയിൽ ഇരുന്നാണ്. പ്രതിപക്ഷ നേതാവിനു പുറമെ മുഖ്യമന്ത്രിയുടെ വസതിയായും കൻ്റോൺമെൻ്റ് ഹൗസ് മാറിയിട്ടുണ്ട്. 1980ൽ ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ വീട് വസതിയായി ഉപയോഗിച്ചത്.ദിവാൻ പേഷ്കാർക്കു വേണ്ടി നിർമ്മിച്ച ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രിമാർ
കേരള സംസ്ഥാന പിറവിക്കു ശേഷം ആദ്യം മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗം പേരും താമസിച്ചിരുന്നത് ക്ലിഫ് ഹൗസിലാണ്. ദേവസ്വം വകുപ്പിൻ്റെ ചാർജുണ്ടായിരുന്ന ദിവാൻ പേഷ്കാർക്കു താമസിക്കാൻ തിരുവിതാംകൂർ രാജഭരണകാലത്ത് 1939 ൽ ആണു ക്ലിഫ് ഹൗസിൻ്റെ നിർമാണം ആരംഭിച്ചത്. 1942ൽ ക്ലിഫ് ഹൗസിൻ്റെ പണി പൂർത്തിയായതായാണ് സർക്കാർ രേഖകളിലുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് എക്സൈസ് കമ്മിഷണർ ഈ വസതിയിൽ താമസിച്ചിരുന്നു. മഹാത്മാഗാന്ധിയും ഈ കെട്ടിടത്തിൽ താമസിച്ചിട്ടുണ്ട്. സ്വാതന്ത്യ്രലബ്ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു. 1957 മുതൽ കെട്ടിടം മുഖ്യമന്ത്രിമാരുടെ വസതിയായി.
ഒൻപത് കിടപ്പുമുറികളുമായി വിശാലമായ സൗകര്യം
തിരുവനന്തപുരം നന്തൻകോടുള്ള ക്ലിഫ് ഹൗസിന് 15,000 ചതുരശ്ര അടിയാണ് വലുപ്പം. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് വളപ്പ്. ഇതിനുള്ളിൽ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്. കേരളീയ വാസ്തുശിൽപരീതിയും കൊളോണിയൽ ഇംഗ്ലീഷ് വാസ്തുശിൽപരീതിയും സംയോജിപ്പിച്ചതാണു മന്ദിരത്തിൻ്റെ രൂപകൽപന. ഏഴ് കിടപ്പുമുറികളും ഉദ്യോഗസ്ഥർക്ക് പ്രത്യേക വാസസ്ഥലങ്ങളും ഇവിടെയുണ്ട്. ക്ലിഫ് ഹൗസിനുള്ളിൽ ഒരു കോൺഫറൻസ് മുറി സജ്ജമാക്കിയിട്ടുണ്ട്. വീടിന് വലിയ നാലു വരാന്തകളുണ്ട്. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി രണ്ട് സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിൻ്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിംഗ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറുവശത്ത് മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്.നീന്തൽക്കുളവും കാലിത്തൊഴുത്തുമായി എന്നും വിവാദ കേന്ദ്രം
താൻ താമസിക്കുന്ന ക്ലിഫ് ഹൗസിൽ എത്ര മുറികളുണ്ടെന്ന് മകന് അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശമാണ് ക്ലിഫ് ഹൗസിനെ അടുത്തിടെ ശ്രദ്ധാകേന്ദ്രമാക്കിയത്. കെ കരുണാകരനായി നീന്തൽക്കുളം നിർമിച്ചത് ഏറെ ചർച്ചയായിരുന്നു. കെ കരുണാകരൻ്റെ കാലത്തു നിർമിച്ച കുളത്തിൽ തൻ്റെ പട്ടി ടോമിയെ കുളിപ്പിക്കും എന്നായിരുന്നു ഇകെ നായനാർ പറഞ്ഞത്. മുഖ്യമന്ത്രിയായി ആദ്യം ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ ടോമിയെ നീന്തൽക്കുളം കാണിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
കെ കരുണാകരൻ്റെ ഭരണകാലത്ത് അദ്ദേഹത്തിൻ്റെ ഭാര്യ കല്യാണി തങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി പച്ചക്കറിത്തോട്ടം പരിപാലിച്ചിരുന്നു. എകെ ആൻ്റണി മുഖ്യമന്ത്രിയായിരുന്ന വാഴത്തോട്ടമായിരുന്നു പ്രധാനം. പിണറായി വിജയൻ 40 ലക്ഷം രൂപയോളം ചെലവിട്ടാണ് ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിച്ചത്. ഇപ്പോൾ ഒഴിഞ്ഞപ്പോൾ കന്നുകാലികളെ കെഎൽഡി ബോർഡ് ഏറ്റെടുക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR