Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 മെയ് (H.S.)
തിരുവനന്തപുരം : വി ഡി ആയാലും കെ സി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്‌ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാൻ സാധിക്കൂ എന്നതാണ് കോൺഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്.
മൂന്നുപേരിൽ ജമാ അത്ത് ഇസ്ലാമി അമീറിന്റെ ശരിക്കുള്ള അടിമ ആരാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡ്. മുസ്ലിം ലീഗ് ഭാസ്കര പട്ടേലരും കോൺഗ്രസ് തൊമ്മിയുമായി മാറിക്കഴിഞ്ഞു. ഇതിനല്ല മതേതര കേരളം കോൺഗ്രസ് മുന്നണിക്ക് വോട്ട് ചെയ്തത്.
കർണാടകയിൽ നിന്നുള്ള ഒരു മുസ്ലിം മന്ത്രി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വന്നത് ഏറെ ദുരൂഹമാണ്. ഷാഫി പറമ്പിലിന്റെ കൂറുമാറ്റവും കർണാടക മന്ത്രിയുടെ സന്ദർശനവുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയാണെന്നന്നും അഡ്വ എസ് സുരേഷ് ആരോപിച്ചു.
മുസ്ലിം ലീഗാണ് കേരളത്തിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കാൻ ഒരുങ്ങിനിൽക്കുന്നത്. മുസ്ലിം ലീഗിന്റെയും എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ടുകൊണ്ട് മാത്രമല്ല നിങ്ങൾ അധികാരത്തിൽ എത്തിയതെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നു. സുരേഷ് പറഞ്ഞു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് ദിവസം പിന്നിട്ടിരിക്കുകയാണ്. സ്വപ്നതുല്യമായ ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല.
മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്ക് പടർന്നിരിക്കുന്നു. ഫ്ലക്സ് ബോർഡ് യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നു. ചില എംഎൽഎമാർക്ക് മലബാർ മേഖലയിൽ കാലുകുത്താൻ പറ്റാത്ത സാഹചര്യമാണ്. ഇത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
ഇടതുപക്ഷം മാറി വലതുപക്ഷം വന്നതുകൊണ്ട് ഗുണമൊന്നുമില്ലെന്ന് ബിജെപി നേരത്തെ പറഞ്ഞത് ശരിയാണെന്ന് ഈ ദിവസങ്ങൾ തെളിയിക്കുന്നു.
സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാഠപുസ്തകങ്ങൾ തയ്യാറായിട്ടില്ല, സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു. മഴക്കാല രോഗങ്ങൾ പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങൾ താറുമാറായി കിടക്കുകയാണ്. പിഎം ശ്രീ (PM SHRI) പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 440 കോടി രൂപ നഷ്ടമാകുന്ന അവസ്ഥയാണെന്നും സുരേഷ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ യുഡിഎഫുകാർ ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുന്നു. ആടിനെ പൊതുനിരത്തിൽ കഴുത്തറുത്ത് കൊല്ലുകയും ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ ബോംബ് വെച്ച് തകർക്കുകയും ചെയ്യുന്നു. ഇത് താലിബാൻ മോഡൽ അക്രമമാണ്. കൂടാതെ, മഞ്ചേശ്വരത്തും കാസർകോടും ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും ലീഗും ഒത്തുകളിച്ച് വോട്ട് മറിച്ചുവെന്ന് ഐഎൻഎൽ (INL) നേതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയനും പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S