Enter your Email Address to subscribe to our newsletters

Kozhikode , 12 മെയ് (H.S.)
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സമസ്ത. സുപ്രഭാതം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് 'ജനവിധിയെ അപഹസിക്കരുത്' എന്ന തലക്കെട്ടോടെ വിമർശനം ഉയർത്തിയത്. വിജയിച്ച മുന്നണിയെ നയിക്കുന്ന പാർട്ടിയിലെ തർക്കങ്ങളും വിവാദങ്ങളും ജനങ്ങളോടുള്ള പരിഹാസവും വെല്ലുവിളിയും ആണ്. ജനങ്ങൾ അന്ധഭക്തരോ അടിമകളോ ഉദാസീനരോ ആണെന്ന് ധരിക്കുന്നത് അവിവേകം മാത്രമല്ല, സ്വയം കുഴിതോണ്ടലാണെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൻ്റെ ലേഖനത്തില് വിമര്ശിക്കുന്നു.
എൽ.ഡി.എഫിനെ കൈവിട്ട് ജനം യു.ഡി.എഫിനെ പിന്തുണച്ചതിന് കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. അതാവട്ടെ, യു.ഡി.എഫിനോടുള്ള ആശയാഭിമുഖ്യം, വിശ്വാസ്യത, വാഗ്ദാനങ്ങളിലെ ആകർഷകത എന്നിവയ്ക്കൊക്കെ അപ്പുറം, കേരളം ഭരിച്ചവരോടുള്ള കടുത്ത പ്രതിഷേധം കൂടിയാണ്. അങ്ങനെ സഹികെട്ട് ഭരണമാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുതെന്നും സമസ്ത ഓർമ്മിപ്പിച്ചു
ലേഖനത്തിൻ്റെ മുഴുവൻ രൂപം
ജനാധിപത്യത്തിൽ യജമാനന്മാർ ജനങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കേൾക്കുന്ന വാ പാട്ടോ! അധികാര പദവിയെന്ന പരകായ പ്രവേശത്തിലേക്കുള്ള വഴി മാത്രമാണ് പലർക്കും ജനങ്ങൾ, പദവിയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടാൽ പിന്നെ ജനങ്ങൾ തങ്ങളുടെ അടിമകളാണെന്ന മനോഭാവം ചിന്തയിലും പ്രവൃത്തിയിലും പടരുന്നു. അവസരം കിട്ടുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും പൊതുജനം കഴുതയെന്ന് പറയാൻ രാഷ്ട്രീയ നേതാക്കളിലെ ബഹുഭൂരിപക്ഷവും തെല്ലും മടികാട്ടാറില്ല. ജയിപ്പിച്ച ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത സമീപനം പിന്തുടരുന്ന പാർട്ടികൾ രാജ്യത്തുണ്ട്. അക്കാര്യത്തിൽ കോൺഗ്രസും ഒട്ടും പിന്നിലല്ലെന്നാണ് പിന്നിട്ട ദിവസങ്ങളിലെ വർത്തമാനങ്ങൾ ബോധ്യപ്പെടുത്തുന്നത്.
പത്താണ്ട് കാലം തങ്ങളെ ഭരിച്ച ഒരുഭരണകൂടത്തെ പുറന്തള്ളി പകരം കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണിക്ക് കേരളജനത ചരിത്രവിജയം സമ്മാനിച്ചു. എന്നാൽ, ജനവിധിയുടെ വിശാലമായ അർഥവും ബാധ്യതയും ഉൾക്കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതിന് പകരം, നിഴലാട്ടങ്ങളിൽ അഭിരമിക്കുകയാണ് കോൺഗ്രസ് ഇപ്പോഴും. ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ലാഘവത്തോടെ ആയിരിക്കണമെന്ന് ആരും കരുതുന്നില്ല. അങ്ങനെയാവുകയും അരുത്. അടച്ചിട്ട മുറിയിലെ ചർച്ചകളോ കേവല വ്യക്തിയിൽ കേന്ദ്രീകരിച്ച തീരുമാനങ്ങൾ അടിച്ചേൽപ്പിക്കലോ വേണമെന്നല്ല. അതൊക്കെ ജനാധിപത്യത്തിൻ്റെ സത്തയ്ക്ക് എതിരാണെന്ന ബോധവും എല്ലാർക്കുമുണ്ട്. ജനാധിപത്യമാർഗത്തിലൂടെ, കൂടിയാലോചനകളിലൂടെ തന്നെയാണ് അത് പ്രാവർത്തികമാക്കേണ്ടത്.
എന്നാലിവിടെ, ജനം തെരഞ്ഞെടുത്ത 102 എം.എൽ.എമാർക്കോ അവരെ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ ഇത്രയും കൂലങ്കഷമായ ചർച്ചകൾക്കൊടുവിലും കഴിയാതെപോകുന്നു എന്നത് തീർത്തും അമ്പരപ്പിക്കുന്ന കൊള്ളരുതായ്മയാണെന്നു തന്നെ വേണം പറയാൻ. ഇവിടെ ഒരു തീരുമാനത്തിലേക്ക് എത്താനുള്ള കാലതാമസം സൃഷ്ടിക്കുന്ന തർക്കങ്ങളും വിവാദങ്ങളും ജനങ്ങളോടുള്ള പരിഹാസവും വെല്ലുവിളിയും ആണെന്ന് പറായതെ വയ്യ.
കോൺഗ്രസിൽ ഇങ്ങനെയാണ് കാര്യങ്ങൾ എന്ന സാമാന്യവൽക്കരണംകൊണ്ട് ന്യായീകരിക്കാവുന്നതല്ല, മുഖ്യമന്ത്രി നിർണയത്തിലെ കാലതാമസവും അതുളവാക്കുന്നഅനിശ്ചിതത്വവും. കേരളത്തിൽ യു.ഡി.എഫിന് ചരിത്രവിജയം ലഭിച്ചത് അവരുടെ സംഘടനാശേഷികൊണ്ടും സ്വാധീനം കൊണ്ടും മാത്രമല്ലെന്ന് മറ്റാരേക്കാൾ അവർക്കറിയാം. കോൺഗ്രസ് 63 ഇടത്ത് വിജയിച്ചതും മറ്റിടങ്ങളിൽ സഖ്യകക്ഷികൾ ജയിച്ചുവന്നതും ആ പാർട്ടിക്കാരുടെ വോട്ടുകൊണ്ടുമാത്രമല്ല. എല്ലാ പാർട്ടികളിലും പെട്ടവരും അതിലൊന്നും പെടാത്തവരുമായ ജനങ്ങളുടെ ഭാഗധേയമാണ്. ഭരണത്തിലിരുന്ന സർക്കാരിനെതിരായ കടുത്ത ജനരോഷമാണ് യു.ഡി.എഫിന് അനുകൂലമായ വോട്ടൊഴുക്കായി മാറിയത്. അതിൽ ഇടതുപാർട്ടികളിലെ അണികളും എന്തിന് അവരുടെ സജീവ പ്രവർത്തകർ തന്നെയുമുണ്ട്. അവരെ വിസ്മരിച്ചുള്ള നാടകങ്ങളാണ് ഇപ്പോൾ അരങ്ങുവാഴുന്നത്. ജനങ്ങൾ അന്ധഭക്തരോ അടിമകളോ ഉദാസീനരോ ആണെന്ന് ധരിക്കുന്നത് അവിവേകം മാത്രമല്ല, സ്വയം കുഴിതോണ്ടലാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എന്തിനാണ് ഇത്രയും കാലതാമസമെന്ന് ചോദിക്കുന്നവർ എതിരാളികൾ മാത്രമല്ല. തങ്ങളെ അവഗണിച്ചും അധിക്ഷേപിച്ചും വെല്ലുവിളിച്ചും നടന്നവരോടുള്ള മറുപടി ഉള്ളിലൊതുക്കി, നിശബ്ദമായി പോളിങ് ബൂത്തിലെത്തി വോട്ടുപെട്ടിയിൽ ആഞ്ഞുകുത്താൻ നിർബന്ധിതരായ ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുമാണ്. എൽ.ഡി.എഫിനെ കൈവിട്ട് അവർ യു.ഡി.എഫിനെ പിന്തുണച്ചതിന് കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്.
അതാവട്ടെ, യു.ഡി.എഫിനോടുള്ള ആശയാഭിമുഖ്യം, വിശ്വാസ്യത, വാഗ്ദാനങ്ങളിലെ ആകർഷകത എന്നിവയ്ക്കൊക്കെ അപ്പുറം, കേരളം ഭരിച്ചവരോടുള്ള കടുത്ത പ്രതിഷേധം കൂടിയാണ്. അങ്ങനെ സഹികെട്ട് ഭരണമാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ നടക്കുന്ന വടംവലികളും പുറമെ നടക്കുന്ന ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. ജയിപ്പിച്ചുവിട്ടവരോട് അൽപമെങ്കിലും കൂറും ബഹുമാനവും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ഈ വിധമുള്ള അന്തർനാടകങ്ങൾക്ക് അരങ്ങൊരുക്കില്ലായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കക്ഷിനേതാവിനെ തെരഞ്ഞെടുക്കണമെന്നും സർക്കാർ സത്യപ്രതിജ്ഞ ചെയ്യണമെന്നും ആരും ആവശ്യപ്പെടുന്നില്ല. നിയമത്തിൽ പോലും അത്തരത്തിലുള്ളനിർബന്ധമോ നിഷ്കർഷതയോ ഇല്ലതാനും. എന്നാൽ, ഫലമറിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ സങ്കീർണമാകുന്നത് തങ്ങളുടെ കഴിവില്ലായ്മയാണെന്നും അതുവഴി ജനങ്ങളോടുള്ള ഉത്തരവാദിത്വം വിസ്മരിക്കുകയാണെന്നും കോൺഗ്രസ് സമ്മതിക്കേണ്ടതുണ്ട്. ജയിച്ചുവന്ന എം.എൽ.എമാർ കക്ഷിനേതാവിനെ തീരുമാനിക്കുക എന്ന പതിവ് കീഴ്വഴക്കത്തിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാതെവന്നതോടെ നിർണയം കോൺഗ്രസ്-ഹൈക്കമാൻഡിന് വിട്ടെങ്കിലും അവിടെയും ചർച്ചകൾ അനിശ്ചിതമായി നീളുകയാണ്.
അവകാശവാദങ്ങളും സമ്മർദങ്ങളും കൊണ്ട് മുഖ്യമന്ത്രി സ്ഥാനമോഹികൾ നേതൃത്വത്തെ സമ്മർദത്തിലാക്കുന്നത് ആശാസ്യമായതല്ല. പാർട്ടി നേതാക്കളെ വിളിച്ചിരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാത്ത നേതൃത്വമാണോ അതല്ലെങ്കിൽ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ കോൺഗ്രസിൻ്റെ പ്രതിസന്ധിയെന്ന് ആ പാർട്ടി ആഴത്തിൽ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പദവികളാണ് ആത്യന്തികലക്ഷ്യമെന്ന് അധികാരബദ്ധരാഷ്ട്രീയത്തിന് കോൺഗ്രസ്നേതാക്കൾ ഇനിയെങ്കിലും തിരുത്തൽ വരുത്തണം. രാജ്യത്ത് വർഗീയ-വിദ്വേഷ ശക്തികൾ കൂടുതൽ വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു.
മതേതര-ജനാധിപത്യ പാർട്ടികൾ ശോഷിക്കുന്നു. ഇത്തരമൊരു വർത്തമാനകാലത്ത് കോൺഗ്രസ് കാലത്തിൻ്റെ ഉത്തരവാദിത്വം നിറവേറ്റാനുള്ള കഠിനശ്രമം നടത്തേണ്ടത് ഇന്ത്യയെന്ന ആശയത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്. കരുത്തുകൂട്ടി രാജ്യത്തിൻ്റെ കാവലാകുന്നതിന് പകരം അധികാരപദവിയെ ചൊല്ലി തെരുവിൽ കലഹിക്കുന്നത് സ്വയം നശിപ്പിക്കൽ മാത്രമല്ല, വർഗീയ-വിദ്വേഷ ശക്തികളെ വളർത്തൽ കൂടിയാണ്. ഈ ഘട്ടത്തിലെങ്കിലും കോൺഗ്രസടമ വിസ്മരിക്കരുത്. കാലവിളംബമില്ലാതെ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റണം. ഒരു മണിക്കൂർ നേരത്തെയെങ്കിൽ അത്രയും നേരത്തെ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR