Enter your Email Address to subscribe to our newsletters

Malappuram , 12 മെയ് (H.S.)
വെള്ളാപ്പള്ളി നടേശനെ ആദരിച്ചത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി എന്ന നിലയിലാണെന്നും അദ്ദേഹം അർഹതയില്ലാതെ ആ പദവിയിൽ എത്തിയ ആളല്ലെന്നും അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. പാണക്കാട് സന്ദർശന വേളയിലാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിച്ച സംഭവത്തിൽ അദ്ദേഹം തൻ്റെ നിലപാടുകൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒരു വ്യക്തിയെന്ന നിലയിൽ അല്ല വെള്ളാപ്പള്ളി നടേശനെ ആദരിച്ചത്. അദ്ദേഹം ഒരു സ്ഥാനത്ത് ഇരിക്കുന്നയാളാണ്. ചുമ്മാ കയറി ആ പദവിയിൽ എത്തിയത് അല്ല, എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട് വന്നയാളാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. അത്തരത്തിൽ ആണ് അദ്ദേഹത്തെ സന്ദർശിച്ചതും ആദരിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ടെന്നും മുസ്ലിംങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താനും നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ആവർത്തിച്ചു.
പാണക്കാടെത്തി ജി സുധാകരൻ
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാടെത്തി ജി സുധാകരൻ സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇവരോടൊപ്പം നിരവധി മുസ്ലിം ലീഗ് നേതാക്കളും ഉണ്ടായിരുന്നു. ഇരുവരെയും പൊന്നാടെ അണിയിച്ചാണ് അദ്ദേഹം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത- സാംസ്കാരിക- സാമൂഹിക നേതാക്കളെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.
പാണക്കാട് എത്തിയതിൽ വലിയ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നെന്നും അതിനാണ് പാണക്കാട് എത്തിയതെന്നും സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ തെരഞ്ഞെടുപ്പിൽ തനിക്ക് സഹായകമായെന്നും ജി സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും നൽകിയ പിന്തുണ വലിയ താങ്ങും തണലുമായിരുന്നുവെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഏറ്റവും സെക്യുലറായ (മതേതര) വിഭാഗമാണ് മുസ്ലിം സമുദായം. ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിൻ്റെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR