Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 മെയ് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് സംസ്ഥാന സമിതിയുമാണ് അടുത്ത ദിവസങ്ങളിലായി ചേരുക. ഭരണവിരുദ്ധ വികാരം മുതൽ സംഘടനാപരമായ വീഴ്ചകൾ വരെ യോഗങ്ങളിൽ ചർച്ചയാകും. തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പ്രധാന കാരണങ്ങൾ സൂക്ഷ്മമായി വിലയിരുത്തും. ബൂത്ത് തലം മുതൽ ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പരിശോധനകൾ.
തുടർഭരണം ലക്ഷ്യമാക്കിയാണ് ഇടതുമുന്നണി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ നേതൃത്വത്തിൻ്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിക്കുന്ന അപ്രതീക്ഷിത തോൽവിയാണ് നേരിടേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട് അണികളിൽ നിന്നടക്കം കടുത്ത വിമർശനങ്ങളാണ് പാർട്ടി നേതൃത്വം നേരിടുന്നത്.
ഭരണപരമായ വീഴ്ചകളും പൊലീസിൻ്റെ വിവാദ നടപടികളും ചില മന്ത്രിമാരുടെ ജനവിരുദ്ധ ശൈലിയും തിരിച്ചടിക്ക് കാരണമായോ എന്ന് നേതൃയോഗങ്ങൾ പരിശോധിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും പൂർത്തിയാക്കാൻ കഴിയാത്ത ക്ഷേമപെൻഷൻ വിതരണവും സാധാരണക്കാർക്കിടയിൽ ജനവികാരത്തെ പ്രതികൂലമായി ബാധിച്ചോ എന്നും വിലയിരുത്തും. ഇക്കാര്യങ്ങളിൽ സർക്കാരിന് തിരുത്തലുകൾ വേണ്ടി വരുമോ എന്നതും സജീവ ചർച്ചയാകും.
വലിയ അഴിച്ചുപണിക്ക് സാധ്യതസ്ഥാനാർഥി നിർണയത്തിലുൾപ്പെടെ പ്രാദേശിക തലത്തിൽ അനാവശ്യ തർക്കങ്ങളും വീഴ്ചകളും സംഭവിച്ചിട്ടുണ്ടോ എന്നത് പാർട്ടി ഗൗരവമായി എടുക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്ന് വലിയ തോതിലുള്ള വോട്ട് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത വോട്ട് ബാങ്കുകളിലുണ്ടായ ഈ കനത്ത ചോർച്ച സിപിഎമ്മിനെ ഏറെ അലട്ടുന്നു.
ജില്ലകൾ നൽകിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ഇതിന് ശേഷം അതത് ജില്ലാകമ്മിറ്റികളിൽ നിന്ന് നേതൃത്വം വിശദീകരണം തേടും. വീഴ്ച വരുത്തിയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരെ അച്ചടക്ക നടപടികൾ ഉണ്ടായേക്കാം. അതിനാൽ തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം പാർട്ടിയിൽ വലിയ സംഘടനാതല അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
ജനകീയ ഭാവം വീണ്ടെടുക്കാൻ കർമപദ്ധതി
നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നുവെന്ന വിമർശനം മുമ്പും പാർട്ടിയിലുണ്ട്. തിരുത്തൽ രേഖകൾ പലതവണ അവതരിപ്പിച്ചിട്ടും ഇതിൽ കാര്യമായ മാറ്റങ്ങൾ താഴെത്തട്ടിൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. ചില നേതാക്കളുടെ പ്രവർത്തനരീതി ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന യാഥാർഥ്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഉന്നത നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രവർത്തന ശൈലി അടിയന്തരമായി തിരുത്താൻ വീണ്ടും നിർദേശമുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും നേരിട്ട തോൽവി പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജനകീയ അടിത്തറ തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടികളിലേക്ക് കടക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. നയങ്ങളിലും സമീപനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനുള്ള പുതിയ കർമപദ്ധതികൾക്ക് വരും ദിവസങ്ങളിൽ സമിതി രൂപം നൽകും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്നതിനുള്ള രേഖകൾ യോഗം ചർച്ച ചെയ്ത് അംഗീകരിക്കും. താഴെത്തട്ടിൽ നിന്ന് തന്നെ തിരുത്തൽ നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതിനാൽ തിരുത്തൽ രേഖ കർശനമായി നടപ്പാക്കാൻ തന്നെയാണ് തീരുമാനം.
തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണമെന്ന ആഹ്വാനവും യോഗത്തിൽ ഉയർന്നേക്കാം. അഞ്ച് ദിവസങ്ങളിലായാണ് നേതൃയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ട് ദിവസം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നീടുള്ള ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് നടക്കുക. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ യോഗങ്ങൾ ചേരുന്നത്. അടിസ്ഥാന വർഗത്തെ ഒപ്പം നിർത്താൻ തൊഴിലാളി യൂണിയനുകളെ കൂടുതൽ സജീവമാക്കാനുള്ള തീരുമാനങ്ങൾ ഈ യോഗത്തിന് ശേഷം വിശദീകരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR