നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: സമഗ്ര അന്വേഷണം നടത്തി വിദ്യാർത്ഥി വഞ്ചനയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം — കെ എസ് യു
Thiruvananthapuram, 12 മെയ് (H.S.) മെഡിക്കൽ വിംഗ് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ അതീവ ഗൗരവമേറിയതും വിദ്യാർത്ഥിസമൂഹത്
KSU


Thiruvananthapuram, 12 മെയ് (H.S.)

മെഡിക്കൽ വിംഗ്

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ അതീവ ഗൗരവമേറിയതും വിദ്യാർത്ഥിസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നതുമാണ്. വർഷങ്ങളായി കഠിനാധ്വാനത്തോടെയും വലിയ സാമ്പത്തിക ബാധ്യതകളോടെയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ഇത്തരം സംഭവങ്ങൾ തകർക്കുന്നത്.

പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് തന്നെ വിവിധ സോഷ്യൽ മീഡിയ, വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രചരിച്ച ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്ന റിപ്പോർട്ടുകൾ അത്യന്തം ആശങ്കാജനകമാണ്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണിത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കോച്ചിംഗ് സെന്റർ ലോബികൾക്കും പണാധിപത്യ ശക്തികൾക്കും അടിമപ്പെടുത്തുന്ന സമീപനത്തിന്റെ ഏറ്റവും അപകടകരമായ ഉദാഹരണമാണ് ഇത്തരം ചോർച്ചകൾ. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുള്ള അവസരങ്ങളാണ് ഇതിലൂടെ ഇല്ലാതാക്കപ്പെടുന്നത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകരുമ്പോൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ഭാവിയെയും അതു നേരിട്ട് ബാധിക്കുന്നു.

നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ ആവർത്തിച്ച് ഉണ്ടാകുന്ന ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും, കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കെ എസ് യു മെഡിക്കൽ വിംഗ് ആവശ്യപ്പെടുന്നു.

വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും പരിശ്രമവും കച്ചവട വസ്തുവാക്കുന്ന വിദ്യാഭ്യാസ മാഫിയകൾക്കെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ വിദ്യാർത്ഥികളോടൊപ്പം കെ എസ് യു മെഡിക്കൽ വിംഗ് ശക്തമായി നിലകൊള്ളുമെന്നും ksu സംസ്ഥാന ജനറൽ സെക്രട്ടറി ഡോ . സാജൻ വി എഡിസൺ പ്രസ്താവനയിലൂടെ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News