കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനം വൈകുന്നതിനെ പരിഹസിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം
Kozhikode,12 മെയ് (H.S.) കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനം വൈകുന്നതിനെ പരിഹസിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അഞ്ചുകൊല്ലം തന്നെക്കൊണ്ട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് പിണറായി വിജയൻ ഗവർണറോട് അഭ്യർഥിക്കുന്ന അവസ്ഥ വന്നി
PMA SALAM


Kozhikode,12 മെയ് (H.S.)

കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനം വൈകുന്നതിനെ പരിഹസിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അഞ്ചുകൊല്ലം തന്നെക്കൊണ്ട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് പിണറായി വിജയൻ ഗവർണറോട് അഭ്യർഥിക്കുന്ന അവസ്ഥ വന്നിരിക്കുകയാണെന്ന് പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രിയെ വേഗം കണ്ടെത്തിയാൽ കോൺഗ്രസിന് കൊള്ളാം. 85,000ത്തിനും 63,000ത്തിനുമൊക്കെ ജയിച്ചുവന്ന ലീഗ് എംഎൽഎമാർ ഇവിടെയുണ്ടെന്നും സലാം ഓർമ്മിപ്പിച്ചു.

സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു വന്ന പാർട്ടി കോൺഗ്രസാണ്. എന്നാൽ അവർക്ക് അർഹിച്ച വിജയം ആഘോഷിക്കാൻ പോലും കഴിയാത്ത അതിദയനീയ സാഹചര്യമാണുള്ളത്. നിയമസഭയിലേക്ക് 85,000, 63,000 എന്നിങ്ങനെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ലീഗ് ജനപ്രതിനിധികൾ മുന്നണിയിലുണ്ടെന്ന് അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു. വമ്പൻ ഭൂരിപക്ഷം നൽകി ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

വിജയിച്ചവർക്ക് പുറത്തിറങ്ങാനാകുന്നില്ലപലയിടങ്ങളിലും കോൺഗ്രസ് നേതാക്കളെ പൊതുജനങ്ങൾ റോഡിലിറങ്ങി കൂകിവിളിക്കുന്ന സ്ഥിതി വരെയുണ്ടായി. കോഴിക്കോട് ജില്ലയിലെ പല കോൺഗ്രസ് ജനപ്രതിനിധികളുടെയും അവസ്ഥ ഇതുതന്നെയാണ്. കാൽ നൂറ്റാണ്ടിനുശേഷം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസ് മികച്ച വിജയം നേടി. എന്നാൽ ആ പ്രവർത്തകരുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വലിയ സഹതാപമുണ്ട്.

വിജയിച്ച എംഎൽഎമാർക്ക് സ്വന്തം നാട്ടിലെ മരണവീട്ടിൽ പോകാനാകുന്നില്ല. വിവാഹ ചടങ്ങുകളിലോ മറ്റു പൊതുപരിപാടികളിലോ സ്വതന്ത്രമായി പങ്കെടുക്കാനും കഴിയില്ല. ചരിത്രത്തിലില്ലാത്തവിധം വൻ വിജയം നേടിയിട്ടും നാട്ടിൽ ആഹ്ളാദപ്രകടനങ്ങൾ നടത്താൻ കഴിയാത്തത് മുന്നണിക്ക് വലിയ തിരിച്ചടിയാണ്. നമ്മുടെ മുഖ്യമന്ത്രി എവിടെയെന്ന ഒറ്റ ചോദ്യം മാത്രമാണ് ജനങ്ങൾ ഇപ്പോൾ കൂടെയുള്ള ജനപ്രതിനിധികളോട് ചോദിക്കുന്നത്.

രണ്ടാളുടെ ഭൂരിപക്ഷത്തിലെ ഭരണംകഴിഞ്ഞ കാലങ്ങളിലെ ഐക്യജനാധിപത്യ മുന്നണി ഭരണത്തെ പിഎംഎ സലാം പ്രത്യേകം ഓർമിപ്പിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിൽ എത്തിയത് കേവലം 72 എംഎൽഎമാരെ മാത്രം വച്ചാണ്. അന്ന് വെറും രണ്ടുപേരുടെ മാത്രം ഭൂരിപക്ഷമാണ് ജനങ്ങൾ മുന്നണിക്ക് നൽകിയിരുന്നത്.

പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ഒറ്റരാത്രികൊണ്ട് മുഖ്യമന്ത്രിയെ കണ്ടെത്താൻ അന്നത്തെ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിരുന്നു. നിയമസഭയിൽനിന്ന് ഭരണപക്ഷത്തെ ഏതെങ്കിലും ഒരംഗം പുറത്തുപോയാൽ ഉടൻ ഭരണം വീഴുമെന്ന പരിഹാസങ്ങൾ അന്ന് കേരളം കണ്ടതാണ്. എന്നിട്ടും ആ സർക്കാർ അഞ്ചു വർഷം തികച്ച് വിജയകരമായി പൂർത്തിയാക്കി. അന്ന് നേതൃത്വം കാണിച്ച രാഷ്ട്രീയ ഇച്ഛാശക്തി കോൺഗ്രസ് ഇപ്പോൾ ഒട്ടും കാണിക്കുന്നില്ല.

താത്കാലിക തന്ത്രം ഗുണം ചെയ്യില്ല

കോൺഗ്രസ് എംഎൽഎമാർക്കിടയിലെ കടുത്ത ചേരിതിരിവും പരസ്യമായ പക്ഷംപിടിക്കലുമാണ് ഇപ്പോഴത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം വിമർശിച്ചു. നേതാക്കൾ തമ്മിലുള്ള അനൈക്യം ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളുടെ അതിരൂക്ഷമായ രോഷം അടങ്ങാൻ വേണ്ടിയുള്ള ഒരു താത്കാലിക തന്ത്രം മാത്രമാണ് ഈ നടപടി. മുഖ്യമന്ത്രി പ്രഖ്യാപനം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. തെരഞ്ഞെടുപ്പിലെ ജനഹിതം അവർ പാടെ മറക്കുകയാണ്. വെറും ഗ്രൂപ്പ് താത്പര്യം മാത്രം പരിഗണിച്ച് പുതിയ മുഖ്യമന്ത്രിയെ ധൃതിപിടിച്ച് പ്രഖ്യാപിക്കരുത്.

അങ്ങനെ ചെയ്താൽ വീണ്ടും വലിയ ജനരോഷം കത്തിപ്പടരാനാണ് സാധ്യത. മുൻപ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വലിയ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കിപ്പോൾ ഭരണം നന്നെ കുറവാണ്. അവരുടെ നേട്ടം കൈപ്പിടിയിലൊതുങ്ങുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങി. ദേശീയതലത്തിൽ വലിയ തകർച്ച നേരിടുന്ന സമയത്ത് കിട്ടിയ ഈ കേരളം കൂടി കൈവിട്ടുപോയാൽ കോൺഗ്രസ് നേതാക്കൾക്ക് നല്ല ഉറക്കം ലഭിക്കുമെന്ന് പിഎംഎ സലാം പരിഹസിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News