Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 മെയ് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശൻ നടത്തിയ മംഗലപുരം യാത്രയെക്കുറിച്ച് എഐസിസി വിശദമായ അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. ജെഡി (എസ്) നേതാവ് പിഎം ഫറൂഖിൻ്റെ വീട്ടിൽ നടന്നത് എന്തു ചർച്ചയായിരുന്നെന്ന് വി ഡി സതീശൻ വിശദീകരിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യപ്പെട്ട ആളോടൊപ്പം സതീശൻ യാത്ര ചെയ്തു. അദാനി ഗ്രൂപ്പിൻ്റെ പ്രസിഡൻ്റിനെ വീട്ടിൽ പോയി കണ്ടു. ഇത്തരം സന്ദർശനങ്ങൾ എന്തിനാണ് നടത്തിയതെന്ന് സതീശൻ വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സംഘടനാ നേതാക്കൾ ജനാധിപത്യ വിരുദ്ധനടപടികൾ വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. 13 ഇന അവശ്യസാധനങ്ങൾക്ക് എൽഡിഎഫ് സർക്കാർ വില വർധിപ്പിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ വിലകൂട്ടിയത് മന്ത്രിസഭായോഗം തീരുമാനിച്ചതു പ്രകാരമാണ്. എന്നാൽ സപ്ലൈകോ അരിയുടെ വിലയിൽ മാറ്റം വരുത്തി. അരിവില വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. സാധാരണനിലയിൽ മന്ത്രിസഭായോഗമാണ് വിലയിൽ മാറ്റം വരുത്തേണ്ടത്.
മന്ത്രിസഭ അറിയാതെ എങ്ങനെയാണ് അതിൽ തീരുമാനമെടുക്കുന്നത്. വിവിധ വകുപ്പുകളിൽ തലങ്ങും വിലങ്ങും അനധികൃത നിയമനങ്ങൾ നടക്കുകയാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇടതുമുന്നണിയിൽ യാതൊരു തർക്കവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം വൈകുകയാണ്. മുഖ്യമന്ത്രി വന്നിട്ടല്ലേ പ്രതിപക്ഷ നേതാവുള്ളൂ.
അതിൽ യാതൊരു തർക്കവുമില്ല. ആദ്യം മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും തീരുമാനിക്കട്ടെ. മുഖ്യമന്ത്രി വന്നാലുടൻ പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിക്കും. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ ഇടതുമുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ സിപിഐ എതിരഭിപ്രായങ്ങൾ ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേത് ദയനീയ തോൽവിയല്ല. 19,000 വോട്ടിൻ്റെ ഭൂരിപക്ഷം ദയനീയമായ തോൽവിയായി കണക്കാക്കാൻ കഴിയില്ല എന്നും രാമകൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം എൽഡിഎഫ് ഒരു യോഗം മാത്രമേ കൂടിയിട്ടുള്ളൂ. പ്രാഥമികതല അവലോകനം മാത്രമാണ് നടത്തിയത്. തോൽവിയുടെ കാരണം അടിത്തട്ടിൽ നിന്നും പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. പാർട്ടി നിലയിൽ പരിശോധനയും ചർച്ചയും നടക്കുന്നു. വിവിധ കക്ഷികളിൽ നിന്നുള്ള അവലോകന റിപ്പോർട്ട് കൂടി ലഭിച്ചശേഷം ജൂൺ അവസാനത്തോടെ അതിൽ തീരുമാനമെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR