Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 മെയ് (H.S.)
തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് എട്ടാം നാളായിട്ടും കേരളത്തില് മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില് തനിക്ക് ആശശങ്കയുണ്ടെന്നു കഴക്കൂട്ടത്തുനിന്ന് വിജയിച്ച എന്ഡിഎ സ്ഥാനാര്ഥിയും മുന് കേന്ദ്രമന്ത്രിയുമായ വി മുരളീധരന്. കോണ്ഗ്രസിലെ അധികാര തര്ക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നേതാക്കള് തമ്മിലുള്ള പ്രശ്നങ്ങളുമാണ് ഇപ്പോള് കാണാന് കഴിയുന്നത്. ഇവയാണ് കോണ്ഗ്രസില് കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള കാലതാമസത്തിനു കാരണം.
ജനങ്ങള് രാഷ്ട്രീയത്തെ അവമതിയോടെ കാണേണ്ടിവരുന്ന സാഹച്യമാണ് കോണ്ഗ്രസ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില് പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ടാം ദിവസമാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില് നാലിടത്തും ഫലം വന്നതിനു പിറകെ പുതിയ സര്ക്കാര് ഭരണം ഏറ്റെടുക്കുകയോ അല്ലെങ്കില് അതിനുള്ള തീയതി പ്രഖ്യാപിക്കുകയോ ചെയ്തു.
കോണ്ഗ്രസില് നടക്കുന്നത് അധികാര വടംവലിയാണെന്നും രാജ്യത്തിൻ്റെ പ്രധാന പ്രതിപക്ഷത്തിൻ്റെ ഈ സ്ഥിതി ഏറെ ദുഃഖകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്ഗ്രസിലെ ഈ അവസ്ഥയാണ് ജനങ്ങള് അവര്ക്കു ഭരണം നല്കാന് വിമുഖത കാണിക്കുന്നതിനു പിന്നില്. ചരിത്ര വിജയമാണു കേരളത്തില് യുഡിഎഫ് നേടിയത്. ജനങ്ങളോട് കൂറുള്ള കോണ്ഗ്രസ് നേതാക്കന്മാര് ആരെങ്കിലും ഉണ്ടെങ്കില് ഈ സാഹചര്യം ഒഴിവാക്കാന് നടപടി എടുക്കണം. മൂന്ന് എംഎല്എ മാരില്തുടങ്ങി ബംഗാളില് ഭരണം പിടിക്കാന് എന്ഡിഎയ്ക്കു പത്തുകൊല്ലമാണ് എടുത്തത്. ഇതിലും കുറഞ്ഞ സമയം കൊണ്ടു തങ്ങള് കേരളത്തില് ഭരണം പിടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസിനെ ലീഗിന് മുന്പില് പണയം വെച്ചിരിക്കുകയാണോയെന്ന് ആത്മാഭിമാനമുള്ള കോണ്ഗ്രസുകാര് വ്യക്തമാക്കണമെന്നും മുരളീധരന് പറഞ്ഞു. കോണ്ഗ്രസ് കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അവരുടെ എംഎല്എമാരുമായി ചര്ച്ചയ്ക്കെത്തിയ നിരീക്ഷകരെ ലീഗ് നേതാക്കള് ക്ഷണമില്ലാതെയാണു കാണാന് പോയത്. പശ്ചിമേഷ്യന് സംഘര്ഷത്തിൻ്റെ സാഹചര്യത്തില് രാജ്യത്തെ ഇന്ധന പ്രതിസന്ധിയില് ജനങ്ങള് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാവേണ്ടതില്ല. ജില്ലയിലെ എണ്ണ വിതരണക്കാരുമായി താന് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയായി സംസ്ഥാനത്തു സര്ക്കാരില്ല. അതിനാല് മഴക്കാല പൂര്വ ശുചീകരണം, മാലിന്യ പ്രശ്നം തുടങ്ങിയവ ചര്ച്ച ചെയ്തു പരിഹരിക്കാന് കാലതാമസം നേരിടുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാന് ഇത്രയും താമസിച്ചാല് മഴക്കാല പൂര്വ ശുചീകരണത്തിന് ഉള്പ്പടെയുള്ള വകുപ്പു തല നടപടികള് വൈകുമോയെന്ന് തനിക്ക് ആശങ്കയുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ മാലിന്യ പ്രശ്നം ചര്ച്ച ചെയ്യാന് മേയറുമായി അടുത്ത ദിവസം യോഗം നടത്തും. അധികാരത്തില് വരാന് പോകുന്ന യുഡിഎഫ് സര്ക്കാര് ശബരിമല വിഷയത്തില് അവരുടെ നയം വ്യക്തമാക്കണം. ആചാര സംരക്ഷണത്തിൻ്റെ ഭാഗമായി ബിജെപി നേതാക്കളടക്കം അനവധി ആളുകളുടെ പേരില് കേസുണ്ട്. പുതിയ സര്ക്കാര് ഭരണമേറ്റാലുടന് ഈ കേസുകള് പിന്വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR