എറണാകുളം ജില്ലയിൽ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ മെയ് 31 വരെ
Ernakulam , 12 മെയ് (H.S.) സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഗർഭാശയ ഗള കാൻസറിനെ (സെർവിക്കൽ കാൻസർ) പ്രതിരോധിക്കുന്നതിനായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ കാമ്പയിൻ എറണാകുളം ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര സർക്കാരിന്
Cervical cancer


Ernakulam , 12 മെയ് (H.S.)

സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഗർഭാശയ ഗള കാൻസറിനെ (സെർവിക്കൽ കാൻസർ) പ്രതിരോധിക്കുന്നതിനായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ കാമ്പയിൻ എറണാകുളം ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സൗജന്യ വാക്സിനേഷൻ പദ്ധതി മെയ് 31-ന് അവസാനിക്കും. അർഹരായ എല്ലാ പെൺകുട്ടികളും നിശ്ചിത സമയത്തിനകം വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ കലക്ടർ ജി. പ്രിയങ്ക അറിയിച്ചു.

കുറഞ്ഞ പങ്കാളിത്തത്തിൽ ആശങ്ക

ജില്ലയിൽ ആകെ 22,358 പെൺകുട്ടികളെയാണ് ഈ ഘട്ടത്തിൽ വാക്സിനേഷനായി ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇതുവരെ 7,496 കുട്ടികൾ (34 ശതമാനം) മാത്രമാണ് കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുള്ളത്. മെയ് 31 കഴിഞ്ഞാൽ ഈ സൗജന്യ സേവനം ലഭ്യമാകില്ല എന്നതിനാൽ ബാക്കിയുള്ളവർ എത്രയും വേഗം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിനെക്കുറിച്ചുള്ള അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണകളുമാണ് പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ, സാധാരണ വാക്സിനുകൾക്ക് ഉണ്ടാകാറുള്ള നേരിയ വേദനയോ തടിപ്പോ അല്ലാതെ മറ്റ് ഗൗരവകരമായ പാർശ്വഫലങ്ങൾ ഇതിനില്ലെന്ന് കലക്ടർ വ്യക്തമാക്കി.

ആർക്കൊക്കെ ലഭിക്കും?

14 വയസ് പൂർത്തിയായവർ മുതൽ 15 വയസും മൂന്ന് മാസവും വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഈ പ്രായപരിധിയിലുള്ളവർക്ക് ഗർഭാശയ ഗള കാൻസറിനെതിരെ മികച്ച പ്രതിരോധം നൽകാൻ എച്ച്.പി.വി വാക്സിൻ സഹായിക്കും.

സൗജന്യ സേവനം പ്രയോജനപ്പെടുത്തുക

സ്വകാര്യ ആശുപത്രികളിൽ 4,000 രൂപ മുതൽ 6,500 രൂപ വരെ വില വരുന്ന വാക്സിനാണ് കാമ്പയിന്റെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും (പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി, താലൂക്ക്/ജില്ലാ ആശുപത്രികൾ) ഈ സൗകര്യം ലഭ്യമാണ്. തങ്ങളുടെ അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് ഏത് ദിവസമാണ് വാക്സിനേഷൻ സെഷൻ ഉള്ളതെന്ന് രക്ഷിതാക്കൾ മുൻകൂട്ടി മനസിലാക്കേണ്ടതാണ്. പെൺമക്കളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കാൻ ഈ പ്രതിരോധ കുത്തിവയ്പ്പ് അനിവാര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാർച്ച് മാസം മുതൽ രാജ്യവ്യാപകമായി നടക്കുന്ന ഈ കാമ്പയിന്റെ ഗുണഫലം ജില്ലയിലെ അർഹരായ എല്ലാ പെൺകുട്ടികളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News