കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുള്ള യൂത്ത് കോൺഗ്രസ് പോസ്റ്റിന് 'പൊങ്കാല'; കമന്റ് ബോക്സിൽ നിറഞ്ഞ് വി.ഡി. സതീശൻ
Thiruvananthapuram , 12 മെയ് (H.S.) തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം സൈബർ ഇടങ്ങളിലും രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല
കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുള്ള യൂത്ത് കോൺഗ്രസ് പോസ്റ്റിന് 'പൊങ്കാല'; കമന്റ് ബോക്സിൽ നിറഞ്ഞ് വി.ഡി. സതീശൻ


Thiruvananthapuram , 12 മെയ് (H.S.)

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം സൈബർ ഇടങ്ങളിലും രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് താഴെ പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. കേരളത്തിലെ വിജയത്തിന്റെ പങ്ക് വി.ഡി. സതീശനാണെന്നും വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കമന്റുകളിൽ ഭൂരിഭാഗവും വ്യക്തമാക്കുന്നത്.

ദേശീയ പ്രസിഡന്റിന്റെ പോസ്റ്റും വിവാദവും

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചൗധരി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. വിജയത്തിന്റെ ക്രെഡിറ്റ് വേണുഗോപാലിന് നൽകാനുള്ള നീക്കമാണിതെന്ന് വ്യാഖ്യാനിക്കപ്പെട്ടതോടെ സതീശൻ അനുകൂലികൾ കൂട്ടത്തോടെ പോസ്റ്റിന് താഴെ പ്രതിഷേധവുമായി എത്തുകയായിരുന്നു.

'സതീശൻ മതിയെന്ന്' പ്രവർത്തകർ

പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ഏറിയ പങ്കും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവയാണ്. ഈ വിജയത്തിന് പിന്നിൽ സതീശന്റെയും സുധാകരന്റെയും അധ്വാനമുണ്ട്, അത് മറ്റാരുടെയും അക്കൗണ്ടിൽ എഴുതേണ്ടതില്ല എന്നാണ് ഒരു പ്രവർത്തകന്റെ കമന്റ്. സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചും 'റിയൽ ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ചുമാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. ഡൽഹിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നവർക്ക് വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്നത് താഴെത്തട്ടിൽ പണിയെടുത്ത പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിമർശനങ്ങൾ ഉയരുന്നു.

ഗ്രൂപ്പ് പോര് തെരുവിലേക്ക്?

നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെ ഇത്തരം പോസ്റ്റുകൾ വരുന്നത് ബോധപൂർവമാണെന്ന് സതീശൻ പക്ഷം സംശയിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഹൈക്കമാൻഡ് പരിഗണിക്കുന്നു എന്ന സൂചനകൾക്കിടെയാണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ ഇടപെടൽ. എന്നാൽ കേരളത്തിലെ സാധാരണ പ്രവർത്തകർക്കിടയിൽ സതീശന് ലഭിക്കുന്ന ജനപ്രീതി ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 'ഡൽഹി ഇറക്കുമതി' വേണ്ടെന്നും കേരള രാഷ്ട്രീയത്തിൽ സജീവമായി നിന്നവർ തന്നെ ഭരിക്കണമെന്നുമാണ് ഭൂരിഭാഗം കമന്റുകളുടെയും സരാംശം.

അനിശ്ചിതത്വം തുടരുന്നു

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകുന്നതിൽ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിൽ പാർട്ടിക്കുള്ളിലെ സൈബർ പോര് കൂടി മുറുകുന്നത് വിജയത്തിന്റെ ശോഭ കെടുത്തുന്നു എന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി നേതാക്കളുമായി സംസാരിക്കും. സൈബർ ഇടങ്ങളിലെ ഈ 'പൊങ്കാല'യും അണികളുടെ വികാരവും കണക്കിലെടുത്ത് മാത്രമേ ഹൈക്കമാൻഡിന് അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ. ഗ്രൂപ്പ് പോര് വരും ദിവസങ്ങളിൽ കൂടുതൽ പരസ്യമായ പോരാട്ടങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

---------------

Hindusthan Samachar / Roshith K


Latest News