Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 മെയ് (H.S.)
ലൈംഗികാതിക്രമ കേസില് നടന് സിദ്ദീഖിന് ആശ്വാസം. ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രൊമോഷൻ ഷോയില് പങ്കെടുക്കാൻ നടന് അനുമതി ലഭിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയ്ക്കായി ഖത്തറിൽ വച്ചാണ് നടക്കുന്നത്.
ചിത്രത്തിലെ അഭിനേതാവ് എന്ന നിലയിൽ പ്രൊമോഷൻ ഷോയില് പങ്കെടുക്കാനാണ് അനുവാദം നൽകിയത്. ഷോ കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് കേസില് പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ വ്യവസ്ഥ പ്രകാരം തന്നെയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഇളവ് അനുവദിച്ചത്.
സിനിമയില് അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ബലാത്സംഗം ചെയ്തുവെന്നാണ് നടനെതിരെയുള്ള പരാതി. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നടി പൊലീസിന് നൽകിയ പരാതി. നിള തിയേറ്ററില് സിദ്ദിഖ് അഭിനയിച്ച സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോഴാണ് തങ്ങള് പരസ്പരം കണ്ടതെന്നും തുടര്ന്ന് സിനിമാ ചര്ച്ചകള്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നുമാണ് നടി പൊലീസില് മൊഴി നല്കിയിരുന്നത്.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഹോട്ടലില് പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടി പരാതിയില് പറയുന്ന ദിവസം സിദ്ദിഖ് ഹോട്ടലില് താമസിച്ചിരുന്നുവെന്നും അന്നേ ദിവസം പരാതിക്കാരി ഹോട്ടലില് എത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. സിദ്ദിഖ് നടിക്ക് അയച്ച സന്ദേശം അടക്കമുള്ള തെളിവുകള് എല്ലാം തന്നെ കണ്ടെത്താനായിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില് പറയുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില് ഹൈക്കോടതിയ സമീപിച്ച നടൻ തനിക്കെതിരെയുളള ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്ന് വാദിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും നടന് വാദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദീഖ് നേരത്തെ കോടതിയെ അറിയിച്ചു. കേസില് നേരത്തെയും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സിദ്ദീഖിന് വിദേശ യാത്രക്ക് അനുമതി നല്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR