Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 മെയ് (H.S.)
കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ സ്വര്ണ വിപണിയില് വൻ ചാഞ്ചാട്ടം. കേരളത്തിൽ ഇന്ന് മാത്രം സ്വര്ണ വിലയില് മാറ്റമുണ്ടായത് മൂന്ന് തവണ. രാവിലെ കുതിച്ചുയര്ന്ന സ്വര്ണ വില പിന്നീട് രണ്ട് തവണയായി കുറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റിൻ്റെ ഒരു പവൻ സ്വര്ണത്തിന് 10,200 രൂപയും, ഗ്രാമിന് 1275 രൂപയും രാവിലെ വര്ധിച്ചിരുന്നു.
പിന്നീട് ഒരു ഗ്രാം സ്വര്ണത്തിന് 500 രൂപയും പവന് 4000 രൂപയും കുറഞ്ഞു. ശേഷം, ഉച്ചയ്ക്ക് ശേഷവും സ്വര്ണ വിപണിയില് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലായി ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വര്ണത്തിൻ്റെ ഇന്നത്തെ വില 1,18,230 രൂപയായി.
എങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ഒരു പവന് 5,400 രൂപയുടെ വര്ധനവ് ഉണ്ട്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നത് തടയുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.
ഇതിൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെൻ്റ് സെസ്സും ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്ണ വില കുതിച്ചുയര്ന്നത്. സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചത് വില വർധനയ്ക്ക് ഇടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ 9 ശതമാനം കൂടി വില വർധിപ്പിക്കേണ്ടി വരുമെന്നും കള്ളക്കടത്ത് സജീവമാകുമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർധിക്കുന്നതിന് ഇത് കാരണമാകുന്നു. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തിട്ടുള്ളത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതി.ഇറക്കുമതി ചുങ്കം 9 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണവില പവന് 10,200 രൂപയുടെ വർധരവാണുണ്ടായത്.
ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ പ്രതികരിച്ചു.
വിവാഹ വിപണിക്ക് തിരിച്ചടി
കേരളത്തിൽ വിവാഹ സീസൺ പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടായ ഈ റെക്കോർഡ് വർധനവ് സാധാരണക്കാരെ വലിയ തോതിൽ ബാധിക്കും. പുതിയ 15% തീരുവയ്ക്ക് പുറമെ 3% ജി.എസ്.ടിയും , സ്വർണക്കടകളുടെ പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താക്കൾ ഇനി ഒന്നര ലക്ഷത്തോളം രൂപ നൽകേണ്ടി വരും.
ഇറക്കുമതി തീരുവയിലെ വൻ വർധനവ്
ഇന്നത്തെ വിലക്കയറ്റത്തിന് തൊട്ടുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര കാരണം കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതാണെന്ന് സാമ്പത്തിക വിദഗ്ധര് അഭിപ്രായപ്പെടുന്നു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സ്വർണത്തിൻ്റെ കസ്റ്റംസ് ഡ്യൂട്ടിയും സെസും ഉൾപ്പെടെയുള്ള നികുതി 6 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 15 ശതമാനമായാണ് സർക്കാർ ഉയർത്തിയത്. ഈ 9% നികുതി വർദ്ധനവ് വിപണിയിൽ എത്തിയതോടെ സ്വർണവിലയിൽ പെട്ടെന്ന് വലിയ കുതിച്ചുചാട്ടമുണ്ടായി.
പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ഇന്ധന പ്രതിസന്ധിയും
ആഗോള വിപണിയിൽ സ്വർണവില നിർണയിക്കുന്നതിൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. യു.എസും ഇസ്രയേലും ഉൾപ്പെടുന്ന ഇറാൻ യുദ്ധം കാരണം ഒട്ടനവധി എണ്ണ-വാതക ടാങ്കറുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇത് ഇന്ധനവില കുതിച്ചുയരുന്നതിനും ആഗോളതലത്തിൽ കടുത്ത പണപ്പെരുപ്പത്തിനും കാരണമായി. സാമ്പത്തിക അസ്ഥിരതയോ യുദ്ധമോ ഉണ്ടാകുമ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നത് സ്വർണത്തെയാണ്. അതിനാൽ വലിയ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞത് അന്താരാഷ്ട്ര തലത്തിൽ വില ഉയർത്തി.
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയാനുള്ള ശ്രമം
ഇറാൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില വർധിച്ചപ്പോൾ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂടി. ഇതിൻ്റെ ഫലമായി വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്ന് വൻതോതിൽ യു.എസ് ഡോളർ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കാതിരിക്കാൻ, ഡോളർ പുറത്തേക്ക് പോകുന്നത് തടയേണ്ടത് അനിവാര്യമായി വന്നു. ഇതിനായി സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ തീരുമാനിക്കുകയും നികുതി കൂട്ടുകയും ചെയ്തത് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് ക്ഷാമവും വിലക്കയറ്റവും ഉണ്ടാക്കിയെന്നും സാമ്പത്തിക വിദഗ്ധര് അഭിപ്രായപ്പെടുന്നു.
ആഗോള കേന്ദ്ര ബാങ്കുകളുടെ വലിയ തോതിലുള്ള വാങ്ങൽ
ഇന്ത്യൻ വിപണിയിലെ മാത്രം പ്രത്യേകതയല്ല ഇത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിൻ്റെ സുരക്ഷിതത്വത്തിനായി ഡോളറിന് പകരം വൻതോതിൽ സ്വർണം വാങ്ങി കൂട്ടുകയാണ്. പ്രത്യേകിച്ച് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണവായുധ കരാറുകളും അന്താരാഷ്ട്ര തർക്കങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്വർണ നിക്ഷേപം വർധിപ്പിക്കുന്നുണ്ട്. ഈ വലിയ ഡിമാൻഡ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിൻ്റെ മൂല്യം റെക്കോഡ് നിരക്കിലെത്തിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR