ഇറാനുമായുള്ള യുദ്ധവിരാമം തകർച്ചയുടെ വക്കിലാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ഇറാൻ.
Tehran , 13 മെയ് (H.S.) ഇറാനുമായുള്ള യുദ്ധവിരാമം തകർച്ചയുടെ വക്കിലാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. ടെഹ്റാൻ മുന്നോട്ടുവച്ച പുതിയ സമാധാന പദ്ധതി അംഗീകരിക്കാൻ അമേരിക്ക തയാറല്ലെങ്കിൽ അവർക്ക് വ
Iran USA conflict


Tehran , 13 മെയ് (H.S.)

ഇറാനുമായുള്ള യുദ്ധവിരാമം തകർച്ചയുടെ വക്കിലാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. ടെഹ്റാൻ മുന്നോട്ടുവച്ച പുതിയ സമാധാന പദ്ധതി അംഗീകരിക്കാൻ അമേരിക്ക തയാറല്ലെങ്കിൽ അവർക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു.

രണ്ട് മാസം മുൻപ് ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. മധ്യപൂർവ ദേശത്താകെ പടർന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെയും സാരമായി ബാധിച്ചു. നിലവിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലപ്രദമായിട്ടില്ല. സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാൻ ആർക്കും താത്പര്യമില്ലെങ്കിലും, ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്ക് തയാറല്ലാത്തതിനാൽ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്.

14 ഇന നിർദേശങ്ങളിൽ വ്യക്തമാക്കുന്ന ഇറാനിയൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയല്ലാതെ അമേരിക്കയ്ക്ക് മറ്റൊരു മാർഗവുമില്ലെന്ന് മുഹമ്മദ് ബാഖർ ഖാലിബാഫ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. മറ്റു നീക്കങ്ങൾ പരാജയത്തിലേക്കേ നയിക്കൂ. അമേരിക്ക കാലതാമസം വരുത്തുന്തോറും അമേരിക്കൻ നികുതിദായകർ അതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, യുദ്ധത്തിൻ്റെ ചെലവ് 2900 കോടി ഡോളറിലെത്തിയെന്ന് പെൻ്റഗൺ വ്യക്തമാക്കി. രണ്ടാഴ്ച മുൻപത്തേതിനേക്കാൾ 400 കോടിയുടെ വർധനയാണ് ഉണ്ടായത്.

സമാധാന പദ്ധതിയും പ്രതികരണവും

ആക്രമണം അവസാനിപ്പിക്കാനും ഇറാൻ്റെ ആണവ പദ്ധതികളിലെ ചർച്ചകൾക്ക് രൂപരേഖ തയാറാക്കാനുമായി അമേരിക്ക മുന്നോട്ടുവച്ച ഒരു പേജുള്ള ധാരണാപത്രത്തിന് മറുപടിയായാണ് ഇറാൻ പുതിയ സമാധാന പദ്ധതി നൽകിയത്. ലബനാൻ ഉൾപ്പെടെയുള്ള സമസ്ത യുദ്ധമുഖങ്ങളിലും പോരാട്ടം അവസാനിപ്പിക്കണമെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക നടത്തുന്ന നാവിക ഉപരോധം പിൻവലിക്കണമെന്നും വിദേശത്ത് മരവിപ്പിച്ച ഇറാൻ്റെ ആസ്തികൾ വിട്ടുനൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇറാൻ്റെ ആവശ്യങ്ങൾ പൂർണമായും അസ്വീകാര്യമാണെന്ന് ട്രംപ് പ്രതികരിച്ചു.

ഇറാനുമേൽ അമേരിക്ക സമ്പൂർണ വിജയം നേടുമെന്നും ഒരു മാസത്തിലധികമായി തുടരുന്ന വെടിനിർത്തൽ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഇക്കാര്യത്തിൽ ദീർഘമായ ചർച്ചകൾ നടത്തുമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ബെയ്ജിങ്ങിൻ്റെ സഹായം ആവശ്യമില്ലെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് ട്രംപ് വ്യക്തമാക്കിയിരുന്നു.

പ്രതിരോധം തീർക്കാൻ ഇറാൻ

അമേരിക്കൻ, സിയോണിസ്റ്റ് ശത്രുക്കളുടെ ഏത് നീക്കങ്ങളെയും നേരിടാൻ ടെഹ്റാനിൽ സൈനികാഭ്യാസം നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. അമേരിക്ക നയതന്ത്ര പാത ഉപേക്ഷിച്ചാൽ യുദ്ധക്കളത്തിൽ അവർക്ക് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഇറാൻ്റെ പ്രതിരോധ മന്ത്രാലയം വക്താവ് റെസ തലായി നിക് മുന്നറിയിപ്പ് നൽകി. നേതാക്കൾ തമ്മിലുള്ള വാക്പോര് ഇറാനിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള കടുത്ത അനിശ്ചിതത്വങ്ങൾക്കിടയിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് ടെഹ്റാനിലെ 43കാരിയായ ചിത്രകാരി മറിയം പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിജീവനത്തിനായി പരമാവധി ശ്രമിക്കുകയാണെന്നും ഇത്തരം സാഹചര്യത്തിൽ പ്രതീക്ഷ നിലനിർത്തുക ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം

ഇറാൻ്റെ ആവശ്യങ്ങൾക്ക് ട്രംപ് നൽകിയ കടുത്ത മറുപടി എണ്ണവില വർധിക്കാൻ കാരണമായി. ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി വേഗത്തിൽ തുറന്നുകൊടുക്കാനുള്ള ചർച്ചകളുടെ സാധ്യതകളും മങ്ങുകയാണ്. നിലവിൽ ഇവിടെ നാവിക ഗതാഗതം കർശനമായി നിയന്ത്രിക്കുന്ന ഇറാൻ, ഇതുവഴി പോകുന്ന കപ്പലുകളിൽ നിന്ന് ചുങ്കം ഈടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

ലോകം കണ്ട ഏറ്റവും വലിയ ഊർജ വിതരണ പ്രതിസന്ധിയാണിതെന്ന് സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ തലവൻ ചൂണ്ടിക്കാട്ടി. ഇറാൻ്റെ പക്കൽ ഇപ്പോഴും വലിയൊരു മിസൈൽ ശേഖരം അവശേഷിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന മിസൈൽ ശേഖരത്തിൻ്റെയും ലോഞ്ചറുകളുടെയും 70 ശതമാനവും അവർ നിലനിർത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ 33 മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ 30 എണ്ണത്തിൻ്റെയും നിയന്ത്രണം ഇറാൻ തിരികെപ്പിടിച്ചു.

ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിൻ്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിലാകുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താനോ സമ്മർദത്തിലാക്കാനോ ഉള്ള ആയുധമായി ഹോർമുസ് കടലിടുക്കിനെ ഉപയോഗിക്കരുതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ആവശ്യപ്പെട്ടു.

അമേരിക്കൻ നടപടികളെ മറികടക്കാൻ സാധിക്കുമെന്നാണ് ഇറാൻ നേതാക്കൾ കരുതുന്നതെന്നും അവർക്ക് നിലവിൽ മുൻതൂക്കമുള്ളതിനാൽ കൂടുതൽ വിട്ടുവീഴ്ചകൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം ഡയറക്ടർ സനം വാകിൽ പറഞ്ഞു. അതേസമയം, ഹോർമുസിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസിൻ്റെയും ബ്രിട്ടൻ്റെയും നേതൃത്വത്തിലുള്ള പ്രതിരോധ ദൗത്യത്തിൽ ഓസ്ട്രേലിയയും പങ്കുചേരുമെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൽസ് പ്രഖ്യാപിച്ചു. യുഎഇയെ ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഓസ്ട്രേലിയ നിരീക്ഷണ വിമാനവും നൽകും.

ലബനാനിലെ യുദ്ധക്കെടുതികൾ

ഏപ്രിൽ 17ന് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലബനാനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ കഴിഞ്ഞ ദിവസം തെക്കൻ ലബനാനിൽ നടത്തിയ ആക്രമണത്തിൽ ഒരു സൈനികനും ഒരു കുട്ടിയും രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകൾ ഇസ്രയേൽ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. മാർച്ച് രണ്ട് മുതൽ ഇതുവരെ 2880ലധികം പേർ ലബനാനിൽ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 380 പേരുടെ മരണം വെടിനിർത്തലിന് ശേഷമാണ്.

ഇസ്രയേലുമായുള്ള അടുത്ത വട്ട ചർച്ചകളിൽ തങ്ങളുടെ ആയുധങ്ങൾ ഭാഗമാകില്ലെന്ന് ഹിസ്ബുല്ല തലവൻ നയിം ഖാസിം വ്യക്തമാക്കി. എത്ര വലിയ ത്യാഗം സഹിക്കേണ്ടി വന്നാലും കീഴടങ്ങില്ലെന്നും യുദ്ധക്കളത്തിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് ലബനാനിൽ വലിയ തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News