കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യത.
Kasaragod , 13 മെയ് (H.S.) കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യത. ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുപടിഞ്ഞാറൻ കാലവർഷം ഈയാഴ്ച എത്തിയേക്കും. അങ്ങനെ വന്നാൽ കേരളത്തിലും മഴ നേരത്തെ തുടങ്ങും. തെക്കൻ ബംഗാൾ ഉൾക്കടലിലെ സാഹചര്യങ്
Weather update


Kasaragod , 13 മെയ് (H.S.)

കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യത. ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുപടിഞ്ഞാറൻ കാലവർഷം ഈയാഴ്ച എത്തിയേക്കും. അങ്ങനെ വന്നാൽ കേരളത്തിലും മഴ നേരത്തെ തുടങ്ങും. തെക്കൻ ബംഗാൾ ഉൾക്കടലിലെ സാഹചര്യങ്ങളും ഇതിന് അനുകൂലമാണ്.

സാധാരണ മേയ് 20നാണ് ആൻഡമാനിൽ കാലവർഷം എത്താറുള്ളത്. തുടർന്ന് പത്ത് ദിവസത്തിന് ശേഷം ജൂൺ ഒന്നിന് കേരളത്തിലും മഴ തുടങ്ങും. ഇതാണ് പതിവ് രീതി. എന്നാൽ ഇത്തവണ മേയ് 16, 17 തീയതികളോടെ ആൻഡമാനിൽ കാലവർഷം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ സംഭവിച്ചാൽ മേയ് 26, 27 തീയതികളോടെ കേരളത്തിൽ കാലവർഷം എത്തും. ഇതിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകാമെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മേയ് 27ന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ മേയ് 24ന് തന്നെ മഴ തുടങ്ങി. 16 വർഷത്തിന് ശേഷമായിരുന്നു ഇത്രയും നേരത്തെ കാലവർഷം എത്തിയത്. 2024ൽ മേയ് 30നാണ് കാലവർഷം കേരളത്തിൽ എത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സജ്ജമാണ്.

ന്യൂനമർദം കേരളത്തെ ബാധിക്കില്ല

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിൽ ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിച്ചേക്കും. എങ്കിലും ഈ ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. കിഴക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നതാണ് ഇതിന് കാരണം.

പടിഞ്ഞാറോട്ട് നീങ്ങിയാൽ മാത്രമേ കേരളത്തിൽ ഇതിൻ്റെ പ്രത്യാഘാതം ഉണ്ടാകൂ. ന്യൂനമർദം ദുർബലമാകുന്നതോടെ കേരളത്തിലേക്കുള്ള മൺസൂൺ കാറ്റ് കൂടുതൽ സജീവമാകും. ഇത് മൺസൂൺ വരവ് വേഗത്തിലാക്കും. അറബിക്കടലിലെ മാറ്റങ്ങളും കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കാലവർഷം നേരത്തെ എത്തുന്നത് കാർഷിക മേഖലയ്ക്ക് വലിയ ഉണർവേകും. വേനൽച്ചൂടിൽ വലയുന്ന സാധാരണക്കാർക്കും മഴ ആശ്വാസമാകും.

യെലോ അലർട്ട്

സംസ്ഥാനത്ത് 13 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. എങ്കിലും വേനൽമഴ മുൻദിവസങ്ങളിലേതുപോലെ തുടരും. മിക്ക ജില്ലകളിലും ഇടിമിന്നലോടെയുള്ള മഴയാണ് നിലവിൽ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും കനക്കും. അതേസമയം 14 മുതൽ പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ദിവസത്തെ മഴ പ്രവചനം പുറത്തിറക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. 16ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് നൽകി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

വേനൽമഴക്കൊപ്പമുള്ള കാറ്റും ഇടിമിന്നലും അപകടകാരിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. നദികളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയർന്നേക്കാം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭരണകൂടങ്ങൾ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News