Enter your Email Address to subscribe to our newsletters

Malappuram , 13 മെയ് (H.S.)
പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ച സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് പൊലീസ് പൂർത്തിയാക്കി. രാവിലെ പത്തിന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് ജില്ല ഭരണകൂടത്തിൻ്റെ നിർദേശം. പരിക്കേറ്റ മൂന്ന് പേർ അപകടനില തരണം ചെയ്തു. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച (മെയ് 12) വൈകുന്നേരമാണ് പന്തല്ലൂർ മലയിൽ ശക്തമായ ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികൾ സ്ഥിരമായി എത്തുന്ന പ്രദേശമാണിത്. ഇവിടെ വ്യൂപോയിൻ്റ് സന്ദർശിക്കാനെത്തിയ ഏഴംഗ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിൻ്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിൻ്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനാണ് സംഘം മലമുകളിലെത്തിയത്.
നാടിനെ നടുക്കിയ ദുരന്തം
വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യൂപോയിൻ്റിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ നാല് പേർ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. അപകടസമയത്ത് പ്രദേശത്ത് കനത്ത മഞ്ഞും മഴയുമുണ്ടായിരുന്നു. ഇത് അടിക്കടി രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ രണ്ട് പേർ മരിച്ചു.
രാവിലെ പത്തിന് മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. നാടിനെ നടുക്കിയ ദുരന്തത്തിൽ പ്രദേശമാകെ കണ്ണീരിലാണ്. മരിച്ച വിദ്യാർഥികളുടെ നാടായ വെള്ളിലയിലെ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ ഒരേ സ്ഥലത്താണ് നാല് പേരെയും കബറടക്കുക.
നഷ്ടപരിഹാരം വേണംനാടിനും കുടുംബങ്ങൾക്കും മാതൃകയാകേണ്ട ചെറുപ്പക്കാരുടെ മരണം അത്യന്തം വേദനാജനകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. ജീവൻ പൊലിഞ്ഞ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്സംസ്ഥാനത്ത് വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇത്തവണ പതിവിലും നേരത്തെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. മെയ് 14 മുതൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
വേനൽമഴക്കൊപ്പമുള്ള കാറ്റും ഇടിമിന്നലും അപകടകാരിയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ മേഖലയിലുള്ളവർ ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം. അപകട സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. നദികളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയർന്നേക്കാം. മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. വീടുകൾക്കുള്ളിൽ തന്നെ തുടരാൻ ശ്രദ്ധിക്കണം. വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
മഴയുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ല ഭരണകൂടം അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR