സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമെന്ന് സിയാൽ
Kochi , 13 മെയ് (H.S.) കൊച്ചിയിൽ നിന്ന് ഇനി രണ്ട് മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമെന്ന് സിയാൽ അറിയിച്ചു. ആദ്യത്തെ സീ പ്ലെയിൻ കൊച്ചി നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന്
KOCHI LAKSHADWEEP SEAPLANE


Kochi , 13 മെയ് (H.S.)

കൊച്ചിയിൽ നിന്ന് ഇനി രണ്ട് മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമെന്ന് സിയാൽ അറിയിച്ചു. ആദ്യത്തെ സീ പ്ലെയിൻ കൊച്ചി നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന് പറന്നുയർന്നു. രണ്ട് മണിക്കൂറിനുള്ളിൽ അഗത്തി ദ്വീപിന് സമീപം കടലിൽ വിജയകരമായി ലാൻ്റ് ചെയ്തു. തുടർന്ന് ഇവിടെ നിന്നും കൽപ്പേനി-കവരത്തി റൂട്ടിലും സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തും.

ആദ്യ ഘട്ടത്തിൽ രാവിലെ 09.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം 11.30 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. അവിടെനിന്നും രണ്ടാം ഘട്ടമായ അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ (വെള്ളത്തിൽ ഇറങ്ങുന്ന സംവിധാനം) ഉച്ചയ്ക്ക് 11.35 മുതൽ 01.30 വരെ പ്രത്യേക പരിശീലന പറക്കലുകൾ നടത്തി. മൂന്നാം ഘട്ടത്തിൽ വൈകുന്നേരം 3 ന് അഗത്തിയിൽ നിന്ന് തിരിച്ച് പുറപ്പെട്ട വിമാനം 04.45 ഓടെ കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചെത്തി.

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ, പുതിയൊരു ചരിത്രം രചിച്ചാണ് സീ പ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരമായി തുടങ്ങിയത്. കൊച്ചിയിൽ നിന്നും ദ്വീപിലേക്കുള്ള സീ പ്ലെയിൻ യാത്രാ സർവീസ് വിനോദസഞ്ചാര മേഖലയിലും ദ്വീപിലേക്കുള്ള യാത്രാ സൗകര്യത്തിലും വലിയൊരു കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കുക.

സീ പ്ലെയിനിന് പിന്നിലെ ലക്ഷ്യം

കേരളവും ലക്ഷദ്വീപും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദ്വീപ് വിനോദസഞ്ചാരത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സീ പ്ലെയിൻ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. സീ പ്ലെയിനിൻ്റെ ആദ്യത്തെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി സിയാൽ വക്താവ് പി എസ് ജയൻ പറഞ്ഞു.

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പദ്ധതി, പ്രദേശത്തെ പ്രാദേശിക വിമാന സർവീസുകളുടെ സാധ്യതകൾ വിലയിരുത്തുന്നതിനും സ്ഥിരമായ സീ പ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുമുള്ള മുന്നോടിയായാണ് സംഘടിപ്പിച്ചത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള 'ട്വിൻ ഓട്ടർ' സീ പ്ലെയിൻ വിമാനമാണ് ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്.

വെള്ളത്തിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ളതാണ് ഈ വിമാനം. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ പറക്കലുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രധാനമായും രണ്ട് സെക്ടറുകളിലായാണ് ഈ ട്രയലുകൾ നടക്കുക. കൊച്ചി-അഗത്തി-കൽപ്പേനി-കവരത്തി എന്ന റൂട്ടിലും കൊച്ചി-കടമത്ത്-കിൽത്താൻ-അഗത്തി എന്ന റൂട്ടിലുമാണ് പരീക്ഷണ പറക്കൽ നിശ്ചയിച്ചിട്ടുള്ളത്.

ടൂറിസം മേഖലയ്ക്ക് ഉണർവ്

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കുള്ള യാത്രാ ദൈർഘ്യം കുറയ്ക്കാനും കൂടുതൽ ദ്വീപുകളെ വിമാന സർവീസിൻ്റെ പരിധിയിൽ കൊണ്ടുവരാനും ഈ റൂട്ടുകൾ സഹായിക്കും. പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) എന്നിവയുമായി സഹകരിച്ചാണ് സിയാൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഗ്രൗണ്ട് ഹാൻഡ്ലിംങ്, സുരക്ഷാ ക്രമീകരണങ്ങൾ, മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവ സിയാൽ ലഭ്യമാക്കി.ലക്ഷദ്വീപിൻ്റെ സമഗ്ര വികസനത്തിൽ ഈ സീ പ്ലെയിൻ പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിൻ്റെ പ്രധാന നേട്ടങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പടെയാണ് ലഭിക്കുക. സന്ദർശകർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ദ്വീപുകളിലേക്ക് എത്താൻ കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും.

അടിയന്തര സേവനങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ദ്വീപ് നിവാസികൾക്ക് കൊച്ചിയിലെത്താൻ സീ പ്ലെയിൻ സേവനം വേഗതയേറിയ മാർഗമാകും. സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി ലക്ഷദ്വീപിലെ പ്രാദേശിക ബിസിനസുകൾക്കും തൊഴിലവസരങ്ങൾക്കും കരുത്തേകും.

കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള നിർണായക ചുവടുവെയ്പ്പായാണ് ഈ പരീക്ഷണ സർവീസിനെ സിയാൽ കാണുന്നത്. പരീക്ഷണങ്ങൾ വിജയകരമാകുന്നതോടെ ഭാവിയിൽ കൂടുതൽ വിപുലമായ സീ പ്ലെയിൻ സേവനങ്ങൾ ഈ മേഖലയിൽ ആരംഭിക്കാനാണ് സാധ്യത. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകളുടെ എണ്ണം വെട്ടി ചുരുക്കിയതോടെ, ദ്വീപ് നിവാസികൾ വലിയ യാത്രാ പ്രതിസന്ധിയാണ് നേരിടുന്നത്. സീ പ്ലെയിൻ യാഥാർഥ്യമായാൽ ദ്വീപിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് കൂടിയാണ് പരിഹാരമാവുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News