Enter your Email Address to subscribe to our newsletters

Idukki, 13 മെയ് (H.S.)
ഇടുക്കിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുനൽകുമെന്ന് കരുതിയ ശാന്തൻപാറ ഗവൺമെൻ്റ് കോളജ് അധികൃതരുടെ അവഗണനയിൽ ശ്വാസം മുട്ടുന്നു. ഏഴ് വർഷം പിന്നിട്ടിട്ടും സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതെ, വാടകക്കെട്ടിടങ്ങളുടെ ചുവപ്പുനാടയിൽ കുടുങ്ങി ഒരു കലാലയത്തിൻ്റെ ഭാവി തന്നെ ഇരുട്ടിലാകുന്ന കാഴ്ചയാണിവിടെ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉദ്യോഗസ്ഥ ചുവപ്പുനാടയും ചേർന്ന് ഒരു സർക്കാർ കലാലയത്തിൻ്റെ ഭാവി തന്നെ തുലാസിലാക്കിയിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച മൂന്നാമത്തെ ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളജാണ് ഇത്. ഏഴ് വർഷം മുൻപ് വലിയ ആഘോഷങ്ങളോടെ ശാന്തൻപാറയിൽ ആരംഭിച്ച ഈ കലാലയം ഇന്നും പരിമിതമായ സൗകര്യങ്ങളുള്ള പൂപ്പാറ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഭൂമിയുണ്ടായിട്ടും കെട്ടിടം നിർമിക്കാത്തതും താത്ക്കാലികമായി വാടകയ്ക്കെടുക്കാൻ തീരുമാനിച്ച കെട്ടിടം വിട്ടുനൽകാൻ വൈകുന്നതും കോളജിൻ്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.
മാസ്റ്റർ പ്ലാൻ വിവാദം: ലാഭം ഊരാളുങ്കലിന് മാത്രം?
കോളജ് കെട്ടിട നിർമാണത്തിനായി പൂപ്പാറയിൽ റവന്യു വകുപ്പ് സ്ഥലം അനുവദിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 2020-21 കാലയളവിൽ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ ഫീസ് വാങ്ങി സൊസൈറ്റി സമർപ്പിച്ച 105 കോടിയുടെ പ്ലാൻ പക്ഷേ വെളിച്ചം കണ്ടില്ല. പ്രായോഗികമല്ലാത്ത ഈ പ്ലാൻ നടപ്പിലാക്കാൻ ആവശ്യമായ സ്ഥലം അനുവദിച്ച ഭൂമിയിൽ ഇല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതോടെ പത്ത് ലക്ഷം രൂപ വെറുതെയായി. നിലവിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് തയ്യാറാക്കിയ 40 കോടിയുടെ പ്ലാൻ ധനവകുപ്പിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കിൻഫ്ര കെട്ടിടവും ചുവപ്പുനാടയിൽ
സ്വന്തം കെട്ടിടം പൂർത്തിയാകുന്നത് വരെ കുളപ്പാറച്ചാലിലെ കിൻഫ്ര അപ്പാരൽ പാർക്ക് കെട്ടിടത്തിലേക്ക് കോളജ് മാറ്റാൻ നേരത്തെ തീരുമാനമായിരുന്നു. പ്രതിമാസം 3.5 ലക്ഷം രൂപ വാടക നിശ്ചയിച്ച് കിൻഫ്രയുമായി ധാരണയിലെത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പിൻ്റെ 'റെൻ്റ് സർട്ടിഫിക്കറ്റ്' ലഭിക്കാത്തത് തിരിച്ചടിയായി. 36,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം ലഭ്യമായിരുന്നെങ്കിൽ കോളജിന് ആവശ്യമായ ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഒരുക്കാൻ കഴിയുമായിരുന്നു.
വിദ്യാർഥികൾ കൊഴിയുന്നു; നഷ്ടപ്പെടുന്നത് പുതുതലമുറ കോഴ്സുകൾ
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം വിദ്യാർഥികൾ ഈ കോളജിനെ കൈവിടുകയാണ്. എംകോം, ബികോം, ബിഎ ഇംഗ്ലീഷ്, ബിഎസ്സി മാത്സ് എന്നീ കോഴ്സുകളിലായി 340 സീറ്റുകൾ ലഭ്യമാണെങ്കിലും നിലവിൽ നൂറിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഹോസ്റ്റൽ സൗകര്യമില്ലാത്തതും ലാബ് സൗകര്യങ്ങളുടെ കുറവും വിദ്യാർഥികളെ പിന്നോട്ടടിപ്പിക്കുന്നുവെന്ന് ബിജു വട്ടമറ്റം പറഞ്ഞു.
രണ്ട് പുതിയ കോഴ്സുകൾക്ക് സർവകലാശാല തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും കെട്ടിടമില്ലാത്ത സാഹചര്യത്തിൽ അവയും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെയും ധനവകുപ്പിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് ആശ്രയമാകേണ്ട ഈ സർക്കാർ കലാലയം ചരിത്രത്തിൻ്റെ ഭാഗമായി മാറാൻ അധികകാലം വേണ്ടിവരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR