Enter your Email Address to subscribe to our newsletters

Kochi, 13 മെയ് (H.S.)
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില് അതിജീവിത നിയപോരാട്ടം ശക്തമാക്കുന്നു. ഇതിന്റെഭാഗമായി നടി ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീല്‍ നല്‍കുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതയ്ക്കായി ഹാജരാകും.
നടിയുടെ നിയമപോരാട്ടത്തിന് പിന്തുണ നല്‍കാന്‍ 'അവള്‍ക്കൊപ്പം ലീഗല് സപ്പോര്ട്ട് ട്രസ്റ്റ്' രൂപീകരിച്ചിട്ടുണ്ട്. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആര്‍ കോഡും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഡബ്ല്യുസിസിയും അതിജീവിതയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു. ''നീതിക്കായുള്ള നമ്മുടെ സഹപ്രവര്‍ത്തകയുടെ തുടര്‍ച്ചയായ പോരാട്ടത്തിനു പിന്തുണ നല്‍കുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി സമാനമനസ്‌കരായ വ്യക്തികള്‍ ഒന്നിച്ചുകൂടിയിരിക്കുകയാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എപ്പോഴും അതിജീവിതയ്ക്കൊപ്പം നിന്നിട്ടുണ്ട്, നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ തുടര്‍ന്നും പിന്തുണ നല്‍കും'' - ട്രസ്റ്റിന്റെ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പലതവണ ദുരുപയോഗം ചെയ്യപ്പെടുകയും ഹാഷ് വാല്യൂ മാറിയെന്നും 'അവള്‍ക്കൊപ്പം ലീഗല് സപ്പോര്ട്ട് ട്രസ്റ്റ്' ആരോപിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി മുന്‍പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന പരാതി അതിജീവിതയ്ക്കുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ പുതിയ റിട്ട് ഹര്‍ജി നല്‍കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ 2025 ഡിസംബര്‍ എട്ടിനു വിചാരണക്കോടതി വിധി പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത ആറുപേര്‍ക്കു ശിക്ഷ ലഭിച്ചെങ്കിലും ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ തന്നെ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിതയും ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ.സന്ധ്യ എന്നിവരടങ്ങുന്ന നിയമ സംഘവും വൃന്ദാ ഗ്രോവര്‍ക്കൊപ്പമുണ്ടാകും. കെ.അജിത, ദീദി ദാമോദരന്‍, ഭാഗ്യലക്ഷ്മി, മേഴ്‌സി അലക്‌സാണ്ടര്‍, ജോസഫ് സി. മാത്യു, പ്രകാശ് ബാരെ, സോണിയ ജോര്‍ജ്, ബൈജു മേരിക്കുന്ന് തുടങ്ങിയവരാണ് 'അവള്‍ക്കൊപ്പം ലീഗല് സപ്പോര്‍ട്ട് ട്രസ്റ്റി'ന് നേതൃത്വം നല്‍കുന്നത്.
---------------
Hindusthan Samachar / Sreejith S