കോണ്ഗ്രസ് മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഉച്ചയ്ക്ക് മുമ്പ് പ്രഖ്യാപനം
New delhi, 13 മെയ് (H.S.) ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനം. ഉച്ചയ്ക്ക് മുമ്പ് തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. മുതിര്‍ന്ന നേതാക്കളുമായുള്ള അവസാനഘട്ട
congress cm


New delhi, 13 മെയ് (H.S.)

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനം. ഉച്ചയ്ക്ക് മുമ്പ് തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. മുതിര്‍ന്ന നേതാക്കളുമായുള്ള അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഹൈകമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവില്‍ ഹൈകമാന്‍ഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതിന് എഐസിസി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നും, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പാണക്കാട് ഇന്ന് അടിയന്തര നേതൃയോഗം ചേരും. ചരിത്രപരമായ വിജയം (22 സീറ്റുകള്‍) നേടിയ ലീഗിന് വിജയം ആഘോഷിക്കാന്‍ പോലും കഴിയാത്ത സാഹചര്യം ജനങ്ങള്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ലീഗ് നേതൃത്വം കരുതുന്നു. വി.ഡി. സതീശന്റെ പേരിനോട് ലീഗിന് താല്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം ബിജെപി ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ ആയുധമാക്കുകയാണ്. വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാര വടംവലി കാരണം മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ മൂലമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് മുന്നണി കടക്കും. കെ. മുരളീധരന്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, എ.പി. അനില്‍ കുമാര്‍, ചാണ്ടി ഉമ്മന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകള്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും പരിഗണിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.

---------------

Hindusthan Samachar / Sreejith S


Latest News