Enter your Email Address to subscribe to our newsletters

Malappuram, 13 മെയ് (H.S.)
മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്ന് മുസ്ലിം ലീഗ്. ഡല്‍ഹിയില്‍ നിന്നുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ഡല്‍ഹിയില്‍നിന്ന് തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ഒരാഴ്ചയൊക്കെ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ഹൈക്കമാന്‍ഡ് ഇതുവരെ ലീഗുമായി ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്നും തീരുമാനം വന്നതിനുശേഷം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.' അദ്ദേഹം പറഞ്ഞു.
യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് ആര്‍ക്കാണ് പിന്തുണ എന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. മാത്രമല്ല, ഹൈക്കമാന്‍ഡിന്റെ തീരുമാനം ലീഗിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന കാര്യത്തിലും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെയാണ് ലീഗ് നേരത്തെ പിന്തുണച്ചിരുന്നത്. നിലവില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായ സാഹചര്യമാണ് ഡല്‍ഹിയിലുള്ളത് എന്ന സൂചനയാണ് ലീഗിന്റെ പ്രതികരണത്തില്‍ നിന്നും ലഭിക്കുന്നത്. ഇടഞ്ഞുനില്‍ക്കാന്‍ സാധ്യതയില്ലെങ്കിലും ശക്തമായ പ്രതിഷേധം ഉണ്ടായേക്കാം എന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികണം നല്‍കുന്ന സൂചന.
അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ ലീഗിന് വലിയ പ്രശ്നമില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 'സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല. ഇനി ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. അതുകൊണ്ടുതന്നെ അവര്‍ വേറെ എവിടെയും പോയി ഉത്തരവുകള്‍ വാങ്ങില്ല. അത്തരം പേടികളൊന്നും ആര്‍ക്കും വേണ്ട.' അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S