Enter your Email Address to subscribe to our newsletters

Kochi, 13 മെയ് (H.S.)
കൊച്ചിയില്‍ നിന്ന് ഇനി രണ്ട് മണിക്കൂര്‍ കൊണ്ട് ലക്ഷദ്വീപിലെത്താം. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിനിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമെന്ന് സിയാല്‍ അറിയിച്ചു. ആദ്യത്തെ സീ പ്ലെയിന്‍ കൊച്ചി നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നു. രണ്ട് മണിക്കൂറിനുള്ളില്‍ അഗത്തി ദ്വീപിന് സമീപം കടലില്‍ വിജയകരമായി ലാന്റ് ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്നും കല്‍പ്പേനി-കവരത്തി റൂട്ടിലും സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ നടത്തും.
ആദ്യ ഘട്ടത്തില്‍ രാവിലെ 09.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം 11.30 ന് അഗത്തിയില്‍ ലാന്‍ഡ് ചെയ്തു. അവിടെനിന്നും രണ്ടാം ഘട്ടമായ അഗത്തിയിലെ വാട്ടര്‍ എയറോഡ്രോമില്‍ (വെള്ളത്തില്‍ ഇറങ്ങുന്ന സംവിധാനം) ഉച്ചയ്ക്ക് 11.35 മുതല്‍ 01.30 വരെ പ്രത്യേക പരിശീലന പറക്കലുകള്‍ നടത്തി. മൂന്നാം ഘട്ടത്തില്‍ വൈകുന്നേരം 3 ന് അഗത്തിയില്‍ നിന്ന് തിരിച്ച് പുറപ്പെട്ട വിമാനം 04.45 ഓടെ കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചെത്തി.
കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രയില്‍, പുതിയൊരു ചരിത്രം രചിച്ചാണ് സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരമായി തുടങ്ങിയത്. കൊച്ചിയില്‍ നിന്നും ദ്വീപിലേക്കുള്ള സീ പ്ലെയിന്‍ യാത്രാ സര്‍വീസ് വിനോദസഞ്ചാര മേഖലയിലും ദ്വീപിലേക്കുള്ള യാത്രാ സൗകര്യത്തിലും വലിയൊരു കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കുക.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പദ്ധതി, പ്രദേശത്തെ പ്രാദേശിക വിമാന സര്‍വീസുകളുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനും സ്ഥിരമായ സീ പ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമുള്ള മുന്നോടിയായാണ് സംഘടിപ്പിച്ചത്. സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള 'ട്വിന്‍ ഓട്ടര്‍' സീ പ്ലെയിന്‍ വിമാനമാണ് ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്.
വെള്ളത്തിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ളതാണ് ഈ വിമാനം. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ പറക്കലുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പ്രധാനമായും രണ്ട് സെക്ടറുകളിലായാണ് ഈ ട്രയലുകള്‍ നടക്കുക. കൊച്ചി-അഗത്തി-കല്‍പ്പേനി-കവരത്തി എന്ന റൂട്ടിലും കൊച്ചി-കടമത്ത്-കില്‍ത്താന്‍-അഗത്തി എന്ന റൂട്ടിലുമാണ് പരീക്ഷണ പറക്കല്‍ നിശ്ചയിച്ചിട്ടുള്ളത്.
---------------
Hindusthan Samachar / Sreejith S