ആര്യ രാജേന്ദ്രന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മേയര് വി.വി. രാജേഷ്; നഗരസഭയില് കരാര് വിവാദം
Thiruvanathapuram, 13 മെയ് (H.S.) തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കമലേശ്വരം കണ്‍വെന്‍ഷന്‍ സെന്റര്‍ കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവ്. നിലവിലെ മേയര്‍ വി.
V.V.Rajesh


Thiruvanathapuram, 13 മെയ് (H.S.)

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കമലേശ്വരം കണ്‍വെന്‍ഷന്‍ സെന്റര്‍ കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവ്. നിലവിലെ മേയര്‍ വി.വി. രാജേഷ് ആണ് അന്വേഷണത്തിനായി കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്.

ഭരണപക്ഷത്തെ വി ജി ഗിരികുമാറാണു യോഗത്തില്‍ വിഷയം ഉന്നയിച്ചത്. ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എന്‍ജിനീയറിംഗ് വിഭാഗം വഴി കരാര്‍ നല്‍കിയത് ദുരൂഹമാണെന്നു ഗിരികുമാര്‍ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടത്തിയ അഴിമതിയുടെ ഒരറ്റം മാത്രമാണിത്. ഇതു സംബന്ധിച്ച പേപ്പര്‍ ഫയല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടു തീരുമാനമെടുത്തു. എന്നാല്‍ സെക്രട്ടറി കണ്ടിട്ടുമില്ല. കോര്‍പ്പറേഷന്റെ ആസ്തികള്‍ ലേലം ചെയ്യേണ്ടതും കരാര്‍ നല്‍കേണ്ടതും ധനകാര്യ സ്ഥിരം സമിതിയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയില്‍ ഭൂരിപക്ഷവും ബിജെപി അംഗങ്ങളായിരുന്നു. ഇതു മനസിലാക്കിയാണു വളഞ്ഞ വഴിയില്‍ എന്‍ജിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച്

ആര്യ തീരുമാനം നടപ്പിലാക്കിയതെന്നും ഗിരികുമാര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് മേയര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

കോര്‍പ്പറേഷന്റെ ആസ്തികളെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കെ എസ് ശബരീനാഥ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ എണ്ണം, സ്ഥിരം, കരാറുകാര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകമായി പ്രസിദ്ധീകരിക്കണമെന്നും അനധികൃത നിയമനങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News