Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മെയ് (H.S.)
എ ക്ലാസ് ആയി കണക്കാക്കിയ മണ്ഡലങ്ങളില് പോലുമുള്ള വോട്ടുചോർച്ച, ഘടക കക്ഷികള്ക്ക്, പ്രത്യേകിച്ച് ട്വന്റി20ക്ക് വാരിക്കോരി സീറ്റുകള് നല്കിയത്...
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി നാളെ ചേരുമ്പോള് പാർട്ടി നേതൃത്വം ഈ രണ്ട് വിഷയങ്ങളില് ചോദ്യശരങ്ങള് നേരിടേണ്ടി വരും. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള പല മണ്ഡലങ്ങള് പോലും ഘടക കക്ഷികള്ക്ക് നല്കിയെന്നും അവിടങ്ങളില് പലതിലും പാർട്ടി വോട്ടുകള് കുറഞ്ഞെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള് തന്നെ വിലയിരുത്തലുണ്ടായതാണ്. ട്വന്റി20ക്ക് 19 സീറ്റുകള് നല്കിയത് പലയിടങ്ങളിലും ബിജെപി വോട്ടുകളില് ചോർച്ച വരുത്തിയെന്ന അഭിപ്രായവും പാർട്ടിക്കുള്ളില് ശക്തമാണ്.
തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, ഏറ്റുമാനൂർ ഉള്പ്പെടെ പല നിർണായക മണ്ഡലങ്ങളിലും എൻഡിഎ വോട്ടില് കുറവ് വന്നത് കോർ കമ്മിറ്റിയിലും 16ന് നടക്കുന്ന ഭാരവാഹി യോഗത്തിലും ചർച്ചയാകും. ബിജെപിക്കെതിരെ ഉയരുന്ന വോട്ട് മറിക്കല് ആരോപണങ്ങള് ശരിവക്കുന്നതാണ് ഈ കണക്കുകളെന്ന ഒരു വിഭാഗത്തിന്റെ വിലയിരുത്തലും യോഗങ്ങള് ചർച്ച ചെയ്യും.
2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള് തൃക്കരിപ്പൂർ-3124, പയ്യന്നൂർ -2876, മട്ടന്നൂർ-408, പേരാവൂർ-923, എലത്തൂർ-500, തിരുവമ്പാടി-414, വണ്ടൂർ -1039, പെരിന്തല്മണ്ണ-781, തിരൂർ 463, കോട്ടക്കല്-468, ഷൊർണൂർ- 3709, കോങ്ങാട് -2736, മലമ്പുഴ -1292, പാലക്കാട്-1168, ആലത്തൂർ-1002, ഒല്ലൂർ-2558, ഇരിങ്ങാലക്കുട-7162, പുതുക്കാട്-6875, ചാലക്കുടി 1271, കൊടുങ്ങല്ലൂർ 4271, ഏറ്റുമാനൂർ 771, പുതുപ്പള്ളി -150, കാഞ്ഞിരപ്പള്ളി 2173, ആലപ്പുഴ-6277, അമ്പലപ്പുഴ-6041, മാവേലിക്കര-7755, ചെങ്ങന്നൂർ-3551, ചവറ- 3199, കൊട്ടാരക്കര- 559, പത്തനാപുരം- 5333, പുനലൂർ- 4676, ചടയമംഗലം- 1267, വട്ടിയൂർക്കാവ്- 2383 എന്നിങ്ങനെയാണ് വോട്ട് കുറഞ്ഞത്.
ഇതില് ആലപ്പുഴ, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, അമ്പലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ വോട്ടുചോർച്ച പാർട്ടി ഗൗരവകരമായി തന്നെ പഠിക്കുന്നുണ്ട്. വിജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച് 36 മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് ആയി പരിഗണിച്ച് കൂടുതല് ഗൗരവത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങള് നടത്തിയത്. ഇവിടങ്ങളില് വലിയ തോതില് ഫണ്ട് ചെലവഴിക്കുകയും മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ള നേതാക്കളെ പ്രചാരണ ചുമതല ഏല്പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്, മൂന്നിടങ്ങളില് ജയിക്കാനും ആറിടങ്ങളില് രണ്ടാമതെത്താനുമേ സാധിച്ചുള്ളൂയെന്നത് പ്രത്യേക ചർച്ചാവിഷയമാകും.
ഇത് എന്തുകൊണ്ട് സംഭവിച്ചെന്ന പരിശോധന വേണമെന്ന ആവശ്യം പാർട്ടിക്കുള്ളില് ശക്തമാണ്. പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം മാറ്റിവെച്ച് 'വികസിത കേരളം' മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയത് പലയിടങ്ങളിലും തിരിച്ചടിയായെന്ന അഭിപ്രായവും ശക്തമാണ്. എഫ്.സി.ആർ.എ വിഷയത്തില് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ഇല്ലാതാക്കുന്നതില് നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനത്തിനും യോഗങ്ങളില് മറുപടി നല്കേണ്ടി വരും.
അതേസമയം, മൊത്തം വോട്ടുവിഹിതം കുറഞ്ഞെങ്കിലും 20 മണ്ഡലങ്ങളില് 20 ശതമാനത്തിലധികം വോട്ട് നേടിയെന്നത് നേട്ടമായി നേതൃത്വത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയും. കഴിഞ്ഞ ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള് എൻഡിഎയുടെ വോട്ട് വിഹിതത്തില് കുറവുണ്ടായിട്ടുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില് 19.26 ശതമാനം വോട്ട് നേടിയ എൻഡിഎക്ക് തദ്ദേശ തെരഞ്ഞെടുപ്പില് 14.71 ശതമാനം മാത്രമാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില് അത് 14.13 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്.
20ഓളം മണ്ഡലങ്ങളില് 20 ശതമാനത്തിലേറെ വോട്ടുകള് നേടിയതില് പാർട്ടിക്ക് പ്രതീക്ഷ വെച്ചുപുലർത്തുന്നുമുണ്ട്. നേമം (41.1 ശതമാനം), ചാത്തന്നൂർ (38.5), മഞ്ചേശ്വരം (36.4), കഴക്കൂട്ടം (35.9), പാലക്കാട് (33.8), കാസർകോട് (32.2), ആറ്റിങ്ങല് (31.3), തിരുവല്ല (33.1), തിരുവനന്തപുരം (30.2) എന്നിങ്ങനെയാണ് വോട്ടു ശതമാനം. നാട്ടിക, വട്ടിയൂർക്കാവ്, ഹരിപ്പാട്, കോഴിക്കോട് നോർത്ത്, കാട്ടാക്കട, കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, പൂഞ്ഞാർ, നെടുമങ്ങാട്, പാലാ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളില് 20 ശതമാനത്തിലധികം വോട്ടു നേടി.
യുഡിഎഫ് അനുകൂല തരംഗം ഇല്ലായിരുന്നെങ്കില് പത്ത് സീറ്റെങ്കിലും നേടാമായിരുന്നു എന്ന വിലയിരുത്തലും പാർട്ടി നടത്തുന്നുണ്ട്.
നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളില് ജയിക്കുകയും ആറ്റിങ്ങല്, തിരുവല്ല, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളില് രണ്ടാമതെത്തുകയും ചെയ്തതിനെ വളർച്ചയായി തന്നെ വിലയിരുത്തുന്നുമുണ്ട്. ഈ വളർച്ച ഭാവിയില് ഏത് മുന്നണിയെ ക്ഷീണിപ്പിക്കുമെന്നത് കേരളത്തില് നിർണായകമാകുകയും ചെയ്യും.
അതിനിടെ, ട്വന്റി20 ബിജെപിക്കൊപ്പം ചേർന്നത് നിയമസഭ തെരഞ്ഞെടുപ്പില്, പ്രത്യേകിച്ച് എറണാകുളം ജില്ലയില് എൻഡിഎക്ക് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. 2021ലെ തെരഞ്ഞെടുപ്പില് എൻഡിഎക്ക് ലഭിച്ച വോട്ടില്, ട്വന്റി20 സഖ്യകക്ഷിയായ ശേഷം വർധന ഉണ്ടായില്ലെന്നാണ് വിവിധ മണ്ഡലങ്ങളിലെ കണക്കുകള് വ്യക്തമാക്കുന്നത്. 2021ല് എറണാകുളത്തെ 14 മണ്ഡലങ്ങളില് മത്സരിച്ച എൻഡിഎക്ക് 1,74,065 വോട്ടും എട്ട് മണ്ഡലങ്ങളില് മാത്രം മത്സരിച്ച ട്വന്റി20ക്ക് 1,45,664 വോട്ടുമാണ് ആകെ ലഭിച്ചത്. ഇതുപ്രകാരം, ട്വന്റി20 ഒപ്പം ചേർന്ന ശേഷമുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പില് എൻഡിഎക്ക് ഏറ്റവും കുറഞ്ഞത് 3,10,729 വോട്ടാണ് ലഭിക്കേണ്ടത്. എന്നാല്, ലഭിച്ചത് 2,53,137 വോട്ട് മാത്രമാണ്. അതായത് 66,592 വോട്ടിന്റെ കുറവാണ് ഉണ്ടായത്.
ട്വന്റി20യുടെ വോട്ട് കൂടിയാകുമ്പോള് ഇത്തവണ വൻ കുതിപ്പ് നടത്താനാവും എന്നായിരുന്നു എൻഡിഎയുടെ കണക്കുകൂട്ടല്. എന്നാല്, വികസനവും ബദലും ഉയർത്തിക്കാട്ടി 'സ്വപ്ന രാഷ്ട്രീയം' പറഞ്ഞ ട്വന്റി20ക്ക് തെരഞ്ഞെടുപ്പില് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒറ്റക്ക് നിന്നപ്പോള് ലഭിച്ച വോട്ട് പോലും പിടിക്കാൻ ഇത്തവണ സാധിച്ചില്ല. ബിജെപിക്കൊപ്പം ചേർന്നത് ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ വിഭാഗം, യുവാക്കള്, സ്വതന്ത്ര വോട്ടർമാർ എന്നിവരെ ട്വന്റി20യില് നിന്ന് അകറ്റുകയും ഇത് എൻഡിഎക്ക് തിരിച്ചടിയാവുകയും ചെയ്തെന്നാണ് വിലയിരുത്തല്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR