എറണാകുളം ബൈപ്പാസ്; വേഗം കൂട്ടി ദേശീയപാത അതോറിറ്റി, പുതിയ സാങ്കേതിക വിദ്യാ ഉപയോഗിക്കും
Ernakulam , 14 മെയ് (H.S.) കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്ക്ക് വേഗം കൂട്ടാൻ പുതിയ സാങ്കേതികവിദ്യയുമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). അങ്കമാലിയിലെ കാരായമ്പറമ്പ് മുതല് അരൂർ വരെ നിർമിക്കാൻ പദ്ധതിയിടുന്ന പുതിയ കൊച്ചി ബൈപ്പാസിന്റെ ഭൂസർവ്വേ നടപടി
Ernakulam bypass


Ernakulam , 14 മെയ് (H.S.)

കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്ക്ക് വേഗം കൂട്ടാൻ പുതിയ സാങ്കേതികവിദ്യയുമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ).

അങ്കമാലിയിലെ കാരായമ്പറമ്പ് മുതല് അരൂർ വരെ നിർമിക്കാൻ പദ്ധതിയിടുന്ന പുതിയ കൊച്ചി ബൈപ്പാസിന്റെ ഭൂസർവ്വേ നടപടികള്ക്കായി ഇനി കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ് (സിഒആർഎസ്) സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കലും സർവ്വേ നടപടികളും വേഗത്തിലും കൂടുതല് കൃത്യതയോടെയും പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തല്.

ഇതുവരെ ഉപയോഗിച്ചിരുന്ന ടോട്ടല് സ്റ്റേഷൻ രീതിയേക്കാള് ഏറെ മുന്നിലാണ് പുതിയ കോഴ്സ് സാങ്കേതികവിദ്യയെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറയുന്നു. പഴയ രീതിയില് സർവ്വേ പൂർത്തിയാക്കാൻ മാസങ്ങള് വേണ്ടിവന്നിരുന്നെങ്കില്, ഇനി ആഴ്ചകള്ക്കുള്ളില് തന്നെ വലിയ ഭാഗങ്ങള് അളന്ന് തീർക്കാൻ കഴിയും. അതോടെ ഭൂമി ഏറ്റെടുക്കല് നടപടികളും വേഗത്തിലാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2025 അവസാനത്തോടെ ഭൂമി ഏറ്റെടുക്കല് വിജ്ഞാപനമായ 3എ-യുടെ കാലാവധി അവസാനിച്ചത് അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീല്ഡ് ബൈപ്പാസ് പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. 2025 ഓഗസ്റ്റ് 29-നകം 3ഡി വിജ്ഞാപനം പുറത്തിറക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. ആവശ്യമായ 750 ഏക്കർ ഭൂമിയില് വെറും 160 ഏക്കർ മാത്രമാണ് അന്ന് സർവ്വേ പൂർത്തിയാക്കിയിരുന്നത്. മാസങ്ങള് എടുത്തിരുന്ന സർവ്വേ നടപടികള് കോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോള് ആഴ്ചകള്ക്കുള്ളില് പൂർത്തിയാക്കാൻ സാധിക്കും, എൻഎച്ച്എഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

പദ്ധതിയുടെ രൂപരേഖയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. 2018-ല് നടത്തിയ ട്രാഫിക് പഠനവുമായി താരതമ്യം ചെയ്യുമ്പോള് 2025 ല് കണ്ടെത്തിയ വലിയ മാറ്റം വാഹനത്തിരക്ക് തന്നെയാണ്. ഭാവിയില് ഗതാഗതക്കുരുക്ക് രൂക്ഷമാകാതിരിക്കാനാണ് പദ്ധതി പുനർരൂപകല്പ്പന ചെയ്യാൻ തീരുമാനിച്ചത്.

ആദ്യഘട്ടത്തില് നെട്ടൂർ ജംഗ്ഷൻ വരെ മാത്രമായിരുന്നു ബൈപ്പാസ് പദ്ധതി. എന്നാല് ഇപ്പോള് ഇത് അരൂർ വരെ നീട്ടാനാണ് തീരുമാനം. ഇതോടെ പദ്ധതിയുടെ ദൂരം 44.7 കിലോമീറ്ററില് നിന്ന് ഏകദേശം 50 കിലോമീറ്ററാകും. അരൂർ-തുറവൂർ ഉയരപ്പാതയുമായി നേരിട്ട് ബന്ധിപ്പിക്കാനാണ് ഈ നീട്ടം ലക്ഷ്യമിടുന്നത്. കൂടാതെ ആദ്യം ആറ് വരിപ്പാതയായിരുന്ന പദ്ധതി ഇപ്പോള് എട്ട് വരിപ്പാതയായി വികസിപ്പിക്കാനാണ് എൻഎച്ച്എഐ ആലോചിക്കുന്നത്.

കോഴ്സ് സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത ഉപഗ്രഹ സഹായത്തോടെ സെന്റിമീറ്റർ തലത്തിലുള്ള കൃത്യതയില് ഭൂമി അളക്കാൻ കഴിയുന്നതാണ്. ജിഎൻഎസ്എസ് (Global Navigation Satellite System) റിസീവറുകളുടെ ശൃംഖലയാണ് ഇതിന് ഉപയോഗിക്കുന്നത്. പഴയ രീതിയില് പോലെ ഓരോ സ്ഥലത്തും താല്ക്കാലിക ബേസ് സ്റ്റേഷനുകള് സ്ഥാപിക്കേണ്ടതില്ല. അതിനാല് കൂടുതല് വേഗത്തില് സർവ്വേ പൂർത്തിയാക്കാൻ കഴിയും.

കേരളത്തിലെ മറ്റ് ദേശീയപാത പദ്ധതികളിലും ഇനി ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. കൊല്ലം-ചെങ്കോട്ട ദേശീയപാത 744, പാലക്കാട്-മലപ്പുറം-കോഴിക്കോട് ദേശീയപാത 966, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതികള് എന്നിവയില് കോഴ്സ് സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

അതേസമയം, ഈ സംവിധാനത്തിന് ചില പരിമിതികളും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാല് ഉയരമുള്ള മരങ്ങളും കനത്ത മരച്ചില്ലകളും സർവ്വേയ്ക്ക് തടസ്സമാകാം. അത്തരത്തിലുള്ള ഇടങ്ങളില് മരംമുറി നടപടികള് വേണ്ടിവരാനിടയുണ്ടെന്നും എൻഎച്ച്എഐ വ്യക്തമാക്കി. പദ്ധതിയുടെ ദൂരം വർധിച്ചതും പഴയ വിജ്ഞാപനം കാലഹരണപ്പെട്ടതും കാരണം പുതിയ 3എ വിജ്ഞാപനം വീണ്ടും പുറത്തിറക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. നിലവില് പദ്ധതി പ്രി-അലൈൻമെന്റ് അപ്രൂവല് ഘട്ടത്തിലാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News