Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മെയ് (H.S.)
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവന് ഒറ്റയടിക്ക് 720 രൂപ വർധിച്ചു. ഇതോടെ പവൻ വില 1,19,040 രൂപയായി. ഗ്രാമിന് 90 രൂപ കൂടി 14,880 രൂപയിലെത്തി. കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് വിപണിയിലെ ഈ മാറ്റം. വരും ദിവസങ്ങളിലും വിപണിയിൽ ഈ വർധന തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തലുകളുണ്ട്.
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 75 രൂപ കൂടി 12,225 രൂപയിലെത്തി. പവന് 97,800 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കൂടി. ഇതോടെ ഗ്രാം വില 9,520 രൂപയായി. ഇതനുസരിച്ച് 14 കാരറ്റ് പവന് 76,160 രൂപ നൽകണം. അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയാണ് വിപണി നിരക്ക്. 10 ഗ്രാമിന് 3201 രൂപ നൽകണം.
സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയായി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ഇത് വ്യത്യാസപ്പെടാം. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തണം. ഇതോടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1.40 ലക്ഷം രൂപയെങ്കിലും ഉപഭോക്താവ് നൽകണം.
ഇത്രയും വലിയ തുക ഒറ്റയടിക്ക് നൽകേണ്ടി വരുന്നത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കും. വില ഉയർന്നാലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താത്പര്യം കേരളത്തിൽ ശക്തമായി തുടരുകയാണ്. വിലയിലെ ഏറ്റക്കുറച്ചിലുകൾ അധികകാലം നീണ്ടുനിൽക്കാറില്ല. അതിനാൽ വിപണിയിലെ വേഗത്തിലുള്ള മാറ്റങ്ങൾ നിക്ഷേപകർക്ക് നിർണായകമാണ്.
സ്വർണ ഉപഭോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. വിവാഹ ആവശ്യങ്ങൾക്ക് പുറമെ സാംസ്കാരിക ഘടകങ്ങളും രാജ്യത്ത് സ്വർണത്തിന് അനന്തമായ ഡിമാൻഡ് ഉണ്ടാക്കുന്നുണ്ട്. ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ആഗോള വിപണിയിൽ വൻ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സംഭവവികാസങ്ങളാണ് നിലവിലെ വിലമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഇതിനൊപ്പം കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കൂട്ടിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
ഇന്നലെ മാത്രം സംസ്ഥാനത്തെ സ്വർണവിലയിൽ മൂന്ന് തവണ മാറ്റം രേഖപ്പെടുത്തി. രാവിലെ ഉയർന്ന വില പിന്നീട് രണ്ട് തവണയായി കുറയുകയായിരുന്നു. 22 കാരറ്റ് സ്വർണം പവന് 10,200 രൂപ ഇന്നലെ രാവിലെ ഒറ്റയടിക്ക് വർധിച്ചു. ഗ്രാമിന് 1275 രൂപയാണ് കൂടിയത്. പിന്നീട് സ്വർണ വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 500 രൂപയും പവന് 4000 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് കുറഞ്ഞത്. ഈ വിലയിടിവ് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകി. എന്നാൽ ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ വീണ്ടും വില കുതിച്ചുയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ
അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങൾ വരും ദിവസങ്ങളിലും സ്വർണവിലയെ ബാധിക്കും. വിപണിയിലെ ഈ മുന്നേറ്റമായിരിക്കും ഭാവിയിലെ വില നിശ്ചയിക്കുകയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി. യുഎസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് ആഭ്യന്തര വിപണിയിൽ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.
ഇതിന് പുറമെ സംസ്ഥാനത്തെ പ്രാദേശിക ആവശ്യകതകളും രാജ്യാന്തര ഇറക്കുമതി നയങ്ങളും സ്വർണവില നിർണയിക്കുന്നതിൽ സുപ്രധാന ഘടകമാണ്. വ്യവസായിക ആവശ്യങ്ങൾക്ക് വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വെള്ളിവിലയിലും വേഗത്തിൽ മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR