Enter your Email Address to subscribe to our newsletters

Newdelhi , 14 മെയ് (H.S.)
ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനായി നാളെ പുറപ്പെടും. യുഎഇ അടക്കം യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഈ വർഷം ആദ്യത്തിൽ തന്നെ അന്തിമരൂപം നൽകിയ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിലാണ് ഈ നാല് യൂറോപ്യൻ രാജ്യങ്ങളിലെയും സുപ്രധാന സന്ദർശനം.
വിദേശകാര്യ മന്ത്രാലയം വെസ്റ്റ് സെക്രട്ടറി സിബി ജോർജ് വാർത്താസമ്മേളനത്തിലാണ് അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയെ സംബന്ധിക്കുന്ന അജണ്ടകൾ വ്യക്തമാക്കിയത്. മെയ് 15 മുതൽ 20 വരെയുള്ള പര്യടനത്തിൽ ആദ്യ സന്ദർശനം യുഎഇയിലായിരിക്കും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം എന്നിവയ്ക്ക് പുറമെ ജനങ്ങൾ തമ്മിലുള്ള ബന്ധവും ഊർജ സുരക്ഷയും മറ്റ് ഉഭയകക്ഷി വിഷയങ്ങളും ചർച്ചയാകും. ഒപെക് പൈപ്പ് ലൈനുകളുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒപെകിൽ നിന്ന് പുറത്തുപോകാൻ യുഎഇ തീരുമാനിച്ചിരുന്നു. ഈ സമയത്ത് സന്ദർശനം നടത്തുന്നത് നിർണായകമാണെന്നും ഇന്ത്യയുടെ വലിയ തോതിലുള്ള ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത് യുഎഇയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ 45 ലക്ഷത്തോളം ഇന്ത്യക്കാർ യുഎഇയിൽ താമസിക്കുന്നുണ്ട്.
നെതർലൻഡ്സിലെ നിർണായക ചർച്ചകൾയുഎഇയിലെ സന്ദർശനത്തിന് ശേഷം മെയ് 15 മുതൽ 17 വരെ അദ്ദേഹം നെതർലൻഡ്സിൽ പ്രധാനമന്ത്രി പര്യടനം നടത്തും. 2017ന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഉഭയകക്ഷി ബന്ധത്തിൽ വളരെ നിർണായകമായ ഒരു സമയത്താണ് ഈ സന്ദർശനം നടക്കുന്നത്.
നെതർലൻഡ്സ് രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ, ഡച്ച് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അദ്ദേഹം പ്രമുഖ വ്യവസായ പ്രതിനിധികളുമായും ഇന്ത്യൻ സമൂഹവുമായും സംവദിക്കും. സെമികണ്ടക്ടർ മേഖലയിലെ ഉഭയകക്ഷി സഹകരണവും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധമുള്ള മറ്റ് അഡ്വാൻസ്ഡ് അജണ്ടകളും ഇതിൽ ഉൾപ്പെടും.
സ്വീഡനിലും നോർവേയിലും
മെയ് 17 ന് പ്രധാനമന്ത്രി സ്വീഡനിലെ ഗോഥെൻബർഗിൽ എത്തും. 2018 ലെ ആദ്യത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി അദ്ദേഹം ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. നിർമ്മിത ബുദ്ധി, പ്രതിരോധ ശേഷിയുള്ള വിതരണ ശൃംഖലകൾ, ഹരിത സംക്രമണം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിൾ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് മോദി നർവേയിലെത്തും.
43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന വലിയൊരു പ്രത്യേകതയും ഇതിനുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, ഹരിത ഊർജം എന്നിവയിൽ ഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാർ പരമാവധി പ്രയോജനപ്പെടുത്തി സമുദ്ര അധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയുള്ള ബ്ലൂ എക്കണോമി ചർച്ചകളിൽ അദ്ദേഹം പങ്കുചേരും.
ഇന്ത്യ-നോർഡിക് ഉച്ചകോടിയും ഇറ്റലി സന്ദർശനവും
മെയ് 19 ന് ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും ഈ സുപ്രധാന ഉച്ചകോടിയുടെ ഭാഗമാകും. സന്ദർശനത്തിൻ്റെ അവസാന ഘട്ടത്തിൽ മെയ് 19, 20 തീയതികളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് മോദി ഇറ്റലിയിലെത്തും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം നടത്തുന്ന 2025-2029 ജോയിൻ്റ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ വിലയിരുത്തും. വരാനിരിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നിർണായക വിദേശ പര്യടനം വിവിധ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ബന്ധങ്ങളെ വിപുലമാക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR