Enter your Email Address to subscribe to our newsletters

Kochi , 14 മെയ് (H.S.)
നഗരത്തിലെ യാത്രക്കാരെ വലച്ചുകൊണ്ട് എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗണ് റെയില്വേ സ്റ്റേഷനുകളുടെ പുനർവികസന ജോലികള്ക്ക് വലിയ കാലതാമസം നേരിടുകയാണ്.
ദക്ഷിണ റെയില്വേയുടെ വിവരാവകാശ മറുപടി പ്രകാരം, 2026-ല് പൂർത്തിയാകേണ്ടിയിരുന്ന ഈ പദ്ധതികളുടെ പുതിയ സമയപരിധി 2028 ഫെബ്രുവരി (ജംഗ്ഷൻ), 2027 ഡിസംബർ (ടൗണ്) എന്നിങ്ങനെയാണ് നല്കിയിരിക്കുന്നത്.
ജംഗ്ഷനിലെ കാലതാമസത്തിന് കാരണം കൊല്ക്കത്തയിലെ ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനിക്ക് നല്കിയ കരാർ റദ്ദാക്കിയതാണ്. 'ജോലികള് തൃപ്തികരമല്ലാത്തതിനാല് 2025 മെയ് മാസത്തില് റദ്ദാക്കിയ കരാറിന് പകരം 2025 ഒക്ടോബറില് പുതിയത് നല്കി' ദക്ഷിണ റെയില്വേ വ്യക്തമാക്കി. നിലവില് പ്രവർത്തനങ്ങള് പുരോഗമിക്കുന്നു. ഏകദേശം 380 കോടിയുടെ പുതുക്കിയ ബജറ്റില് നടക്കുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷം 6.2 കോടി അനുവദിച്ചിരുന്നു.
എറണാകുളം ടൗണ് സ്റ്റേഷനിലെ നവീകരണവും വൈകും. ഒന്നാം ഘട്ട നിർമാണം പുരോഗമിക്കുന്നു; ഇത് പൂർത്തിയായാലേ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകൂ. 150.28 കോടി ചെലവുള്ള ഈ പദ്ധതി 2022 ഓഗസ്റ്റില് കരാർ നേടിയ ചെന്നൈയിലെ റാങ്ക് പ്രോജക്റ്റ്സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് നിർവഹിക്കുന്നത്. 2026 മെയ് മാസത്തോടെ കമ്മിഷൻ ചെയ്യാനിരുന്ന ടൗണ് സ്റ്റേഷന് 2026-27 സാമ്പത്തിക വർഷത്തേക്ക് 56 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മണ്സൂണ് അടുത്തിരിക്കെ യാത്രക്കാർ കൂടുതല് ആശങ്കയിലാണ്. സൗത്ത് റെയില്വേ സ്റ്റേഷന് 2025ഓടെ വിമാനത്താവളത്തിന്റെ നിലവാരത്തിലുള്ള സൗകര്യങ്ങള് ലഭിക്കുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാല് ഇന്ന് യാത്രക്കാരെ കാത്തിരിക്കുന്നത് ബാരിക്കേഡുകളും ചെളിയും പൂർത്തിയാകാത്ത കോണ്ക്രീറ്റ് നിർമ്മാണങ്ങളുമാണ്.
350 കോടി രൂപയുടെ ഈ നവീകരണ പദ്ധതി നിലവില് ഇഴഞ്ഞു നീങ്ങുകയാണ്. കരാർ പരാജയം, സമയബന്ധിതമല്ലാത്ത നടപടികള്, പുതിയ ടെൻഡർ വിളിക്കുന്നതിലെ കാലതാമസം എന്നിവയായിരുന്നു ഏറെക്കാലം തടസമായി നിന്നത്.ഇപ്പോഴാണ് അതെല്ലാം നീങ്ങി ജോലികള് തുടങ്ങിയത്. അവിടെയാണ് വരാനിരിക്കുന്ന മണ്സൂണ് മഴ വെല്ലുവിളിയാവും എന്ന് കരുതുന്നത്.
സ്റ്റേഷനുള്ളില് സാധാരണ രീതിയിലുള്ള യാത്ര ബുദ്ധിമുട്ടിലായിരിക്കുന്ന സ്ഥിതിയാണ്. ടിക്കറ്റ് കൗണ്ടറുകള് പ്രധാന കെട്ടിടത്തിന് പുറത്താണ്. യാത്രക്കാർക്ക് പ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ ദീർഘദൂരം നടക്കേണ്ടിവരുന്നു. സ്ഥലപരിമിതി തിരക്ക് വർധിപ്പിക്കുന്നുവെന്നും യാത്രക്കാർ പരാതി ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില് അധികൃതർ പറയുന്ന സമയപരിധി വരെ കാത്തിരിക്കുക മാത്രമാണ് യാത്രക്കാർക്ക് പോംവഴി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR