Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മെയ് (H.S.)
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ കോണ്ഗ്രസ് ഹൈക്കമാന്ഡ് തീരുമാനത്തില് കടുത്ത പ്രതിഷേധമുയര്ത്തി മുതിര്ന്ന നേതാവും മുന് പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന് തീരുമാനിച്ച ഹൈക്കമാന്ഡ് തീരുമാനം അറിയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധിയോട് അദ്ദേഹം തൻ്റെ അതൃപ്തി സൂചിപ്പിച്ചതായാണ് വിവരം.
വിവരമറിഞ്ഞപ്പോള് വിതുമ്പി കൊണ്ടാണ് രണ്ടാമതും തന്നെ കോണ്ഗ്രസ് ഹൈക്കമാന്ഡ് തഴഞ്ഞ കാര്യം അദ്ദേഹം സഹപ്രവര്ത്തകരോടു പങ്കുവച്ചത്. ഇന്നു നടക്കുന്ന കോണ്ഗ്രസ് പാര്ലമെൻ്ററി പാര്ട്ടി യോഗവും യുഡിഎഫ് പാര്ലമെൻ്ററി പാര്ട്ടി യോഗവും ബഹിഷ്കരിച്ച അദ്ദേഹം തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയില്നിന്ന് രഹസ്യമായി പുറത്തു പോയി. നാളെ മലയാളം മാസം ഒന്നാം തീയതിയായതിനാല് പതിവുപോലെ ഗുരുവായൂര് സന്ദര്ശനത്തിനു പോയതാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര് അറിയിച്ചു. രമേശ് ചെന്നിത്തല വീട്ടിലില്ലെന്ന് അദ്ദേഹത്തിൻ്റെ ഉറ്റ അനുയായിയും പത്താനപുരത്തു നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാര്ഥിയുമായ ജ്യോതികുമാര് ചാമക്കാല മാധ്യമങ്ങളെ അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അന്വര്സാദത്ത്, ജ്യോതികുമാര് ചാമക്കാല, ടി ജെ വിനോദ് എന്നിവരും രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയില് രാവിലെ എത്തിയിരുന്നു.
വി ഡി-കെസി തര്ക്കം വിട്ടു വീഴ്ചയില്ലാതെ തുടരുന്ന സാഹചര്യത്തില് ഒത്തു തീര്പ്പു സ്ഥാനാര്ഥിയായി തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ ചെന്നിത്തലയ്ക്കുണ്ടായിരുന്നു. മാത്രമല്ല, 2021 ല് പാര്ലമെൻ്ററി പാര്ട്ടിയില് ഭൂരിപക്ഷമുണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു തഴഞ്ഞുവെന്ന പരാതി കഴിഞ്ഞ അഞ്ച് വര്ഷമായി പരസ്യമായും രഹസ്യമായും ഉയര്ത്തിയ നേതാവായിരുന്നു ചെന്നിത്തല. ഇത്തവണ തൻ്റെ സീനിയോറിറ്റിയും പ്രവര്ത്തന പാരമ്പര്യവും കണക്കിലെടുത്ത് തനിക്ക് ഒരവസരം പാര്ട്ടി നല്കുമെന്ന പ്രതീക്ഷ ചെന്നിത്തലയ്ക്കുണ്ടായിരുന്നു. എന്നാല് അവസാന നിമിഷം തന്നെ തഴഞ്ഞ് തന്നെക്കാള് വളരെ ജൂനിയറായ സതീശനെ പാര്ലമെൻ്ററി പാര്ട്ടി നേതാവാക്കിയതില് കഴിഞ്ഞ 5 വര്ഷമായി ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അത് ഇത്തവണ തൻ്റെ അവസാന അവസരത്തില് ഹൈക്കമാന്ഡ് അനുവദിക്കുമെന്ന പ്രതീക്ഷ തെറ്റിയതോടെ ചെന്നിത്തല ശക്തമായ പ്രതിഷേധമുയര്ത്തുകയായിരുന്നു.
മന്ത്രിസഭയില് ചേരേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നും ചെന്നിത്തലയോട് അടുപ്പമുള്ളവര് പറയുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സാഹചര്യത്തില് അദ്ദേഹം ഉയര്ത്തുന്ന സമ്മര്ദ തന്ത്രമാണിതെന്നു വിലയിരുത്തുന്നവരുമുണ്ട്. സംസ്ഥാനത്തെ മുതിര്ന്ന നേതാവെന്ന നിലയില് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില് നിന്ന് ഒഴിച്ചു നിര്ത്താന് ഹൈക്കമാന്ഡും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ആഗ്രഹിക്കുന്നുണ്ടാകില്ല. അതിനാല് പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്ഡ് തന്നെ മുന്നിട്ടിറങ്ങിയേക്കും. മന്ത്രിസഭയില് നിന്ന് മാറി നില്ക്കുക എന്നത് രാഷ്ട്രീയമായി രമേശ് ചെന്നിത്തലയ്ക്കും ഗുണകരമാകാനിടയില്ല. 11 ദിവസത്തെ താമസത്തിനു ശേഷം കോണ്ഗ്രസ് പ്രവര്ത്തകര്ക്കും ഘടകക്ഷികള്ക്കും ആശ്വാസകരമായ ഒരു തീരുമാനത്തില് എഐസിസി നേതൃത്വം എത്തിയപ്പോള് ചെന്നിത്തലയുടെ നിലപാട് ടീം യുഡിഎഫിൻ്റെ മുന്നോട്ടു പോക്കില് ആദ്യ കല്ലുകടിയായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR