Enter your Email Address to subscribe to our newsletters

Dubai , 14 മെയ് (H.S.)
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തുന്നതിനിടെ താന് യുഎഇയില് രഹസ്യ സന്ദര്ശനം നടത്തിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്.
ബന്ധം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം ശക്തമാക്കുന്നതിനുമായിരുന്നു സന്ദര്ശനം എന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില് പറയുന്നു.
ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധത്തില് വഴിത്തിരിവായ സന്ദര്ശനമായിരുന്നു അത് എന്നും നെതന്യാഹു വെളിപ്പെടുത്തി. യുഎഇയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദുമായി ചര്ച്ച നടത്തി എന്നാണ് അവകാശപ്പെടുന്നത്. എന്നാല് ഇസ്രായേല് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവന യുഎഇ തള്ളി.
ഇസ്രായേല് പ്രധാനമന്ത്രി യുഎഇ സന്ദര്ശിച്ചു, ഇസ്രായേല് സൈനിക പ്രതിനിധി സംഘം യുഎഇയിലെത്തി തുടങ്ങിയ റിപ്പോര്ട്ടുകള് തള്ളിക്കളയുന്നു എന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇസ്രായേലുമായുള്ള യുഎഇയുടെ ബന്ധം പരസ്യമാണ്. അബ്രഹാം കരാര് പ്രകാരമുള്ള ധാരണയാണത്. സുതാര്യമല്ലാത്ത ഒരു കരാറും ഇരുരാജ്യങ്ങള്ക്കിടയില് ഇല്ല. രഹസ്യ സന്ദര്ശനം എന്നത് ശരിയല്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നെതന്യാഹുവും ശൈഖ് മുഹമ്മദും മാര്ച്ച് 26നാണ് ചര്ച്ച നടത്തിയത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. സൈനികമായ ഏകോപനമായിരുന്നുവത്രെ പ്രധാന വിഷയം. യുദ്ധവേളയില് ഇറാന്റെ മിസൈല് പ്രതിരോധിക്കാന് ഇസ്രായേല് യുഎഇയെ സഹായിച്ചു എന്ന് കഴിഞ്ഞ ദിവസം ഇസ്രായേലിലെ യുഎസ് അംബാസഡര് മൈക്ക് ഹുക്കബി വെളിപ്പെടുത്തിയ പിന്നാലെയാണ് കൂടുതല് വിവരങ്ങള് വന്നിരിക്കുന്നത്.
ഇറാന് പ്രതികരിച്ചത് ഇങ്ങനെ
യുഎഇയെ കുറ്റപ്പെടുത്തി ഇറാന് രംഗത്തുവന്നു. ഇസ്രായേല് പ്രധാനമന്ത്രി യുഎഇയില് രഹസ്യ സന്ദര്ശനം നടത്തിയ കാര്യം ഇറാനിലെ സുരക്ഷാ വിഭാഗത്തിന് നേരത്തെ അറിയാമായിരുന്നു എന്ന് ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇപ്പോള് ഇസ്രായേല് പ്രധാനമന്ത്രി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഇസ്രായേലുമായുള്ള യുഎഇയുടെ രഹസ്യ ബന്ധവം മാപ്പ് അര്ഹിക്കാത്തതാണ്. എല്ലാം കണക്കിലുണ്ടെന്നും ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്ന്ന് ഇറാനെ ആക്രമിച്ചത്. ഇറാന് തിരിച്ചടി വ്യാപിപ്പിച്ചെങ്കിലും കൂടുതല് ആക്രമിച്ചത് യുഎഇയെ ആയിരുന്നു. ഇതിന് പിന്നിലുള്ള കാരണങ്ങള് കൂടിയാണ് ഇപ്പോള് പുറത്തുവരുന്നത്. ഇസ്രായേലുമായി ചേര്ന്ന് യുഎഇ രഹസ്യ നീക്കം നടത്തുന്നു എന്നാണ് ഇറാന്റെ നേരത്തെയുള്ള വിമര്ശനം.
2020ലാണ് ഇസ്രായേലും യുഎഇയും തമ്മില് നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറില് ഒപ്പുവച്ചത്. തൊട്ടുപിന്നാലെ ബഹ്റൈനും മൊറോക്കോയും സുഡാനും കരാറിന്റെ ഭാഗമായി. സൗദി അറേബ്യയെ കരാറില് ചേര്ക്കാന് അമേരിക്ക ശ്രമിച്ചു വരികയായിരുന്നു. 2023 ഒക്ടോബര് ഏഴിന് ഹമാസ് ഇസ്രായേലില് ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറി. ഇതോടെ ഇസ്രായേലിനെതിരായ വികാരം പശ്ചിമേഷ്യയില് ശക്തിപ്പെടുകയും സൗദി പിന്നാക്കം പോകുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR