മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു.
Palakkad , 14 മെയ് (H.S.) മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (55) ആണ് അപ്രതീക്ഷിതമായി മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സങ്കടകരമായ സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴായി
Wild elephant


Palakkad , 14 മെയ് (H.S.)

മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (55) ആണ് അപ്രതീക്ഷിതമായി മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സങ്കടകരമായ സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കാട്ടാന പാഞ്ഞടുത്തത്.

കടുത്ത ചൂടിനെത്തുടർന്ന് വീടിന് സമീപത്തെ പുളിമരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ഇദ്ദേഹത്തോടൊപ്പം മറ്റ് രണ്ടുപേർ കൂടി ഇവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. ആന വരുന്നതുകണ്ട് മറ്റ് രണ്ടുപേർ തക്കസമയത്ത് ഓടി രക്ഷപ്പെട്ടു. എന്നാൽ ചന്ദ്രന് ഓറിമാറാൻ കഴിഞ്ഞില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ അധികം വൈകാതെ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

അധികൃതർക്കെതിരെ വൻ പ്രതിഷേധമാണ് പ്രദേശവാസികൾ ഒന്നടങ്കം ഉയർത്തുന്നത്. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ നേരിട്ട് പരാതി നൽകിട്ടും വനംവകുപ്പ് പരിഹാരം കണ്ടില്ലെന്ന് നാട്ടുകാർ കടുത്ത ഭാഷയിൽ ആരോപിക്കുന്നു. ജില്ലയിൽ കുറച്ചുനാളുകളായി മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വലിയ തോതിൽ വർധിക്കുകയാണ്. മലമ്പുഴ, കഞ്ചിക്കോട്, ധോണി, വാളയാർ തുടങ്ങിയ ഒട്ടുമിക്ക വനാതിർത്തി മേഖലകളിലും ആനകളുടെ സാന്നിധ്യം നിത്യസംഭവമായി കഴിഞ്ഞു.

ജനവാസ കേന്ദ്രങ്ങളിൽ ഭീതിവേനൽ കടുത്തതോടെ കാട്ടിൽ കുടിവെള്ളവും ഭക്ഷണവും പൂർണമായി ഇല്ലാതായതാണ് വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എളുപ്പം ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. കാട്ടാനകൾക്ക് പുറമെ കാട്ടുപന്നി, മയിൽ, പുലി ഉൾപ്പെടെയുള്ള ജീവികളും വലിയ ഭീഷണിയാകുന്നുണ്ട്. പാലക്കാട് ജില്ലയുടെ അതിർത്തി ഗ്രാമങ്ങൾ നിരന്തരം ഭീതിയിലാണ്.

മലമ്പുഴ ഡാം വൃഷ്ടിപ്രദേശത്തോട് ചേർന്നുകിടക്കുന്ന വനാതിർത്തികളിൽ നിന്നാണ് കാട്ടാനകൾ കൂടുതലായും ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നത്. പുത്തൂർ, കവ, ആനക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലും ആനകളുടെ സാന്നിധ്യം സ്ഥിരമാണ്. പുലർച്ചെ റബർ ടാപ്പിങ്ങിന് പോകുന്നവരും പാൽ വിതരണക്കാരും വിദ്യാർഥികളുമാണ് ജീവൻ പണയംവെച്ച് യാത്രചെയ്യുന്നത്. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

കാട്ടാനകളെ കാട്ടിലേക്ക് തന്നെ തുരത്താൻ പ്രത്യേക ദ്രുതകർമ സേനയെ മുഴുവൻ സമയവും സജ്ജമാക്കണമെന്ന് ജനങ്ങൾ അഭ്യർഥിച്ചു. സോളാർ ഫെൻസിങ്, കിടങ്ങുകൾ എന്നിവ പൂർണമായി തകർന്ന നിലയിലാണ്. ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ വനംവകുപ്പ് അടിയന്തരമായി തയാറാവണം. ആളപായം ഉണ്ടാകുമ്പോൾ മാത്രം അധികൃതർ ഉണരുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രദേശവാസികൾ ജനപ്രതിനിധികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നു. മതിയായ സൗകര്യങ്ങളില്ലാതെയാണ് വനംവകുപ്പ് വാച്ചർമാർ പലപ്പോഴും ആനകളെ തുരത്താൻ ഇറങ്ങുന്നത്. അത്യാധുനിക സംവിധാനങ്ങളും കൂടുതൽ ജീവനക്കാരെയും വനംവകുപ്പിന് കീഴിൽ നിയമിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കർഷകരുടെ ഉപജീവനമാർഗമായ കൃഷികൾ ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെടുമ്പോൾ വളരെ ചെറിയ തുക മാത്രമാണ് നിലവിൽ നഷ്ടപരിഹാരമായി ലഭിക്കുന്നത്.

ശാശ്വത പരിഹാരം വേണംകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാൻ സർക്കാർ തലത്തിൽ മാതൃകാപരമായ ഇടപെടലുണ്ടാകണം. ആശ്രിതർക്ക് ജോലി നൽകുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കണം. ചന്ദ്രൻ്റെ ദാരുണ മരണം ഈ വലിയ ഗ്രാമത്തെയാകെ തീരാദുഃഖത്തിലും ആശങ്കയിലുമാഴ്ത്തിയിരിക്കുകയാണ്. ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത ഭീതിയിലാണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. താത്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വതമായ സുരക്ഷാ നടപടികളാണ് സർക്കാർ ഉടൻ ചെയ്യേണ്ടതെന്ന് നാട്ടുകാർ ഒന്നടങ്കം ഓർമിപ്പിക്കുന്നു. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ജനകീയ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ഇനിയും ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കുക തന്നെ വേണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News