Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
ഡല്‍ഹി: വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സന്തോഷത്തോടെ, സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വരാനിരിക്കുന്ന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിയമിച്ച വി.ഡി. സതീശനെ അങ്ങേയറ്റം ഹൃദയംതുറന്ന് അഭിനന്ദിക്കുന്നു, എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുകയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
എംഎല്‍എമാരുടെ പിന്തുണ താങ്കള്‍ക്കായിരുന്നില്ലേ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായിരുന്നാലും ശിരസ്സാവഹിക്കും എന്നാണ് നേരത്തെയും ഞാന്‍ പറഞ്ഞിട്ടുള്ളത്. ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ഞാന്‍ ശിരസ്സാവഹിക്കുന്നു. അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഞാന്‍. സര്‍ക്കാരിന് എല്ലാവിധ പിന്തണയും നല്‍കും, അദ്ദേഹം പറഞ്ഞു.
സൈബറിടങ്ങളില്‍ നടക്കുന്ന ആക്രമണം സംബന്ധിച്ച ചോദ്യത്തിന്, പാര്‍ട്ടിക്ക് ഉപരിയായുള്ള ഇമേജുകള്‍ ഞാന്‍ ഉണ്ടാക്കാറില്ലെന്ന് വേണുഗോപാല്‍ മറുപടി നല്‍കി. സൈബറിടങ്ങളിലെ ആക്ഷേപങ്ങള്‍ ഞാന്‍ സഹിച്ചോളാം. കടന്നാക്രമണങ്ങളെ ഭയന്നോടില്ല. ആക്രമിക്കുന്നവര്‍ക്ക് ഇനിയും തുടരാം. തനിക്കുവേണ്ടി ഫ്ളക്സ് വെച്ചവരടക്കം ഇപ്പോഴത്തെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്. സത്യപ്രതിജ്ഞാച്ചടങ്ങില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമവായം എന്ന നിലയില്‍ എഐസിസിയുടെ മുതിര്‍ന്ന പദവിയിലേക്ക് വരുന്നത് സംബന്ധിച്ച് വാഗ്ദാനമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ല.
---------------
Hindusthan Samachar / Sreejith S