Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 മെയ് (H.S.)
പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ എല്ലാവരോടൊപ്പം ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. കോണ്‍ഗ്രസ് ഏല്‍പ്പിച്ച കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്വത്തിന് അഖിലേന്ത്യാ നേതൃത്വത്തിനോട് ഉള്‍പ്പെടെ എല്ലാവരോടും നന്ദി പറഞ്ഞ് വി.ഡി. സതീശന്‍. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കും. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് കാണുന്നത്. ഈ വലിയ വിജയത്തിന് സഹായിച്ചത് എ.ഐ.സി.സി. ആണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണ്. എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. രമേശ് ചെന്നിത്തല എന്റെ നേതാവാണെന്ന് പറഞ്ഞാണ് അദ്ദേഹം നന്ദിയറിയിച്ചത്.
ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കണം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതില്‍ നാണക്കേടൊന്നുമില്ല. ഇത് സ്വാഭാവികമായി എടുത്ത സമയമാണ്. നേതൃത്വത്തിന് ഒരുപാട് കാര്യങ്ങള്‍ നോക്കാനുണ്ട്. എല്ലാവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് കഴിവുള്ള ഒരുപാടുപേരുടെ പാര്‍ട്ടിയാണ്. ഘടകകക്ഷികളേയും നേതാക്കളേയും കണ്ടതിനുശേഷം സത്യപ്രതിജ്ഞ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
---------------
Hindusthan Samachar / Sreejith S