Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 മെയ് (H.S.)
തിരുവനന്തപുരം : തന്റെ ഉറച്ചബോധ്യങ്ങളും അവയില്‍ നിന്നും ഉടലെടുക്കുന്ന നിലപാടുകളുമുള്ള വി ഡി സതീശന്‍ ആത്മീയതയുടെ തറക്കലില്‍ ഉയര്‍ത്തിയ ഭൗതിക രാഷ്ട്രീയാടിത്തറ കൊണ്ടാണ് വ്യത്യസ്തനാകുന്നത്. രാഷ്ട്രീയത്തില്‍ കണിശക്കാരനും കര്‍ക്കശക്കാരനുമായ സതീശന് എങ്ങനെ അളന്ന് കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്താന്‍ കഴിയുന്നുവെന്നുള്ള അമ്പരപ്പാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വായനയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും ജനവികാരം അളക്കാനുള്ള ശേഷിയും ജാഗ്രതയോടെ നിലപാടുകള്‍ എടുക്കാനുള്ള മാനസികാവസ്ഥയുമാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.
പിഴവകറ്റുന്നത് പുസ്തകവായനയും ആശയവിനിമയവും
തനിക്ക് അറിയാത്ത കാര്യങ്ങളെ ആഴത്തില്‍ മനസിലാക്കാന്‍ പുസ്തകവായന വിഡിയെ ഏറെ സഹായിച്ചിട്ടുണ്ട്. വായിച്ചും അറിഞ്ഞും കണ്ടും കേട്ടും മനസിലാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒരു തീരുമാനത്തിലേക്ക് എത്തുന്ന ദൂരം താണ്ടുന്നത് ആശയവിനിമയത്തിലൂടെയാണ്. പലരെയും കേട്ട് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തീരുമാനമെടുക്കുന്ന സതീശന്‍ മികച്ച പുസ്തക വായനക്കാരന്‍ കൂടിയാണെന്ന് രാഷ്ട്രീയനിരീക്ഷകനായ റോയ് മാത്യു പറയുന്നു. അദ്ദേഹത്തിന്റെ അപാരമായ ഓര്‍മ്മ ശക്തി ആരെയും അതിശയിപ്പിക്കുന്നതാണെന്നും റോയ് മാത്യു വ്യക്തമാക്കുന്നു. ഒരു നേതാവെന്ന നിലയില്‍ ഓരോ കാര്യങ്ങളെയും സമീപിക്കുന്ന രീതി അതില്‍ നിന്നും പുറത്ത് വരുന്ന തീരുമാനത്തിലൂടെ മനസിലാക്കാനാവും. നെല്ലും പതിരും വേര്‍തിരിച്ച് കാണാനുള്ള അദ്ദേഹത്തിന്റെ കഴിവിന് പിന്നില്‍ ഓരോ കാര്യങ്ങളുടെയും പലവശങ്ങള്‍ എടുത്ത് ആഴത്തിലുള്ള പഠനമാണെന്ന് കരുതുന്നതായും റോയ് മാത്യു പറയുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍ ഇക്കഴിഞ്ഞയിടെ പുറത്തിറങ്ങിയിരുന്നു. ഈ പുസ്തകം എഡിറ്റ് ചെയ്തതും റോയ് മാത്യുവാണ്.
ആത്മീയതയും രാഷ്ട്രീയ ചിന്തകളും ഒന്നിക്കുമ്പോള്‍, അഥവാ െബെബിള്‍ വായനയും ക്ഷേത്രദര്‍ശനവും
ദിവസവും ഒരു പേജ് ബൈബിള്‍ വായിക്കുന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞയിടെ പുറത്തിറക്കിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സമാഹാരത്തിലെ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെ- '' പഠിച്ചതും വളര്‍ന്നതുമെല്ലാം ക്രൈസ്തവചുറ്റുപാടുകളി ലായിരുന്നതിനാല്‍ വായന എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ കാലംമുതല്‍ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍ സമയം കണ്ടെത്തുക പതിവായിരുന്നു. വിഗ്രഹാരാധനയില്‍ വിശ്വസിക്കുകയും ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും സാരാംശങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിച്ചിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയെന്നും ഇതില്‍ വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍, ചിന്തകള്‍, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ തന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.'' ബൈബിളിന്റെ കിംഗ് ജയിംസ് പതിപ്പാണ് അദ്ദേഹം കൈയ്യില്‍ സൂക്ഷിക്കുന്നത്. വിവിധ സഭകളുടെ മൂന്ന് പ്രമുഖരായ മുന്‍ ബിഷപ്പുമാരെപ്പറ്റി അവരുടെ ഓര്‍മ്മദിനങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. എവിടെ പ്രസംഗിക്കാന്‍ പോകും മുമ്പും അവരെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും സ്വയം ഗവേഷണത്തിലൂടെ കണ്ടെത്തി ആഴത്തില്‍ പഠിച്ച് അപഗ്രഥിച്ച ശേഷമാവും അദ്ദേഹം പ്രസംഗം മനസില്‍ സ്വരുക്കൂട്ടുകയെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
മൂകാംബികയുടെ ഭക്തന്‍
ദിവസവും ബൈബിള്‍ വായിക്കുന്ന അദ്ദേഹം മൂകാബികയിലെ ദേവിയുടെ തികഞ്ഞ ഭക്തനാണ്. എല്ലാ മലയാളമാസവും മൂകാംബിക, ഗുരുവായൂര്‍, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ തൊഴാനെത്തും. ഇതിന് പുറമേ ഇസ്ലാം മതത്തെപ്പറ്റിയും അവരുടെ രീതികളെയും വിശ്വാസങ്ങളെയും പറ്റിയും ആഴത്തില്‍ അദ്ദേഹം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കാര്‍ക്കശ്യവും കണിശതയും നിലപാടും
ജനങ്ങളോട് ഏറെ അടുത്തിടഎഴകുന്ന സതീശന്‍ തികഞ്ഞ കര്‍ക്കശക്കാരനും കണിശതയുള്ളയാളുമാണെന്ന് കേരള രാഷ്ട്രീയത്തിലെ നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. മതമേലധ്യക്ഷന്‍മാരുമായും സാമുദായിക നേതാക്കളുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന അദ്ദേഹം പക്ഷേ അവര്‍ക്ക് വഴങ്ങുന്ന നിലപാട് സ്വീകരിക്കില്ലെന്ന് പലവട്ടം തെളിയിച്ചതാണ്. അന്തരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പിടി തോമസിന് സീറ്റ് നല്‍കരുതെന്ന് സീറോ മലബാര്‍ സഭയുടെ ഇടുക്കി ബിഷപ്പ് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ കടുത്ത വിമര്‍ശനം അദ്ദേഹം മുമ്പ് ഉന്നയിച്ചിട്ടുണ്ട്. 'നര്‍ക്കോട്ടിക്ക് ജിഹാദ്' എന്ന പരാമര്‍ശത്തിനെതിരെയുള്ള നിലപാടും കേരളം കേട്ടതാണ്. രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു.
അദ്ദേഹം പ്രതിപക്ഷനേതാവായി ചുമതലയേറ്റ ശേഷം ചേലക്കര ഒഴിച്ചുള്ള ഉപതെരഞ്ഞെടുപ്പുകളെല്ലാം വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ അദ്ദേഹം നടത്തുന്ന പ്രവചനകള്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അടുപ്പമുള്ളതോ അല്ലെങ്കില്‍ അത് തന്നെ സംഭവിക്കാറോ ആണ് പതിവുള്ളത്. അളന്നുകുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഇക്കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദൃശ്യമായത് അദ്ദേഹത്തിന്റെ കണിശതയുടെ ഉദാഹരണമാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പിവി അന്‍വറിന് വഴങ്ങാതെ ഉറച്ചു നിന്ന സതീശനെയും കേരളം കണ്ടു. മുന്നണി അന്‍വറിന് മുന്നില്‍ വാതിലടച്ചുവെന്ന ഉറച്ച നിലപാട് എടുത്തപ്പോള്‍ തന്നെ പല നേതാക്കളും രഹസ്യമായി അന്‍വറിനെ കാണാനെത്തിയതും അന്ന് വാര്‍ത്തയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീപീഡനാരോപണത്തില്‍ പെട്ടപ്പോള്‍ മുഖം നോക്കാതെ പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്നിലും സതീശന്റെ ഉറച്ച നിലപാടായിരുന്നു.
രുചിപ്രിയന്‍, ശീലം അല്‍പ്പാഹാരം
ഭക്ഷണകാര്യത്തില്‍ അദ്ദേഹത്തോളം രുചി ഇഷ്ടപ്പെടുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാവില്ല. മീന്‍ വിഭവങ്ങള്‍ സതീശന് ഏറ്റവും പ്രിയങ്കരമാണ്. എന്നാല്‍ അളവില്‍ കവിഞ്ഞ് ഭക്ഷണം കഴിക്കുന്ന പതിവ് അദ്ദേഹത്തിനില്ല. പ്രാതലായാലും ഉച്ചയ്ക്കുള്ള ഊണായാലും മിതമായ രീതിയില്‍ മാത്രമാണ് അദ്ദേഹം ആഹാരം കഴിക്കുക. കൂടെയുള്ളവരെ ഭക്ഷണവിഭവത്തിന്റെ ഗുണങ്ങളും രുചിയും പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്നതിലും അദ്ദേഹം വളരെ ശ്രദ്ധാലുവാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
ഇഷ്ടം വനയാത്രകള്‍, ഒഴിവ് സമയങ്ങള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം
പ്രതിപക്ഷനേതാവായി തിരക്ക് പിടിച്ച അവസരങ്ങളില്‍ കിട്ടുന്ന ഏതെങ്കിലും ഒഴിവ് സമയങ്ങള്‍ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ താല്‍പര്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം ഭാര്യയെ കൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പരുന്തുംപാറയില്‍ ട്രെക്കിംഗിന് പോയത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വായനയ്ക്ക് പുറമേ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള വനയാത്രകളാണ്. യുഡിഎഫ് മികച്ച വിജയം നേടിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S