Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 മെയ് (H.S.)
മഴക്കാല പൂർവ ശുചീകരണവും മുന്നൊരുക്കളും ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. എല്ലാ വകുപ്പുകളുടേയും നേതൃത്വത്തിൽ മൺസൂൺ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശം നൽകി. ഓരോ വകുപ്പും ചെയ്യേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കൺസ്ട്രക്ഷൻ സൈറ്റുകളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യം ഉള്ളതിനാൽ മുൻകരുതൽ എടുക്കുന്നതിന് ആരോഗ്യവകുപ്പിന് യോഗത്തിൽ നിർദ്ദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളുടെ പുതുക്കിയ പട്ടികയുടെ അടിസ്ഥാനത്തിൽ മൺസൂൺ തുടങ്ങുന്നതിന് മുമ്പ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, തദ്ദേശ സ്ഥാപനങ്ങളിലെ എമർജൻസി റെസ്പോൺസ് ടീം യോഗം ചേരണം, തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ പ്രത്യേക സർവ്വേ നടത്തണം, ഇവർക്ക് മുന്നറിയിപ്പുകൾ നൽകുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിക്കണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
മൺസൂൺ മുന്നൊരുക്കങ്ങൾക്കായി ഓരോ വകുപ്പിന്റെയും പക്കൽ നിലവിലുള്ള റിസോഴ്സുകളെ സംബന്ധിച്ച് ഐഡിആർഎൽ പോർട്ടലിൽ വിവരങ്ങൾ നൽകാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദീതീരങ്ങളിലും കടൽത്തീരങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും തോടുകളും കുളങ്ങളും ജലസംഭരണികളും മൺസൂണിന് മുമ്പ് വൃത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ പാലങ്ങളുടേയും ഘടന പരിശോധിച്ച് മെയ് 23ന് മുമ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മലനിരകളിലും വിനോദ സഞ്ചാര മേഖലകളിലും രാത്രി പെട്രോളിംഗ് ഏർപ്പെടുത്തമെന്നും റോഡിനോട് ചേർന്ന് കിടക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടണമെന്നും ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉൾപ്പെടെ മഴക്കാല സുരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകണെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. കടൽഭിത്തികളുടെ അടിസ്ഥാന പരിശോധന നടത്തും. മുട്ടത്തറയിലെ സൈക്ലോൺ ഷെൽട്ടർ മൺസൂണിന് മുമ്പ് പ്രവർത്തന ക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S