നീറ്റ് പരീക്ഷ പൂര്ണ്ണമായും നിര്ത്തലാക്കണം; പ്ലസ്ടു മാര്ക്ക് അടിസ്ഥാനമാക്കണം; നിര്ദ്ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
Chennai, 14 മെയ് (H.S.) ചെന്നൈ : ചോര്‍ച്ചയെത്തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. കേന്ദ്ര സര്‍ക്കാരിനെതിരെയും പരീക്ഷാ രീതിക്കെതിരെയും വിജയ് വിമര്‍ശിച്ചു. നീറ്റ് പരീക്ഷ പൂര്‍ണമായ
CM Joseph Vijay


Chennai, 14 മെയ് (H.S.)

ചെന്നൈ : ചോര്‍ച്ചയെത്തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. കേന്ദ്ര സര്‍ക്കാരിനെതിരെയും പരീക്ഷാ രീതിക്കെതിരെയും വിജയ് വിമര്‍ശിച്ചു. നീറ്റ് പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

''ദേശീയ തലത്തിലുള്ള ഇത്തരം പരീക്ഷകളുടെ ഘടനാപരമായ തകരാറുകള്‍ക്ക് തെളിവാണ് തുടര്‍ച്ചയായുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ച. 2024ല്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആറ് സംസ്ഥാനങ്ങളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷാ പരിഷ്‌കരണങ്ങള്‍ക്കായി മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി 95 ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുകയും പരീക്ഷ റദ്ദാക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ്.

നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതല്‍ തമിഴ്നാട് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. നഗരങ്ങളിലെ ഇംഗ്ലീഷ് മീഡിയങ്ങളില്‍ പഠിക്കുന്ന സമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നീറ്റ് അനുകൂലമാകുന്നത്. ഗ്രാമീണ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും വരുന്ന തമിഴ് മീഡിയത്തില്‍ പഠിച്ച പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. തമിഴ്നാട്ടിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകള്‍ മുഴുവന്‍ പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നികത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു'' - വിജയ് എക്‌സില്‍ കുറിച്ചു.

യുപിഎ ഭരണകാലത്ത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം തമിഴ്നാടിനു പ്രവേശന പരീക്ഷകളില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ പന്ത്രണ്ടാം ക്ലാസിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനം പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കി. നീറ്റില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ലിനു രാഷ്ട്രപതി അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം നവംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരൊറ്റ പരീക്ഷയിലെ പ്രകടനം മാത്രം നോക്കാതെ സംസ്ഥാനത്തിന്റെ പഴയ പ്രവേശന രീതി പുനഃസ്ഥാപിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

---------------

Hindusthan Samachar / Sreejith S


Latest News