Enter your Email Address to subscribe to our newsletters

Newdelhi , 15 മെയ് (H.S.)
ന്യൂഡൽഹി: അന്താരാഷ്ട്ര വേദിയായ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ (യുഎഇ) രൂക്ഷവിമർശനവുമായി ഇറാൻ. യുഎഇ വെറുമൊരു സഹായിയല്ലെന്നും മറിച്ച് ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നേരിട്ട് പങ്കാളിയായ 'ആക്രമണകാരി' ആണെന്നും ഇറാൻ ആരോപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയുടെ രണ്ടാം സെഷനിൽ ഇറാന്റെ നിയമ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയാണ് യുഎഇക്കെതിരെ ആഞ്ഞടിച്ചത്.
ആരോപണങ്ങൾ ഇങ്ങനെ:
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന യുഎഇ വിദേശകാര്യ സഹമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ഗരീബാബാദി. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി യുഎഇ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകിയെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1974-ലെ ഐക്യരാഷ്ട്രസഭയുടെ പ്രമേയം ഉദ്ധരിച്ചുകൊണ്ട്, ശത്രുരാജ്യങ്ങൾക്ക് സൈനിക സഹായവും താവളങ്ങളും ഒരുക്കി നൽകുന്നത് വെറുമൊരു സഹായമല്ല, മറിച്ച് അത് ആക്രമണമായി തന്നെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പൗരന്മാരും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെടുമ്പോൾ ഇറാൻ നിശബ്ദരായിരിക്കില്ല. യുഎഇയുടെ സഹായത്തോടെയാണ് ഇറാനെതിരെ ആക്രമണം നടന്നത്. 1,30,000 സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുകയും നാലായിരത്തോളം നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് യുഎഇ മറുപടി പറയേണ്ടി വരും, ഗരീബാബാദി വ്യക്തമാക്കി.
പ്രത്യാക്രമണം സ്വയംരക്ഷയ്ക്ക്:
യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ സൈനിക നടപടികളെ അദ്ദേഹം ന്യായീകരിച്ചു. യുഎൻ ചാർട്ടർ പ്രകാരം സ്വയംരക്ഷയ്ക്കുള്ള അവകാശം ഇറാനുണ്ടെന്നും, യുഎസ് സേനയ്ക്ക് സൗകര്യം ഒരുക്കുന്ന യുഎഇയിലെ ഏത് കേന്ദ്രവും ലക്ഷ്യം വെക്കാൻ തങ്ങൾ നിർബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണത്തിനായി യുഎഇയിൽ നിന്ന് പറന്നുയർന്ന ഓരോ വിമാനത്തിന്റെയും സമയവും വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച 500 പേജുകളുള്ള വിവരങ്ങൾ യുഎൻ സുരക്ഷാ കൗൺസിലിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കക്കെതിരെ സംയുക്ത നീക്കം:
ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ബ്രിക്സ് സമ്മേളനത്തിൽ അമേരിക്കയുടെ നയങ്ങൾക്കെതിരെ സംസാരിച്ചു. അമേരിക്കയുടെ ഭീഷണികളും സമ്മർദ്ദ തന്ത്രങ്ങളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് അംഗരാജ്യങ്ങൾ ഒന്നിച്ച് നിന്ന് അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ബ്രിക്സ് വേദിയിലെ ഈ പരസ്യമായ ഏറ്റുമുട്ടൽ. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ഇറാന്റെ ഈ കടുത്ത നിലപാട്. യുഎഇയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത് വലിയ വിള്ളലുകൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
---------------
Hindusthan Samachar / Roshith K