Enter your Email Address to subscribe to our newsletters

Kasaragod , 15 മെയ് (H.S.)
സംസ്ഥാനത്ത് മെയ് 26 ന് കാലവർഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദം അറിയിച്ചു. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
മലപ്പുറം, ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് മുന്നറിയിപ്പ് ഉള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ആണ് യെല്ലോ അലെർട്. 16 ന് എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും 17 ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെലോ അലർട് നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത 48 മണിക്കൂറിൽ കാലവർഷം ബംഗാൾ ഉൾക്കടലിൻ്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രത നിർദേശം
സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുന്നതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത നിർദേശം പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാറി താമസിക്കണം.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. നദികളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR