Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മെയ് (H.S.)
ഇന്ധനവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയില് രൂക്ഷ വിമർശനവുമായി നിയുക്ത പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
ഇപ്പോള് തന്നെ വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേല് വീണ്ടും അധികഭാരം അടിച്ചേല്പ്പിക്കുകയാണ് കേന്ദ്രമെന്നാണ് പിണറായി ആരോപിക്കുന്നത്.
ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികള് ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ലെന്നും ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില് ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ വാക്കുകള്: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേല് വീണ്ടും അധികഭാരം അടിച്ചേല്പ്പിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില് ക്രൂഡ് ഓയില് വില കുറഞ്ഞപ്പോള് അതിന്റെ ഗുണം ജനങ്ങള്ക്ക് നല്കാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോള് എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങള് മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജനങ്ങള്ക്ക് ആശ്വാസം നല്കേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേല്പ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികള് ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല. ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും.
ഇതിന്റെ ദുരിതം ഏറ്റവും കൂടുതല് അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയില് ക്രൂഡ് ഓയില് വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചത്. 2.86 രൂപ മുതല് 3.29 രൂപ വരെയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള് വില 110.75 രൂപയും ഡീസല് വില 99.63 രൂപയുമാണ് പുതുക്കിയ വിലയായി നല്കിയിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലേക്കും പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള് അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോള് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR