Enter your Email Address to subscribe to our newsletters

Kozhikode , 15 മെയ് (H.S.)
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം മോചിതനാകുന്നു. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാകുന്നതോടെ മെയ് 20ന് റഹീമിന് പുറത്തിറങ്ങാനാകും. മോചനത്തിന് തടസ്സമായി നിന്ന സാങ്കേതിക കുരുക്കുകളാണ് ഇപ്പോൾ അഴിയുന്നത്. ശിക്ഷാകാലാവധി അവസാനിക്കുന്നതിനാൽ വേഗം നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇനി സ്വപ്നസാഫല്യത്തിൻ്റെ നിമിഷങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി റഹീം എത്തുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. മരിക്കും മുൻപ് മകനെ കാണണമെന്ന ഉമ്മയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് റഹീം മോചന കൂട്ടായ്മ അംഗം അഷ്റഫ് വേങ്ങാട്ട് വ്യക്തമാക്കി.
വധശിക്ഷയും മോചനവും
സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്റിയുടെ 15 വയസ്സുള്ള മകൻ മരിച്ചതിനെ തുടർന്നാണ് റഹീം ജയിലിലാകുന്നത്. കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ റഹീമിൻ്റെ കൈ തട്ടുകയായിരുന്നു. തുടർന്ന് ജീവൻരക്ഷാ ഉപകരണത്തിൻ്റെ പ്രവർത്തനം നിലച്ചതോടെയാണ് കുട്ടി മരിച്ചത്. ഈ പൊതു അവകാശ കേസിൽ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ തടവാണ് വിധിച്ചത്. ഹൗസ് ഡ്രൈവർ വീസയിൽ 2006 നവംബറിലാണ് റഹീം റിയാദിലെത്തിയത്. ജോലി തുടങ്ങി ഒരു മാസത്തിനുള്ളിൽ 2006 ഡിസംബർ 26ന് ജയിലിലായി. നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
മെയ് 20ന് ശിക്ഷ പൂർത്തിയാകുന്നതോടെ അന്നുതന്നെ റിയാദിൽ നിന്ന് പുറപ്പെടാനാണ് ശ്രമം. 21 മുതൽ റിയാദിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ അവധിയാണ്. ഇതിന് മുൻപ് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ റിയാദിലെ നിയമസഹായ സമിതി നടത്തുന്നുണ്ട്. റഹീമിന് മേൽ ചുമത്തിയ വധശിക്ഷ 2024 ജൂലായ് രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഒറിജിനൽ കേസ് ഡയറി പരിശോധിക്കാനായി പത്തിലേറെ തവണ കേസ് മാറ്റിവച്ചു. ഇതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകാൻ വീണ്ടും വൈകിയത്.
കരുണയുടെ 34 കോടിവർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കും ഒടുവിലാണ് സൗദി കുടുംബം മാപ്പ് നൽകാൻ തയാറായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണ് അവർ റഹീമിന് മാപ്പ് നൽകിയത്. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക തുടക്കത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ പൂർണ്ണ പിന്തുണയുമായി ജനങ്ങൾ ഒപ്പംനിന്നതോടെ കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ധനസമാഹരണമാണ് പിന്നീട് കണ്ടത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരുടെ പിന്തുണയോടെയാണ് വളരെ വേഗം ഇത്രയും വലിയ തുക സമാഹരിച്ചത്.
വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവർ കാമ്പയിനിൽ വലിയ പങ്കുവഹിച്ചു. 'സേവ് അബ്ദുൽ റഹീം' എന്ന മൊബൈൽ ആപ്പ് വഴിയാണ് പ്രധാനമായും പണം സ്വരൂപിച്ചത്. കേവലം ദിവസങ്ങൾ കൊണ്ടാണ് ആവശ്യമായതിലും കൂടുതൽ തുക അക്കൗണ്ടിലെത്തിയത്. കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും റഹീമിനായി പണം നൽകി. ജനകീയ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ നേതാക്കളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. നിശ്ചിത സമയത്തിന് മുൻപ് തന്നെ ഈ പണം കോടതി വഴി കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിൻ്റെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വന്നതും, തടവ് 20 വർഷമായി ചുരുക്കിയതും.
റിയാദിലെ നിയമസഹായ സമിതിയും നാട്ടിലെ ജനകീയ കൂട്ടായ്മയും നടത്തിയ വലിയ പോരാട്ടമാണ് ഇപ്പോൾ ലക്ഷ്യം കാണുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനവും പ്രവാസി സംഘടനകളുടെ ഏകോപനവും ഈ കേസിൽ നിർണായകമായി. ജീവൻ രക്ഷിക്കാൻ ജാതി മത ഭേദമന്യേ മലയാളികൾ ലോകത്തിന് തന്നെ വലിയ മാതൃകയാണ് കാട്ടിയത്. ഉമ്മയുടെ നിരന്തരമായ പ്രാർഥനയും കാത്തിരിപ്പും അതോടെ സഫലമാകുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി റഹീം കോഴിക്കോട്ടേക്ക് വിമാനം കയറുമ്പോൾ അത് ലോകമെങ്ങുമുള്ള മലയാളികളുടെ കൂടി വിജയമായി മാറും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR