മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫിൽ ചൂടുപിടിക്കുന്നു.
Thiruvananthapuram , 15 മെയ് (H.S.) മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫിൽ ചൂടുപിടിക്കുന്നു. ആകെ 21 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാകുക. ഇതിൽ മുഖ്യമന്ത്രിയടക്കം 11 പേർ കോൺഗ്രസിൽ നിന്നുണ്ടാകുമെന്നാണ് നി
Assembly election


Thiruvananthapuram , 15 മെയ് (H.S.)

മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫിൽ ചൂടുപിടിക്കുന്നു. ആകെ 21 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാകുക. ഇതിൽ മുഖ്യമന്ത്രിയടക്കം 11 പേർ കോൺഗ്രസിൽ നിന്നുണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ബാക്കി മന്ത്രിമാർ ഘടകകക്ഷികളിൽ നിന്നാവും.

വൈകിട്ട് നടക്കുന്ന മുന്നണി യോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്നത് സംബന്ധിച്ച് തീരുമാനുണ്ടാകാനാണ് സാധ്യത. കെ പി സി സി അധ്യക്ഷന് സണ്ണി ജോസഫ്, കെ മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമായേക്കും. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സാമുദായിക പ്രാതിനിധ്യം പരിഗണിക്കും

മന്ത്രിസഭാ രൂപീകരണത്തിൽ നേതൃത്വപാടവവും സീനിയോറിറ്റിക്കുമൊപ്പം സാമുദായിക പ്രാതിനിധ്യം കൂടി പരിഗണിക്കും. മറ്റൊരു കാലത്തുമില്ലാത്തത് പോലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നു കൂടി ആളുകൾ വിജയിച്ചു വന്നിട്ടുണ്ട്. ക്രൈസ്തവ മുസ്ലീം പ്രാതിനിധ്യത്തിനൊപ്പം ഇതും പരിഗണിക്കും. നാടാർ വിഭാഗത്തിൽ നിന്ന് എൻ ശക്തൻ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തലസ്ഥാനത്ത് നിന്നും മന്ത്രിപ്പട

തിരുവനന്തപുരത്ത് നിന്ന് കെ മുരളീധരൻ, എൻ ശക്തൻ, എം വിൻസൻ്റ്, സി പി ജോൺ എന്നിവരെ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇടഞ്ഞ് നിൽക്കുന്ന രമേശ് ചെന്നിത്തല ലത്തീൻ വിഭാഗത്തിൽ നിന്നുള്ള ടി ജെ വിനോദിൻ്റെ പേര് മുന്നോട്ട് വച്ചാൽ വിൻസെൻൻ്റിൻ്റെ കാര്യം പരുങ്ങലിലാവും. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായത് കൊണ്ട് തന്നെ മറ്റ് മന്ത്രിമാർ അവിടെ നിന്ന് ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

കൊല്ലത്തു നിന്ന് പി സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും ആലപ്പുഴയിൽ നിന്ന് എം ലിജുവും ഷാനിമോൾ ഉസ്മാനും പരഗണനാ പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ നിന്ന് ആരെയും പരിഗണിച്ചേക്കില്ല. എന്നാൽ ഇടുക്കിയിൽ നിന്ന് മന്ത്രിസഭയിൽ പിന്നാക്ക പ്രാതിനിധ്യം വേണമെന്ന വാദവും ശക്തമാകുന്നുണ്ട്. പാലക്കാട് നിന്ന് വി ടി ബൽറാമും കോഴിക്കോട് നിന്നും പ്രവീൺ കുമാർ, കെ ജയന്ത് എന്നിവരും പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

രമേശിൻ്റെ മന്ത്രിസഭാ പ്രവേശനവും ഉപാധികളും

മുഖ്യമ്രന്തിയായി പരിഗണിക്കപ്പെട്ടിരുന്ന മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്. ആഭ്യന്തര വകുപ്പ് വേണമെന്ന വാദം ചെന്നിത്തല മുന്നോട്ട് വച്ചേക്കും. എന്നാൽ കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യമല്ല നിലവിലുള്ളതെന്നും അതുകൊണ്ട് തന്നെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന വാദവുമുയരുന്നുണ്ട്.

അതുകൊണ്ട് ധനം, റവന്യു വകുപ്പുകളിൽ ഏതെങ്കിലും ഒന്നാകും ലഭിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനിടെ രമേശിനൊപ്പം നിൽക്കുന്ന മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ഉപാധി അദ്ദേഹം മുന്നോട്ട് വച്ചുവെന്നും പറയപ്പെടുന്നുണ്ട്. കെപിസിസി അധ്യക്ഷ പദവി ലഭിക്കുന്നില്ലെങ്കിൽ രമേശിനെ കൂടാതെ ഒരാളെക്കൂടി മന്ത്രിയാക്കണമെന്ന ഉപാധിയും മുന്നോട്ട് വച്ചേക്കും.

ഘടകകക്ഷികളിൽ കൂടുതൽ മ്രന്തിമാർ ലീഗിന്

ഘടകകക്ഷികളിൽ കൂടുതൽ മ്രന്തിമാർ മുസ്ലീം ലീഗിന് ലഭിക്കും. അഞ്ച് മന്ത്രിമാരെയാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ നാല് മന്ത്രിമാർക്ക് പുറമേ ഒരു ക്യാബിനറ്റ് പദവിയും നൽകാനും ആലോചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനം ഉഭയകക്ഷി ചർച്ചയിലാകും തീരുമാനമാകുക. കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പും രണ്ട് മ്രന്തിസ്ഥാനത്തിനാണ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ ഇതിലും അന്തിമ തീരുമാനമായിട്ടില്ല.

പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ എം ഷാജി, പാറയ്ക്കൽ അബ്ദുല്ല, എം കെ എം അഷ്റഫ് എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. ശനിയാഴ്ച ലീഗ് പാർലമെൻ്ററി പാർട്ടി യോഗം ചേരും. അതിനുശേഷം പാണക്കാട്ടുവച്ച് സാദിഖലി തങ്ങൾ ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കും.

നിലവിൽ കേരളകോൺ്രഗസിന് ഏഴ് എം എൽ എമാരാണുള്ളത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചിരുന്നു. ഇത്തവണ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി കേരള കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ വിട്ടുകൊടുത്ത പശ്ചാത്തലത്തിൽ ഇതിന് വഴങ്ങുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

മോൻസ് ജോസഫ് മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം മന്ത്രി സ്ഥാനം കിട്ടുകയാണെങ്കിൽ തോമസ് ഉണ്ണിയാടൻ, പി ജെ ജോസഫിൻ്റെ മകൻ കൂടിയായ അപു ജോൺ ജോസഫ് എന്നിവരിൽ ആരെങ്കിലും മന്ത്രിയായേക്കും. എന്നാൽ ചീഫ് വിപ്പ് പദവിയാണെങ്കിൽ അപുവിനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News