Enter your Email Address to subscribe to our newsletters

Wayanad , 15 മെയ് (H.S.)
മുണ്ടക്കൈ ഉരുള്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്കായി ഒരുക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ ജൂൺ ആദ്യവാരം താമസം തുടങ്ങും. കൽപ്പറ്റ നഗരപരിധിയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലാണ് ആദ്യഘട്ടമായി 178 കുടുംബങ്ങൾ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് വൈകിയ താമസം ഇപ്പോൾ യാഥാർഥ്യമാകുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം കുടുംബങ്ങൾക്ക് താമസം തുടങ്ങാനായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ എത്തുന്നതിന് കുറച്ച് കാലതാമസം എടുക്കുമെന്നും അന്ന് അറിയിച്ചിരുന്നതാണ്. പിന്നീട് ഘട്ടം ഘട്ടമായി വീടുകളുടെ പണി പൂർത്തിയാക്കി താക്കോൽ കൈമാറി വരികയാണ്. ഇതുവരെ 145 വീടുകളുടെ താക്കോൽ വിതരണം പൂർത്തിയായി. ബാക്കി വീടുകളുടെ പണിയും അവസാനഘട്ടത്തിലാണ്.
ടൗൺഷിപ്പിൽ തൃപ്തരെന്ന് ഗുണഭോക്താക്കൾ
'നിലവിൽ മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. ചെറിയ പണികൾ മാത്രമാണുള്ളത്. അത് ചെയ്തുതരാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഇവിടെത്തന്നെ ആശങ്കയിൽ കഴിയുന്ന ചില കുടുംബങ്ങളുമുണ്ട്. അവർക്കും എത്രയും പെട്ടന്ന് പണികൾ പൂർത്തിയാക്കി വീട് നൽകണമെന്നതാണ് ആവശ്യം.
ഇപ്പോൾ 178 ആളുകളും ഒന്നിച്ച് താമസം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. എത്രയും പെട്ടെന്ന് മാറണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥർ വീടുകളെല്ലാം പരിശോധിച്ച് വരികയാണിപ്പോൾ. മഴക്കാലത്തിന് മുൻപ് ചില കോൺക്രീറ്റ് പണികളും എത്രയും പെട്ടെന്ന് ചെയ്യണം. അവ ചെയ്ത് തരാമെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. ചെയ്തു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൗൺഷിപ്പിൻ്റെ കാര്യത്തിൽ തൃപ്തനാണ്', എന്ന് ഗുണഭോക്താവായ രാമസ്വാമി പറഞ്ഞു.
ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി കിഫ്കോൺ, ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ പരിശോധന നടത്തിയ ശേഷമാണ് വീടുകൾ കൈമാറുന്നത്. ചില വീടുകളിൽ ചോർച്ച കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. 64 ഹെക്ടറിലധികം ഭൂമിയിലാണ് അഞ്ച് സോണുകളിലായി 410 വീടുകൾ നിർമ്മിക്കുന്നത്. ഓരോ കുടുംബത്തിനും ഏഴ് സെൻ്റ് സ്ഥലവും വീടുമാണ് ലഭിക്കുക.
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട പലർക്കും ഇപ്പോഴും വീട് അനുവദിക്കാത്തതിനെതിരെ പ്രതിഷേധവും ശക്തമാണ്. ദുരന്തം കവർന്നെടുത്ത ജീവിതങ്ങൾക്ക് പുതിയ പ്രതീക്ഷയാകുകയാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ്. വാടക വീടുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ഇനി സ്വന്തം വീട്ടിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണവും അന്തിമ ഗുണഭോക്തൃ പട്ടികയും ഇനി സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR