കേരളം പാപ്പരായ സംസ്ഥാനമെന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധവും; ആന്റണി പ്രസ്താവന തിരുത്തണമെന്ന് കെഎന് ബാലഗോപാല്
Thiruvanathapuram, 15 മെയ് (H.S.) കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എകെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രകടന പത്രികയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവ
B N Balagopal


Thiruvanathapuram, 15 മെയ് (H.S.)

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എകെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രകടന പത്രികയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ച സര്‍ക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവില്‍ നിന്ന് ധനവകുപ്പ് അനുവദിച്ചു നല്‍കുകയുണ്ടായതായും ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെഎസ്ആര്‍ടസിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അടക്കമുള്ള സൗജന്യങ്ങള്‍ ആദ്യം തന്നെ അനുവദിക്കാനുള്ള സാമ്പത്തിക സ്ഥിതി കേരളത്തിന് ഇല്ല എന്ന് എകെ ആന്റണി ഇന്നലെ പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണരൂപം

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ച സര്‍ക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവില്‍ നിന്ന് ധനവകുപ്പ് അനുവദിച്ചു നല്‍കുകയുണ്ടായി. സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി വാര്‍ഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വര്‍ഷം മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയിലധികമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാര്‍ഷിക ചെലവ്. കേന്ദ്രം നാനാവിധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ഡിഎയും ഡി ആറും അനുവദിച്ചു നല്‍കി. ഡി എ/ഡി ആര്‍ മുന്‍കാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നല്‍കാന്‍ നടപ്പു വര്‍ഷത്തെ ബജറ്റില്‍ പണം വകയിരുത്തുകയും ചെയ്തു.

സംസ്ഥാന ഖജനാവില്‍ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആര്‍.ടി.സിക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടര്‍ച്ചയായി കെഎസ്ആര്‍ടിസി കാര്‍ക്ക് ശമ്പളം മുടക്കമില്ലാതെ നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.

സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് 1000 രൂപ കണക്ട് വര്‍ക് സ്‌കോളര്‍ഷിപ്പായും കൃത്യമായി നല്‍കി. പട്ടികജാതി- പട്ടികവര്‍ഗ്ഗ മേഖലയിലെ സ്‌കോളര്‍ഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നല്‍കി.

സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവര്‍ഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ല്‍ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തില്‍ താഴെയാണ്. കടത്തിന്റെ കണക്കില്‍ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളില്‍ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.

തനത് വരുമാനം വര്‍ദ്ധിപ്പിച്ചും വരവ് ചെലവുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താന്‍ സര്‍ക്കാരിന് കഴിഞ്ഞത്. അഞ്ചുവര്‍ഷംകൊണ്ട് 47,000 കോടിയില്‍ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നല്‍കേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അര്‍ഹമായ കേന്ദ്രവിഹിതം നിവര്‍ത്തിച്ചു കിട്ടാന്‍ സുപ്രീംകോടതിയില്‍ കേരളം കേസു നല്‍കി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്‍പില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച് തമിഴ്‌നാടും കര്‍ണാടകയും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു.

അഞ്ചുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷന്‍ കേരളത്തിനുള്ള കേന്ദ്രവിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്ന ഡിവിസിബിള്‍ പൂളില്‍ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 2.382 % ആയി വര്‍ദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരില്‍ അഞ്ചുവര്‍ഷക്കാലം നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ വര്‍ദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വര്‍ഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവില്‍ അധികമായി വരാന്‍ പോകുന്നത്. 2026 മുതല്‍ 2031 വരെയുള്ള ഈ നിരക്ക് വര്‍ദ്ധനയുടെ ഗുണഭോക്താക്കള്‍ പുതിയ യുഡിഎഫ് സര്‍ക്കാരാണ്. അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.

ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സര്‍ക്കാരിന് ഞങ്ങള്‍ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 4000 കോടി രൂപ ഖജനാവില്‍ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോള്‍ പുതിയ യുഡിഎഫ് സര്‍ക്കാരിന് മുന്നിലുള്ളവ ചെറുതാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സര്‍ക്കാരുകളാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.

അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയാക്കിയും സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകര്‍ത്തും വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സര്‍ക്കാരുകള്‍ക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയില്‍ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വലിയാനുള്ള മുന്‍കൂര്‍ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂര്‍ണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്ത സര്‍ക്കാരുകളാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍. ആ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു എന്ന നിലയില്‍ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാന്‍.

---------------

Hindusthan Samachar / Sreejith S


Latest News