Enter your Email Address to subscribe to our newsletters

Iritty, 15 മെയ് (H.S.)
ഇരിട്ടി: മലയോര മേഖലയുടെ വികസനക്കുതിപ്പിന് കരുത്തേകുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേ നവീകരണ പ്രവൃത്തികൾ വീണ്ടും വിവാദച്ചുഴിയിൽ. വള്ളിത്തോട് മുതൽ മണത്തണ വരെയുള്ള 25.3 കിലോമീറ്റർ ദൂരത്തെ നവീകരണമാണ് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവൃത്തികൾ പൂർത്തിയാക്കാതെയും അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്. എസ്റ്റിമേറ്റിൽ പറയുന്ന പ്രവൃത്തികൾ പൂർത്തിയാക്കാതെ കരാർ കാലാവധി തീർന്നു എന്ന പേരിൽ പണി അവസാനിപ്പിക്കാനാണ് കരാറുകാരും ചില ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്.
നിർമ്മാണം നിലച്ചു; പരാതിയുമായി നാട്ടുകാർ
റോഡരിക് കോൺക്രീറ്റ് (ഐറിഷ് കോൺക്രീറ്റ്) ഇരുവശങ്ങളിലുമായി ഏകദേശം 16 കിലോമീറ്ററോളം ഇനിയും പൂർത്തിയാക്കാനുണ്ട്. കൂടാതെ, ഓവുചാൽ നിർമ്മാണവും പലയിടങ്ങളിലും പാതിവഴിയിലാണ്. അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ പരിധിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ കെ.ആർ.എഫ്.ബി (KRFB) പ്രതിനിധികളും കരാറുകാരും നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. എടൂരിലെ വെമ്പുഴയിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയിലെ അപാകതകൾ പരിഹരിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല.
എസ്റ്റിമേറ്റ് തുകയിൽ വൻ വർധന
പദ്ധതിയുടെ സാമ്പത്തിക വശങ്ങളിലും വലിയ ദുരൂഹതയുണ്ടെന്നാണ് ആരോപണം. 2021-ൽ 50.47 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് പിന്നീട് 52.91 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന പേരിൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക 83.17 കോടിയായി ഉയർത്തി. ഇത്തരത്തിൽ ഇരട്ടിയോളം തുക വർധിപ്പിച്ചിട്ടും പണികൾ കൃത്യമായി നടക്കാത്തതാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.
സാങ്കേതിക ലംഘനങ്ങൾ
റോഡരിക് കോൺക്രീറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത മഴവെള്ളം ഒലിച്ചിറങ്ങി റോഡ് തകരാതിരിക്കാനാണ്. 20 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ട സ്ഥാനത്ത് പലയിടത്തും 8 മുതൽ 12 സെന്റിമീറ്റർ വരെ മാത്രമാണ് കനമുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും കോൺക്രീറ്റിംഗ് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് പോകുന്ന ഇടങ്ങളിൽ ജി.എസ്.ബി (GSB) ഇട്ടതിനു ശേഷം വേണം കോൺക്രീറ്റ് ചെയ്യാൻ. ഇതിനായുള്ള തുക ജല അതോറിറ്റി നൽകിയിട്ടുണ്ടെങ്കിലും ഈ പ്രവൃത്തികളും കാര്യക്ഷമമല്ല.
ലക്ഷ്യം സംസ്ഥാനാന്തര പാത നിലവാരം
നിലവിലുള്ള 5.5 - 6 മീറ്റർ വീതിയുള്ള റോഡ് 9 മീറ്ററായി ഉയർത്തുന്നതിനൊപ്പം കാൽനടയാത്രക്കാർക്കുള്ള സൗകര്യം, പാർശ്വഭിത്തികൾ, പ്രധാന പാലങ്ങളുടെ പുനർനിർമ്മാണം എന്നിവയും പദ്ധതിയിലുണ്ട്. എന്നാൽ ഈ സൗകര്യങ്ങളെല്ലാം പേപ്പറിൽ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയിലാണ് മലയോര ജനത. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കമ്മീഷൻ ചെയ്യേണ്ടിയിരുന്ന റോഡ് ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി ഇപ്പോൾ അപൂർണ്ണമായ അവസ്ഥയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പണികൾ പൂർത്തിയാക്കാതെ ബില്ലുകൾ മാറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ഭരണകൂടങ്ങളും.
---------------
Hindusthan Samachar / Roshith K