Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 മെയ് (H.S.)
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേല്‍ വീണ്ടും അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.
തെറ്റായ നയങ്ങള്‍ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വന്‍ വിലവര്‍ധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍, വീണ്ടും വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികള്‍ ഒരുവിധ ന്യായീകരണവും അര്‍ഹിക്കുന്നില്ല.
ഇന്ധനവില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുക തൊഴിലാളികളും കര്‍ഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 3 രൂപയോളം വീതം വര്‍ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് എണ്ണക്കന്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തില്‍ വര്‍ധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് 108.62 രൂപയായി. ഡീസല്‍ വില ലിറ്ററിന് 97.55 രൂപയായും ഉയര്‍ന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതിനൊപ്പം സിഎന്‍ജി വിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎന്‍ജി വില വര്‍ധിപ്പിച്ചത്.
---------------
Hindusthan Samachar / Sreejith S