Enter your Email Address to subscribe to our newsletters

Chandigarh, 16 മെയ് (H.S.)
ഹരിയാനയിലെ 590 കോടിയുടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തട്ടിപ്പുകേസിൽ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ അന്വേഷിക്കാൻ സിബിഐക്ക് സംസ്ഥാന സർക്കാരിൻ്റെ അനുമതി. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ പ്രകാരമാണ് അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയത്. ഇതോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസിക്ക് സാധിക്കും.
അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് അനുസരിച്ച്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം നടത്താൻ പൊലീസിനോ മറ്റ് കേന്ദ്ര ഏജൻസികൾക്കോ സാധിക്കില്ല.
സർക്കാരിൻ്റെ ഈ പുതിയ തീരുമാനത്തോടെ, പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സിബിഐക്ക് കഴിയും. സർക്കാർ ഫണ്ടുകൾ സ്വകാര്യ ബാങ്കുകളിലേക്ക് മാറ്റുന്നതിനും അവിടെ നിക്ഷേപിക്കുന്നതിനും വിവിധ വകുപ്പുകൾ നിയമവിരുദ്ധമായി നൽകിയിട്ടുള്ള ഭരണപരമായ അനുമതികൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്.
റെയ്ഡും തെളിവെടുപ്പുംബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചണ്ഡിഗഡിലെയും പഞ്ചകുളയിലെയും വിവിധ ഇടങ്ങളിൽ സിബിഐ വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിർണായകമായ സാമ്പത്തിക രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥർ ഹരിയാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വലിയ തോതിൽ സർക്കാർ ഫണ്ട് വകമാറ്റിയെന്നാണ് പ്രധാന ആരോപണം.
ഭരണരംഗത്തെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് പ്രതികൾ അനധികൃതമായി പണം തട്ടിയത്. ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഒത്തുകളിച്ചതായി വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വ്യക്തമാക്കുന്നത്. കേസിൽ ഇതുവരെ 16 പ്രതികളെ വിവിധ ഇടങ്ങളിൽ നിന്നായി കേന്ദ്ര അന്വേഷണ ഏജൻസി മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കും ഉയർന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റിനും സാധ്യതയുണ്ട്.
തുടക്കം അന്വേഷണ കമ്മിറ്റിയിൽ നിന്ന്
ഈ വർഷം ഫെബ്രുവരിയിൽ ഹരിയാന ഗ്രാമവികസന, പഞ്ചായത്ത് ജനറൽ ഡയറക്ടർ രൂപീകരിച്ച ഒരു പ്രത്യേക അന്വേഷണ കമ്മിറ്റിയാണ് ഈ വൻ സാമ്പത്തിക തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലും എയു സ്മോൾ ഫിനാൻസ് ബാങ്കിലും സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള അക്കൗണ്ടുകളിൽ ഈ കമ്മിറ്റി വിശദമായ പരിശോധന നടത്തി.
ഇതിലൂടെ കമ്മിറ്റിക്ക് വലിയ ക്രമക്കേടുകളും വൈരുധ്യങ്ങളും കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഹരിയാന സർക്കാർ വക്താവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പണാപഹരണം വ്യക്തമായതിനെ തുടർന്ന് കമ്മിറ്റിയുടെ റിപ്പോർട്ടും അനുബന്ധ രേഖകളും അടിസ്ഥാനമാക്കി വിശദമായ ക്രിമിനൽ അന്വേഷണത്തിനായി കേസ് ഹരിയാന സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പിന്നീട് നിർണായകമായ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.
സിബിഐ അന്വേഷണത്തിലേക്ക്
പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം ആവശ്യമായി വന്നതോടെയാണ് ഫെബ്രുവരി 23ന് പഞ്ചകുളയിലുള്ള വിജിലൻസ് പൊലീസ് സ്റ്റേഷനിൽ ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമം, പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് നടപടികൾ ആരംഭിച്ചത്.
എന്നാൽ വലിയ തോതിലുള്ള സാമ്പത്തിക തിരിമറികൾ നടന്നിട്ടുള്ളതിനാലും വൻകിട ബാങ്കുകൾക്കും ഉന്നതരായ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുള്ളതിനാലും അന്വേഷണം പിന്നീട് സർക്കാരിൻ്റെ നിർദേശത്തോടെ സിബിഐക്ക് വിടുകയായിരുന്നു. സിബിഐ ഏറ്റെടുത്തതോടെ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും കണ്ണികൾ പൊട്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ ഈ വൻ തട്ടിപ്പ് സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR