Enter your Email Address to subscribe to our newsletters

Kochi , 16 മെയ് (H.S.)
ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടില് സർവീസ് നടത്തുന്ന രണ്ട് റോ-റോ വെസലുകള് അടിയന്തരമായി ഡ്രൈ ഡോക്ക് ചെയ്യാനൊരുങ്ങി കൊച്ചി കോർപ്പറേഷൻ.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന അറ്റകുറ്റപ്പണികള് വൈകിയതാണ് ഈ തീരുമാനത്തിന് പിന്നില്. നിലവില് കപ്പലുകള്ക്ക് സുരക്ഷാ പ്രശ്നങ്ങളും മറ്റ് തകരാറുകളും നേരിടുന്നതായാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പലപ്പോഴായി നീട്ടിവച്ച ഡ്രൈ ഡോക്കിങ് ആണ് വേഗത്തിലാക്കാൻ ശ്രമിക്കുന്നത്.
അതിനിടെ കെഎസ്ഐഎൻസിയുമായുള്ള (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) പ്രവർത്തന കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ദീർഘകാല നഷ്ടങ്ങളും ഉയർന്ന സബ്സിഡികളും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടില് അറ്റകുറ്റപ്പണികള്ക്കും വാർഷിക ഡ്രൈ ഡോക്കിംഗിനുമുള്ള ഭീമമായ ചെലവുകള് എടുത്തു കാണിക്കുകയും കെഎസ്ഐഎൻസിയുടെ വരുമാന-ചെലവ് കണക്കുകളില് പൊരുത്തക്കേടുകള് കണ്ടെത്തുകയും ചെയ്തിരുന്നു.
കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാൻ കൗണ്സിലർമാർ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്ക് അനുമതി നല്കി. സെക്രട്ടറി തയ്യാറാക്കുന്ന റിപ്പോർട്ട് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സർവകക്ഷിയോഗത്തില് ചർച്ച ചെയ്യും. എല്ലാ നിയമപരമായ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ മേയർ വികെ മിനിമോള് നിർദേശം നല്കിയിട്ടുമുണ്ട്.
ഒരേ സമയം രണ്ട് ഫെറികളും ഡ്രൈ ഡോക്ക് ചെയ്യുന്നത് ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിലെ സർവീസുകളെ കാര്യമായി ബാധിക്കും. തൊഴിലാളികള്ക്കും വിദ്യാർത്ഥികള്ക്കും വിനോദസഞ്ചാരികള്ക്കും കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിലൊന്നാണിത്. നിലവില് ഒരു റോ-റോ രാത്രി 8 മണിക്ക് സർവീസ് അവസാനിപ്പിക്കുന്നതിനാല് രാത്രി 10 മണിയുടെ കപ്പലില് കനത്ത തിരക്ക് അനുഭവപ്പെടാറുണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മുൻ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, കെഎസ്ഐഎൻസി സമർപ്പിച്ച ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസിന്റെ കണക്കുകള് പൂർണ്ണമായി വിശ്വസനീയമല്ല. മികച്ച വരുമാനം ഉണ്ടായിട്ടും സർവീസ് നഷ്ടത്തിലായിരുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. കെഎസ്ഐഎൻസിക്ക് 77 ലക്ഷം രൂപയോളം കൊച്ചി കോർപ്പറേഷൻ നല്കാനുണ്ട്.
രണ്ട് കപ്പലുകളുടെ അറ്റകുറ്റപ്പണികള്ക്കും ഡ്രൈ ഡോക്കിംഗിനും റിപ്പയറിനും ലൈസൻസുകള്ക്കുമായി കോർപ്പറേഷൻ ഇതിനോടകം 10 കോടി രൂപയിലേറെ ചെലവഴിച്ചു. എന്നിട്ടും ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും വഹിക്കുന്ന കെഎസ്ഐഎൻസി കോർപ്പറേഷനില് നിന്ന് പണം ലഭിക്കാനുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. കണക്കുകളില് ക്രമക്കേടുകളുണ്ടെന്നും ഇത് കൊള്ളയാണെന്നും പലരും ആരോപിച്ചിരുന്നു.
മുമ്പ് നടത്തിയ പരിശോധനകളില് ടിക്കറ്റുകളുടെ നിറങ്ങളില് വ്യത്യാസങ്ങളും കാലഹരണപ്പെട്ട ടിക്കറ്റുകളുടെ ഉപയോഗവും ശ്രദ്ധയില്പ്പെട്ടിരുന്നു. ഒരു അപ്രതീക്ഷിത പരിശോധനയില്, ഒരു വെസലിന് വലിയ വാഹനങ്ങളില് നിന്ന് മാത്രം ഒരു ലക്ഷം രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ലഭിച്ചതായി കണ്ടെത്തി. കെഎസ്ഐഎൻസി പ്രതിമാസ വരുമാനം 25 ലക്ഷത്തില് താഴെയാണെന്ന് പറയുമ്പോള്, പ്രതിദിനം കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കുമെന്നാണ് ഓഡിറ്റർമാർ കണക്കാക്കുന്നത്.
ഈ സാഹചര്യത്തില്, പുതിയ ഓപ്പറേറ്റർമാരെ കണ്ടെത്താൻ കൊച്ചി കോർപ്പറേഷൻ ശ്രമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയ്ക്ക് ചുമതല കൈമാറുന്നതോ സ്വകാര്യ കരാറുകാർക്കായി തുറന്ന ടെൻഡർ ക്ഷണിക്കുന്നതോ ആയ സാധ്യതകള് പരിഗണിക്കുന്നുണ്ട്. കെഎസ്ഐഎൻസിയെയോ സ്വകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്നതിനേക്കാള് നല്ലത് നേരിട്ടുള്ള കോർപ്പറേഷൻ നിയന്ത്രണമാണെന്ന് ചില കൗണ്സിലർമാർ വാദിക്കുന്നു.
ഫോർട്ട് കൊച്ചിയിലെ നാവിഗേഷൻ ചാനലില് അടുത്തിടെ ഒരു കപ്പലും ബാർജും തമ്മിലുണ്ടായ കൂട്ടിയിടിയും ജെട്ടികളിലെ തകരാറുകളും ഉള്പ്പെടെ സുരക്ഷാ ആശങ്കകളും ഈ സർവീസിനുണ്ട്. പ്രവർത്തന സമയം വർധിപ്പിക്കാനും കൂടുതല് വിശ്വസനീയമായ സമയക്രമം ഏർപ്പെടുത്താനും യാത്രക്കാർ ആവശ്യപ്പെടുന്നു.
പുതിയ ഫെറി സർവീസിനെത്തുകയും അടിയന്തര ഡ്രൈ ഡോക്കിംഗ് പൂർത്തിയാവുകയും ചെയ്യുന്നത് വരെ, ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയമായ ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് സുരക്ഷിതമായും സാമ്പത്തിക ഭാരമില്ലാതെയും നിലനിർത്താൻ കൊച്ചി കോർപ്പറേഷൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR